

മുംബൈയിൽ കുടുംബത്തിലെ നാല് പേരുടെ മരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുകയാണ്. സംഭവത്തിൽ തണ്ണിമത്തൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് റിപ്പോർട്ടുകൾ കാത്തിരിക്കുകയാണ് അധികൃതർ.
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് രാത്രി ബിരിയാണി കഴിച്ചു. തുടർന്ന് ബന്ധുക്കൾ മടങ്ങിയതിനുശേഷം വീട്ടിൽ ഉണ്ടായിരുന്ന തണ്ണിമത്തൻ കഴിച്ച നാല് പേരും മണിക്കൂറുകൾക്കുള്ളിൽ അസ്വസ്ഥരായി. ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തണ്ണിമത്തനും ബിരിയാണിയിലെ ചേരുവകളും വിരുദ്ധാഹാരമായിരുന്നോയെന്ന സംശയവും ഉയർന്നു വരുന്നുണ്ട്.
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, തണ്ണിമത്തൻ പോലുള്ള പഴങ്ങളും ചില സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. അതിലെ ഉയർന്ന ജലാംശവും സ്വാഭാവിക പഞ്ചസാരയും ബാക്ടീരിയ വേഗത്തിൽ വളരാൻ അനുകൂലമാകും. ചിലപ്പോൾ മധുരം വർധിപ്പിക്കാൻ ഗ്ലൂക്കോസ് വെള്ളം ചേർക്കുന്ന പ്രവണതയും അപകട സാധ്യത ഉയർത്തും.
ഡയറ്റീഷ്യന്മാരുടെ നിർദ്ദേശപ്രകാരം, തണ്ണിമത്തൻ ഭഷ്യയോഗ്യമല്ലാതാവുമ്പോൾ സാൽമൊനെല്ല (Salmonella), ഇ. കോലി (E. coli), ലിസ്റ്റീരിയ (Listeria) തുടങ്ങിയ രോഗാണുക്കൾ വഴി വിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം മറ്റു ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, രാത്രി വൈകി തണ്ണിമത്തൻ കഴിക്കുന്നത് നേരിട്ട് വിഷബാധയ്ക്ക് കാരണമാകാറില്ല. എന്നാൽ, രാത്രി രാത്രി 8 മണിക്ക് ശേഷം ദഹനം മന്ദഗതിയിലാക്കുന്നു , കേടുവന്ന ഭക്ഷണം കഴിച്ചാൽ അസ്വസ്ഥതയുണ്ടാകാമെന്നാണ്. രാവിലെയും, ഭക്ഷണങ്ങൾക്കിടയിലും, പകൽ സമയത്ത് ലഘുഭക്ഷണമായും തണ്ണിമത്തൻ കഴിക്കുന്നത് അപകടസാധ്യത കുറയ്ക്കും.
സുരക്ഷിതമായി കഴിക്കൂ… അപകടം ഒഴിവാക്കൂ…
വേനൽക്കാലത്ത് പഴങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. പഴങ്ങൾ മുറിക്കുന്നതിന് മുമ്പ് അവയുടെ പുറംതോട് നന്നായി കഴുകണം. പൊടി, മലിനീകരണം, കീടനാശിനികളുടെ അവശിഷ്ടങ്ങൾ എന്നിവ ഇതിലൂടെ നീക്കം ചെയ്യാൻ സാധിക്കും.
മുറിച്ച പഴങ്ങൾ ദീർഘസമയം തുറന്ന സ്ഥലത്ത് വയ്ക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് ഇടയാക്കുന്നതിനാൽ, ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ വേഗത്തിൽ ഉപയോഗിക്കുകയോ ചെയ്യണം. കൂടാതെ, ഏറെ നേരം പുറത്തുവെച്ച പഴങ്ങൾ ഒഴിവാക്കുകയും, ദുർഗന്ധമോ രുചിവ്യതിയാനമോ അനുഭവപ്പെടുന്ന പഴങ്ങൾ ഉപയോഗിക്കരുത്.
സാധാരണയായി പാചകം ചെയ്ത ഭക്ഷണങ്ങളിൽ നിന്നാണ് ഭക്ഷ്യവിഷബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നിരുന്നാലും, ഈ സംഭവത്തിൽ തണ്ണിമത്തനാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഭക്ഷ്യസുരക്ഷയും ശുചിത്വവും പാലിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നിർണായകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
English Summary: A Mumbai family of four died after suspected food poisoning, possibly linked to watermelon consumed late at night after dinner. Authorities are investigating the exact cause, with food samples under testing. Experts stress food hygiene and safe fruit consumption practices.