ആഗോള കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താപനില ഉയര്ത്തുക മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ച് ചര്മ്മത്തിന് വലിയ ഭീഷണിയുയര്ത്തുന്നതായി പുതിയ ആഗോള പഠനങ്ങള്. സമുദ്രനിരപ്പ് ഉയരുന്നതിനെയും പ്രകൃതിദുരന്തങ്ങളെയും കുറിച്ച് നാം സംസാരിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതുന്ന മനുഷ്യശരീരത്തിലെ പ്രധാന പ്രതിരോധിയായ 'ചര്മ്മം' നേരിടുന്ന പ്രത്യാഘാതങ്ങള് പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
ലോകമെമ്പാടുമുള്ള 136 രാജ്യങ്ങളെ ഉള്പ്പെടുത്തി ഇന്റര്നാഷണല് ലീഗ് ഓഫ് ഡെര്മറ്റോളജിക്കല് സൊസൈറ്റീസും ലൊറിയാല് ഡെര്മറ്റോളജിക്കല് ബ്യൂട്ടിയും സംയുക്തമായി സംഘടിപ്പിച്ച 'ഗ്ലോബല് ആക്സസ് ടു സ്കിന് ഹെല്ത്ത് ഒബ്സര്വേറ്ററി' പഠനം അനുസരിച്ച്, 40 ശതമാനത്തിലധികം രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ചര്മ്മ രോഗങ്ങളില് വര്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിയന്നയില് നടന്ന 'യൂറോപ്യന് അക്കാദമി ഓഫ് ഡെര്മറ്റോളജി ആന്ഡ് വെനെറോളജി' കോണ്ഗ്രസിലാണ് ഈ നിര്ണ്ണായക പഠനം അവതരിപ്പിച്ചത്.
വില്ലനാകുന്ന കാലാവസ്ഥ; വലയുന്ന പിന്നാക്ക രാജ്യങ്ങള്
കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന മാത്രം നല്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല് അനുഭവിക്കുന്നത് എന്നതാണ് ഈ പഠനത്തിലെ ഏറ്റവും ദൗര്ഭാഗ്യകരമായ കണ്ടെത്തല്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന മാത്രം നല്കുന്ന രാജ്യങ്ങളിലാണ് ഇത്തരം ചര്മ്മരോഗ മാറ്റങ്ങള് കൂടുതലായി റിപ്പോര്ട്ട് ചെയ്യുന്നത്. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ്, കാരണം ഈ രോഗങ്ങളെ നേരിടാനുള്ള വിഭവങ്ങള് ഏറ്റവും കുറവുള്ളതും ഈ രാജ്യങ്ങള്ക്കാണ്.
കുറഞ്ഞ വരുമാനമുള്ള പല രാജ്യങ്ങളും കടുത്ത ചൂടും മാറുന്ന മഴ രീതികളും അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഇവിടങ്ങളിലെ ജനങ്ങള്ക്ക് ആരോഗ്യസംരക്ഷണം, ഡെര്മറ്റോളജിസ്റ്റുകളുടെ സേവനം, മരുന്നുകള് എന്നിവ ലഭിക്കാനുള്ള സൗകര്യവും സാമ്പത്തിക ശേഷിയും പരിമിതമാണ്. അതിനാല്, രോഗങ്ങള് തടയാനും കണ്ടെത്താനും ചികിത്സിക്കാനും കുറഞ്ഞ സൗകര്യങ്ങളുള്ള ആരോഗ്യ സംവിധാനങ്ങളാണ് ഏറ്റവും വലിയ ആരോഗ്യ അപകടസാധ്യതകളെ അഭിമുഖീകരിക്കുന്നത്.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില് 55.6 ശതമാനവും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില് 52.5 ശതമാനവും കാലാവസ്ഥാ സംബന്ധിയായ ചര്മ്മരോഗങ്ങള് റിപ്പോര്ട്ട് ചെയ്തപ്പോള്, ഉയര്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില് ഇത് 43.8 ശതമാനവും ഉയര്ന്ന വരുമാനമുള്ള രാജ്യങ്ങളില് 28.3 ശതമാനവുമാണ്. വെസ്റ്റേണ് പസഫിക് (64.7%), തെക്കുകിഴക്കന് ഏഷ്യ, ഈസ്റ്റേണ് മെഡിറ്ററേനിയന് (60% വീതം) മേഖലകളിലാണ് ആഘാതം ഏറ്റവും കൂടുതല്. എന്നാല് യൂറോപ്പില് ഇത് 16.1% മാത്രമാണ്. ആഫ്രിക്കന് രാജ്യങ്ങളില് 42.9 ശതമാനം പേര്ക്കും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ധാരണകള് ഇല്ലായിരുന്നു. ഇത് ഇത്തരം രാജ്യങ്ങളിലെ ശാസ്ത്രീയ നിരീക്ഷണ സംവിധാനങ്ങളുടെയും ഡാറ്റാ ശേഖരണത്തിന്റെയും അഭാവത്തെയാണ് എടുത്തു കാണിക്കുന്നത്.
