

ഉയരം കൂട്ടാനുള്ള വഴികൾ തേടി കൗമരക്കാർ കാൻസർ മരുന്നുകൾ വ്യാപകമായി കഴിക്കുന്നതായി റിപ്പോർട്ട്. ഉയരം കൂട്ടുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയ ‘ഹൈറ്റ്മാക്സിങ്’ ആശങ്ക ഉയർത്തുന്നതായാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഗുരുതരമായ മൂത്രാശയ കാൻസറുകൾക്ക് ഉപയോഗിക്കുന്ന എർഡാഫിറ്റിനിബ് എന്ന മരുന്ന് കഴിക്കുന്നത് കൗമാരക്കാർക്കിടയിൽ വർധിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഉയരം എന്നത് ശരീരത്തിന്റെ അളവായി മാത്രം കാണാതെ രൂപഭംഗിക്ക് വലിയ പ്രാധാന്യം നൽകുന്ന പുതിയ തലമുരയിൽ ഉയരത്തിലെ നേരിയ കുറവ് പോലും ആത്മവിശ്വാസത്തെ സ്വാധീനിക്കുന്ന ഘടകമായി മാറുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘ഹൈറ്റ്മാക്സിങ്’ എന്ന ട്രെൻഡ്. ഉയരം കൂടുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാരുടെ നിർദേശം പോലും സ്വീകരിക്കാതെയാണ് കൗമാരക്കാർ കാൻസർ മരുന്നുകൾ പരീക്ഷിക്കുന്നത്.
എന്താണ് ഹൈറ്റ്മാക്സിങ്?
ഉയരക്കൂടുതൽ ആകർഷണമായും ആത്മവിശ്വാസത്തിന്റെ അടയാളമായും കണ്ട് അവ വർധിപ്പിക്കാനുള്ള ശ്രമത്തിനെയാണ് ഹൈറ്റ്മാക്സിങ് എന്ന് പറയുന്നത്. മുഖസൗന്ദര്യം, ശരീരഘടന, വസ്ത്രധാരണം തുടങ്ങിയവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന 'ലുക്ക്സ്മാക്സിങ്' എന്ന ട്രെൻഡിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ ഹൈറ്റ്മാക്സിങ്ങും പ്രചാരം നേടിയത്.
ചില കൗമാരക്കാർ എർഡാഫിറ്റിനിബ് എന്ന മരുന്ന് ‘എർഡ’ എന്ന ചുരുക്കപ്പേരിൽ അവ ഉപയോഗിച്ചതിന്റെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതായും റിപ്പോർട്ടുണ്ട്. മരുന്നിന്റെ അളവ്, ഉയരത്തിലെ മാറ്റങ്ങൾ, അവയുടെ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ചും ചിലർ സമൂഹമാധ്യമങ്ങളിൽ അനുഭവം പങ്കുവെക്കുന്നുണ്ട്.
കാൻസർ മരുന്നിന് പിന്നാലെ പോകുന്നത് എന്തുകൊണ്ട്?
ബാൽവെർസ എന്ന പേരിൽ വിപണിയിലെത്തുന്ന എർഡാഫിറ്റിനിബിന് 2019ലാണ് ഗുരുതരമായ മൂത്രാശയ കാൻസറുകൾക്ക് ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചത്. ഗുരുതരമായ മസ്തിഷ്ക മുഴകൾ ബാധിച്ച കുട്ടികൾക്ക് ഈ മരുന്ന് നൽകിയപ്പോൾ അപ്രതീക്ഷിതമായ അസ്ഥിവളർച്ച ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉയരവുമായുള്ള ഇതിന്റെ ബന്ധത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. 2024ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും എർഡാഫിറ്റിനിബ് ചികിത്സയ്ക്ക് വിധേയനായ കുട്ടിയിൽ അസ്ഥി വളർച്ച ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ഉയരം വർധിപ്പിക്കാൻ ഈ മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്സ് വിഭാഗം ലീഡ് സീനിയർ കൺസൾട്ടന്റായ ഡോ. പരിമള വി. തിരുമലേഷ് ഈ ട്രെൻഡിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. ചില പ്രത്യേകതരം ഗുരുതര മൂത്രാശയ കാൻസറുകളുടെ ചികിത്സക്കായി ചോക്ടർമാരുടെ കുറിപ്പോടെ മാത്രം ഉപയോഗിക്കുന്ന മരുന്നാണ് എർഡാഫിറ്റിനിബ്. ഉയരം വർധിപ്പിക്കാനുള്ള മരുന്നായി ഇവ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
കാഴ്ചയെ ബാധിക്കുന്ന റെറ്റിന സംബന്ധമായ പ്രശ്നങ്ങൾ, വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടാകുന്ന വ്രണങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾക്കും ഈ മരുന്ന് കാരണമാകുമെന്നും അതിനാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ മരുന്ന് ഉപയോഗിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
The viral ‘heightmaxxing’ trend is raising health concerns as teenagers reportedly experiment with erdafitinib, a cancer drug, in an attempt to increase their height. Doctors warn that using the prescription medication without medical supervision can cause serious side effects, highlighting the growing risks of appearance-driven trends on social media.