

അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ ധാരാളം ജലം നഷ്ടപ്പെടുകയും, ഇത് മൂത്രത്തിന്റെ അളവ് കുറയുന്നതിന് കാരണമാവുകയും ചെയ്യും. മൂത്രം അമിതമായി സാന്ദ്രീകരിക്കപ്പെടുമ്പോൾ അതിലടങ്ങിയിരിക്കുന്ന കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ഉപ്പുരസങ്ങൾ ക്രിസ്റ്റലുകളായി രൂപപ്പെടുകയും ക്രമേണ കല്ലുകളായി മാറുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തവർക്കും, മുൻപ് വൃക്കയിൽ കല്ല് വന്നവർക്കും ഈ സമയത്ത് രോഗസാധ്യത കൂടുതലാണ്.
ഭക്ഷണരീതിയിലെ അശാസ്ത്രീയമായ മാറ്റങ്ങളും വൃക്കയിലെ കല്ലിന് പ്രധാന കാരണമാകുന്നുണ്ട്. ഉപ്പ് അമിതമായി അടങ്ങിയ ലഘുഭക്ഷണങ്ങൾ, കൂൾ ഡ്രിങ്ക്സ് പോലെയുള്ള പാനീയങ്ങൾ, അമിതമായ മാംസാഹാരം എന്നിവയുടെ ഉപയോഗം ഈ ആരോഗ്യപ്രശ്നം സങ്കീർണ്ണമാക്കുന്നു. ചീര, അണ്ടിപ്പരിപ്പുകൾ, ചോക്ലേറ്റ് തുടങ്ങിയ ഓക്സലേറ്റ് ധാരാളമായുള്ള ഭക്ഷണങ്ങൾ പരിധിയിൽ കൂടുതൽ കഴിക്കുന്നതും, പൊണ്ണത്തടിയും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.
പലപ്പോഴും പുറംഭാഗത്തോ വയറിന്റെ വശങ്ങളിലോ അനുഭവപ്പെടുന്ന പെട്ടെന്നുള്ള കഠിനമായ വേദനയാണ് കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം. ഇത് കൂടാതെ മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, ഓക്കാനം എന്നിവയും അവഗണിക്കരുത്. പലരും ഇത്തരം വേദനകളെ ഗ്യാസ് സംബന്ധമായ പ്രശ്നമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കുന്നതും ശാസ്ത്രീയമല്ല.
വൃക്കയിലെ കല്ലുകളെ പ്രതിരോധിക്കാൻ ലളിതമായ ചില ജീവിതശൈലീ മാറ്റങ്ങൾ മതിയാകും. ദിവസവും ചുരുങ്ങിയത് 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തിലെ ജലാംശം തിരിച്ചറിയാൻ സാധിക്കും. കടുത്ത മഞ്ഞനിറം നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്. ഉപ്പിന്റെയും വറുത്ത ഭക്ഷണങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനൊപ്പം നാരങ്ങാവെള്ളം, ഓറഞ്ച് തുടങ്ങിയ സിട്രിക് ആസിഡ് അടങ്ങിയ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കും. അമിതമായ വെയിലത്ത് കഠിനമായ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണമെന്നും വ്യായാമവേളയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ചെറിയ വലിപ്പത്തിലുള്ള കല്ലുകൾ (5.5 മില്ലിമീറ്ററിൽ താഴെ) ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും കൃത്യമായ മരുന്നുകളിലൂടെയും സ്വാഭാവികമായി പുറന്തള്ളാൻ സാധിക്കും. എന്നാൽ വലിപ്പമേറിയതോ മൂത്രതടസ്സമുണ്ടാക്കുന്നതോ ആയ കല്ലുകൾക്ക് ലിത്തോട്രിപ്‌സി (ESWL), ലേസർ സർജറി (RIRS) തുടങ്ങിയ ആധുനിക ചികിത്സാ രീതികൾ ആവശ്യമായി വരാം. ഒരിക്കൽ വൃക്കയിൽ കല്ല് വന്നവർക്ക് അത് വീണ്ടും വരാനുള്ള സാധ്യത കൂടുതലായതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. കേവലം വെള്ളം കുടിയിൽ മാത്രം ഒതുക്കാതെ, ഭക്ഷണത്തിലും വ്യായാമത്തിലും നിയന്ത്രണം പാലിച്ചാൽ ഈ വേനൽക്കാലത്ത് വൃക്കകളുടെ ആരോഗ്യം സുരക്ഷിതമാക്കാം.
English Summary: Doctors warn that dehydration and extreme heat during summer can increase the risk of kidney stones. Drinking enough water, avoiding salty foods and identifying symptoms early can help prevent serious complications.