ഏതെല്ലാം ചര്മ്മരോഗങ്ങളാണ് വര്ദ്ധിക്കുന്നത്?
കാലാവസ്ഥാ വ്യതിയാനം ചര്മ്മ രോഗങ്ങള്ക്ക് കാരണമായി റിപ്പോര്ട്ട് ചെയ്ത 58 രാജ്യങ്ങളില്, ചൂടുകുരു (81 ശതമാനം) വര്ദ്ധിച്ചതായി റിപ്പോര്ട്ട് ചെയ്തു. 75.9 ശതമാനം രാജ്യങ്ങളില് എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങളുടെ തീവ്രത വര്ദ്ധിച്ചു. 62.1 ശതമാനം രാജ്യങ്ങളില് ചര്മ്മത്തെ ബാധിക്കുന്ന പകര്ച്ചവ്യാധികള് കൂടുമ്പോള്, 50 ശതമാനം രാജ്യങ്ങളിലും കൊതുക് വഴി പടരുന്ന ചര്മ്മരോഗങ്ങള് വര്ദ്ധിച്ചു.
ഉയര്ന്ന താപനിലയും വായുവിലെ ആര്ദ്രതയും വിയര്പ്പും ചര്മ്മത്തിലെ അസ്വസ്ഥതകളും വര്ദ്ധിപ്പിക്കുന്നു. ചൂടും വായുമലിനീകരണവും ചര്മ്മത്തിലെ കോശജ്വലനത്തിന് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെയും ചൂടിന്റെയും രീതികള് മാറുമ്പോള് കൊതുകുകള്ക്കും മറ്റ് രോഗകാരികള്ക്കും ജീവിക്കാന് അനുയോജ്യമായ പുതിയ പ്രദേശങ്ങള് ഉണ്ടാകുന്നു. 2026 ജൂലൈയില് 'അഡ്വാന്സ്ഡ് സയന്സ്' മാഗസിനില് വന്ന പഠനമനുസരിച്ച്, അന്തരീക്ഷത്തിലെ ഉയര്ന്ന ഈര്പ്പം ചര്മ്മത്തിലെ സൂക്ഷ്മാണുക്കളുടെ ഘടന മാറ്റുകയും 'ടിഷ്യു-റെസിഡന്റ് മെമ്മറി ടി സെല്ലുകള്' വര്ദ്ധിപ്പിച്ച് സോറിയാസിസ് പോലുള്ള രോഗങ്ങള് വീണ്ടും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
വരുംനാളുകളിലെ വെല്ലുവിളികളും പരിഹാരങ്ങളും
'തീവ്രമായ കാലാവസ്ഥ ഹൃദ്രോഗങ്ങളെയും ശ്വാസകോശ രോഗങ്ങളെയും ബാധിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കാറുണ്ട്. എന്നാല് കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില് നമ്മുടെ മുന്നിര പ്രതിരോധം ചര്മ്മമാണ്,' എന്ന് ഹാര്വാര്ഡ് മെഡിക്കല് സ്കൂളിലെ ഡോ. എസ്തര് ഫ്രീമാന് ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്ട്ടുകള് പ്രകാരം ആഫ്രിക്കന് ഭൂഖണ്ഡത്തില് 10 ലക്ഷം ആളുകള്ക്ക് മൂന്നില് താഴെ ചര്മ്മരോഗ വിദഗ്ദ്ധര് മാത്രമേയുള്ളൂ. മികച്ച ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ഡോക്ടര്മാരോ ഇല്ലാത്ത രാജ്യങ്ങളില് ഇത്തരം രോഗങ്ങള് ഉണ്ടാക്കുന്ന ജനജീവിത ആഘാതം വിവരണാതീതമാണ്. അതുകൊണ്ടുതന്നെ, ആഗോളതലത്തില് കാലാവസ്ഥാ ആഘാതങ്ങളെ നേരിടാനുള്ള ആസൂത്രണങ്ങളില് ചര്മ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തെക്കൂടി ഉള്പ്പെടുത്തണമെന്നും വിഭവങ്ങള് പരിമിതമായ മേഖലകളില് അടിയന്തിരമായി പ്രാദേശിക രോഗനിരീക്ഷണ സംവിധാനങ്ങള് ശക്തിപ്പെടുത്തണമെന്നും ഗവേഷകര് ആവശ്യപ്പെടുന്നു.
A major international study spanning 136 countries and presented at the European Academy of Dermatology and Venereology (EADV) Congress 2026 revealed that over 40% of countries report climate-related increases in the prevalence and severity of skin diseases. Lower-income countries bear a disproportionate burden, with 55.6% of low-income nations reporting climate-related dermatological changes compared to just 28.3% of high-income nations. Key factors include extreme heat, rising humidity, and shifting habitats for disease-carrying vectors, leading to surges in heat rashes, inflammatory skin conditions (like eczema and psoriasis), and vector-borne infections. Despite contributing the least to global emissions, resource-limited regions particularly in Africa, where there are fewer than three dermatologists per million people face the highest health risks, highlighting urgent global inequalities in healthcare infrastructure and climate preparedness.