വായിലെ പ്രശ്‌നങ്ങള്‍ പല്ലിനെ മാത്രമല്ല ഹൃദയ, മസ്തിഷ്‌കാരോഗ്യത്തിലും പ്രധാനം- പഠനം

വായശുചിത്വക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനം
വായിലെ പ്രശ്‌നങ്ങള്‍ പല്ലിനെ മാത്രമല്ല ഹൃദയ, മസ്തിഷ്‌കാരോഗ്യത്തിലും പ്രധാനം- പഠനം
Published on

വായയുടെ ശുചിത്വം ദന്താരോഗ്യത്തില്‍ പ്രധാനമാണ്, എന്നാല്‍ അതിനപ്പറും ആരോഗ്യ പ്രാധാന്യം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മോണരോഗങ്ങളും വായയിലെ ബാക്ടീരിയകളും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വായയിലെ ശുചിത്വക്കുറവ് ബാക്ടീരിയകള്‍ വളരാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഈ അണുക്കള്‍ പിന്നീട് രക്തത്തിലേക്ക് കടന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്താം. ഇത്തരത്തിലുള്ള അണുബാധകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും രക്തക്കുഴലുകളെയും പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വായയില്‍ ഉണ്ടാകുന്ന അണുബാധ മൂലമുള്ള വീക്കം ഹൃദയത്തിന്റെ ആന്തരിക പാളിയില്‍ അണുബാധ ഉണ്ടാക്കാന്‍ ഇടയാക്കാം. ‘എന്‍ഡോകാര്‍ഡിറ്റിസ്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതാണ്. ചില ദന്തബാക്ടീരിയകള്‍ ധമനികളില്‍ തടസം സൃഷ്ടിക്കാനും അതുവഴി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോണരോഗമുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന കണ്ടെത്തലും വിവിധ പഠനങ്ങളില്‍ ഉണ്ട്. വായയിലെ മോശം ശുചിത്വം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) അണുബാധയ്ക്കും വഴിവെക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് പിന്നീട് ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിലൊന്നായി മാറാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വായിലെ പ്രശ്‌നങ്ങള്‍ പല്ലിനെ മാത്രമല്ല ഹൃദയ, മസ്തിഷ്‌കാരോഗ്യത്തിലും പ്രധാനം- പഠനം
എപ്പോഴും ക്ഷീണം, അനാവശ്യ ദേഷ്യം, ‘ബേൺഔട്ട്’ ആകാം കാരണം

മുതിര്‍ന്നവരില്‍ ദന്തരോഗങ്ങള്‍ പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നുവെന്ന നിരീക്ഷണവും ഗവേഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മോണരോഗമുള്ളവര്‍ക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കാഴ്ചയെയും ശരീരത്തിന്റെ ചലനശേഷിയെയും ബാധിക്കുന്ന അവസ്ഥകളിലേക്ക് നയിക്കാം. 2019ല്‍ നടത്തിയ ഒരു പഠനത്തില്‍ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ദന്തപ്രശ്‌നങ്ങള്‍ പിന്നീട് ധമനികള്‍ അടയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രായം കൂടുന്നതിനനുസരിച്ച് വായിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. യൗവനത്തില്‍ മതിയായ ദന്തചികിത്സ ലഭിക്കാത്തവര്‍ക്ക് പിന്നീടുള്ള ജീവിതത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്നതിലും വായയിലെ ബാക്ടീരിയകള്‍ക്ക് സ്വാധീനമുണ്ടാകാമെന്ന കണ്ടെത്തലും അടുത്തിടെ പുറത്തുവന്നിരുന്നു. ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലുള്ളത്. ജേണല്‍ ഓഫ് ഓറല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം മോണരോഗത്തിന് കാരണമാകുന്ന ‘പോര്‍ഫിറോമോണസ് ജിംഗിവാലിസ്’ എന്ന ബാക്ടീരിയയെ കേന്ദ്രീകരിച്ചായിരുന്നു. മോണയില്‍ വീക്കം, രക്തസ്രാവം, ഗുരുതരാവസ്ഥയില്‍ പല്ല് നഷ്ടപ്പെടല്‍ വരെ ഉണ്ടാക്കാന്‍ കഴിവുള്ള ബാക്ടീരിയയാണിത്. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ‘ജിഞ്ചിപെയിന്‍’ എന്ന പ്രോട്ടീന്‍ ശരീരത്തിലെ കോശങ്ങള്‍ക്കും കലകള്‍ക്കും കേടുപാടുകള്‍ വരുത്താന്‍ കഴിവുള്ളതാണെന്ന് പഠനം വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിലും ഈ ഘടകം പങ്കുവഹിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

വായിലെ പ്രശ്‌നങ്ങള്‍ പല്ലിനെ മാത്രമല്ല ഹൃദയ, മസ്തിഷ്‌കാരോഗ്യത്തിലും പ്രധാനം- പഠനം
സംഗതി അലക്കി മടക്കിക്കിത്തരും, പക്ഷേ ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന ശുചിത്വ ഭീഷണി

ഇത് പരിശോധിക്കുന്നതിനായി ജിഞ്ചിപെയിന്‍ ഉത്പാദിപ്പിക്കാത്ത പ്രത്യേക ബാക്ടീരിയയെ ഗവേഷകര്‍ സൃഷ്ടിച്ചു. തുടര്‍ന്ന് അത് സാധാരണ ബാക്ടീരിയകളുമായി താരതമ്യം ചെയ്തപ്പോള്‍, ജിഞ്ചിപെയിന്‍ ഇല്ലാത്ത ബാക്ടീരിയ ബാധിച്ച കോശങ്ങള്‍ ആരോഗ്യകരമായി തുടരുന്നതായി കണ്ടെത്തി. എന്നാല്‍ സാധാരണ ബാക്ടീരിയകളുമായി സമ്പര്‍ക്കത്തിലായ കോശങ്ങള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. വായയുടെ ആരോഗ്യം അവഗണിക്കരുതെന്നും സ്ഥിരമായ ദന്തപരിശോധനയും ശുചിത്വപരിപാലനവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

English Summary: New research highlights a strong link between poor oral hygiene and serious health issues such as heart disease, stroke, and vascular complications. Harmful oral bacteria may enter the bloodstream, causing inflammation and damage to vital organs.

Madism Digital
madismdigital.com