

ഹന്താവൈറസ് രോഗം സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. 150 ഓളം യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പൽ കർശനമായ അന്താരാഷ്ട്ര പൊതുജനാരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ടെനറൈഫിന് സമീപം നങ്കൂരമിട്ടത്. സ്പാനിഷ് സർക്കാർ, ലോകാരോഗ്യ സംഘടന, മറ്റ് ആരോഗ്യ ഏജൻസികൾ എന്നിവരാണ് നിലവിൽ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നത്. മൂന്ന് മരണങ്ങൾക്ക് കാരണമായതിന് പിന്നാലെ മെയ് 4 ന് ആണ് ലോകാരോഗ്യ സംഘടന കപ്പലിൽ വൈറസിന്റെ ആൻഡീസ് വകഭേദം സ്ഥിരീകരിച്ചത്.
നിലവിൽ കപ്പലിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിയ യാത്രക്കാരിലും വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഫ്രാൻസിലേക്ക് മടങ്ങിയ അഞ്ച് യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയും പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു. അതുപോലെ അമേരിക്കയിൽ തിരിച്ചെത്തിയ 17 പേരിൽ ഒരാൾക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്, എങ്കിലും ഇയാൾക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. സ്പെയിനിലും ഫ്രാൻസിലും എത്തിയ യാത്രക്കാരെ പ്രത്യേക ആംബുലൻസുകളിൽ ആശുപത്രികളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി രോഗവ്യാപനത്തിന്റെ തോത് വിലയിരുത്താനാണ് അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനം
ഹന്താവൈറസിന്റെ ആൻഡീസ് വിഭാഗത്തിന് ആറ് ആഴ്ച വരെയാണ് ഇൻകുബേഷൻ പിരീഡ്. അതിനാൽ, കപ്പലിലുണ്ടായിരുന്നവർക്ക് 42 ദിവസത്തെ ക്വാറന്റൈനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത്. ഓരോ ദിവസവും കൃത്യമായ ആരോഗ്യപരിശോധനകളും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ഡോ. മരിയ വാൻ കെർഖോവ് വ്യക്തമാക്കി. കപ്പലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് വേറെ ഒരാളുമായി സമ്പർക്കം പുലർത്താൻ അനുവാദമില്ല. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകമായി തരംതിരിച്ചാണ് ഒഴിപ്പിക്കുന്നത്
കപ്പലിലെ ജീവനക്കാരായി രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്നും അവർ നിലവിൽ ആരോഗ്യവാന്മാരാണെന്നും മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. വൈറസ് രാജ്യത്തേക്ക് കടക്കുന്നത് തടയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) തങ്ങളുടെ 165 ലബോറട്ടറികൾ ഉൾപ്പെടുന്ന 'വൈറൽ ഷീൽഡ്' സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഹന്താവൈറസ് കോവിഡ് പോലെ വായുവിലൂടെ പെട്ടെന്ന് പടരുന്ന ഒന്നല്ലെന്നും, പൊതുജനങ്ങളിലേക്കുള്ള വ്യാപന സാധ്യത കുറവാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ഉറപ്പുനൽകുന്നത്. എന്നിരുന്നാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുൻകരുതൽ നടപടികൾ കർശനമാക്കിയിട്ടുണ്ട്
English Summary: Passengers and crew aboard the MV Hondius cruise ship were evacuated after a confirmed Andes hantavirus outbreak caused three deaths. International health agencies, including WHO, initiated quarantine, testing, and monitoring measures as affected travelers were repatriated from the Canary Islands