ഭക്ഷ്യ നയങ്ങളെ കേസുകളിലൂടെ അട്ടിമറിച്ച് വൻകിട കമ്പനികൾ; ജനങ്ങളുടെ ആരോഗ്യം അപകടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

ഭക്ഷണ സാധനങ്ങളിലെ ലേബലിങുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കെതിരെയാണ് സര്‍ക്കാരുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ജങ്ക് ഫുഡുകള്‍ക്കുള്ള നികുതിയും പരസ്യ നിയന്ത്രണങ്ങളുമാണ് തൊട്ടുപിന്നില്‍
ഭക്ഷ്യ നയങ്ങളെ കേസുകളിലൂടെ അട്ടിമറിച്ച് വൻകിട കമ്പനികൾ; ജനങ്ങളുടെ ആരോഗ്യം അപകടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ
Published on

ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നമായ അമിതവണ്ണത്തെ ചെറുക്കാന്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പൊതുജനാരോഗ്യ നയങ്ങള്‍ക്കെതിരെ വന്‍കിട അള്‍ട്രാ-പ്രൊസസ്ഡ് ഭക്ഷ്യക്കമ്പനികള്‍ (യുപിഎഫ്) നിയമപോരാട്ടം നടത്തുന്നതായി ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ക്കെതിരെ കേസ് കൊടുത്ത്, ആ കേസ് നീട്ടിക്കൊണ്ടുപോകുന്നത് വഴി, രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടവും ആരോഗ്യ പ്രതിസന്ധിയുമാണ് കമ്പനികള്‍ വരുത്തിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആരോപിച്ചു.

ഞെട്ടിക്കുന്ന വിവരങ്ങള്‍

2010 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മെക്‌സിക്കോ, കൊളംബിയ, ബ്രസീല്‍, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ അള്‍ട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ക്കെതിരായ നയങ്ങളെ ചോദ്യം ചെയ്ത് 235 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കമ്പനികള്‍ ഫയല്‍ ചെയ്ത കേസുകളില്‍ 75 ശതമാനം കേസുകളും പരാജയപ്പെട്ടുവെങ്കിലും ഇത്തരം കേസ് നടപടികള്‍ പൊതുജനാരോഗ്യ നയങ്ങള്‍ നടപ്പാക്കുന്നത് വര്‍ഷങ്ങളോളം വൈകിപ്പിച്ചു. ഒപ്പം, സര്‍ക്കാരുകളെയും ആരോഗ്യ ഉദ്യോഗസ്ഥരെയും സങ്കീര്‍ണ്ണവും ചെലവേറിയതുമായ നിയമപോരാട്ടങ്ങളില്‍ തളച്ചിടുകയും ചെയ്തു.

നീണ്ടുപോയ കേസുകളുടെ മൊത്തം സമയം കൂട്ടിയാല്‍ ഏകദേശം 600 വര്‍ഷത്തെ നിയമപോരാട്ടത്തിന് തുല്യമാണ്. ഒരു കേസ് തീര്‍പ്പാക്കാന്‍ ശരാശരി രണ്ടര വര്‍ഷമെടുത്തു. നിയമപരമായി ജയിക്കുക എന്നതിലുപരി, പുതിയ ആരോഗ്യ നിയമങ്ങള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കാനും മറ്റ് ചെറിയ രാജ്യങ്ങള്‍ സമാന നിയമങ്ങള്‍ കൊണ്ടുവരുന്നത് തടയാനുമാണ് ഇത്തരത്തിലുള്ള തുടര്‍ച്ചയായ കേസുകളിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും ഈ കേസുകള്‍ ആഗോള അമിതവണ്ണ പ്രതിസന്ധിയെ നീട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയെന്നും രാജ്യങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക-ആരോഗ്യ നഷ്ടമുണ്ടാക്കിയെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ നയങ്ങളെ കേസുകളിലൂടെ അട്ടിമറിച്ച് വൻകിട കമ്പനികൾ; ജനങ്ങളുടെ ആരോഗ്യം അപകടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ
പരീക്ഷാ ക്രമക്കേട്: രാജ്യത്ത് വിചാരണ കാത്തിരിക്കുന്നത് 158 സിബിഐ കേസുകള്‍, പല കേസുകള്‍ക്കും രണ്ട് പതിറ്റാണ്ട് പഴക്കം

കേസിന് പിന്നിലെ വന്‍കിട ഭീമന്മാര്‍

ഭക്ഷണ സാധനങ്ങളിലെ ലേബലിങുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കെതിരെയാണ് സര്‍ക്കാരുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ജങ്ക് ഫുഡുകള്‍ക്കുള്ള നികുതിയും പരസ്യ നിയന്ത്രണങ്ങളുമാണ് തൊട്ടുപിന്നില്‍. കേസ് കൊടുത്ത പല കമ്പനികളും കോടതിയില്‍ തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യക്തമായി തിരിച്ചറിഞ്ഞ കേസുകളില്‍ 38 ശതമാനവും എട്ട് വന്‍കിട കമ്പനികളാണ് ഫയല്‍ ചെയ്തത്. കൊക്ക കോള, പെപ്‌സികോ, മോണ്ടെലെസ്, കെല്ലോഗ്‌സ്, ഡാനോണ്‍, ഫെറേറോ, സിഗ്‌നക്‌സ്, ഹാര്‍ട്ട്‌ലാന്‍ഡ് ഫുഡ് പ്രൊഡക്ട്‌സ് ഗ്രൂപ്പ് എന്നീ കമ്പനികളാണ് അവ.

പരസ്യമായി, ഈ വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകാന്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ ദി ഗാര്‍ഡിയന്‍ പത്രം നടത്തിയ അന്വേഷണത്തില്‍ നയങ്ങള്‍ റദ്ദാക്കാനോ ദുര്‍ബലപ്പെടുത്താനോ വൈകിപ്പിക്കാനോ വേണ്ടി ഈ കമ്പനികള്‍ സര്‍ക്കാരുകളെ കോടതി കയറ്റുകയാണെന്ന് കണ്ടെത്തിയിരുന്നു.

സ്വകാര്യമായി നയങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും വിപണിയിലെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ കോടതികളെ ആയുധമാക്കുകയാണെന്ന് ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാക്കുന്നതില്‍ ചില മുന്‍നിര കമ്പനികള്‍ പുരോഗതി വരിച്ചതായി അംഗീകരിക്കുന്നുവെന്ന് ടെഡ്രോസ് പറഞ്ഞു. എങ്കിലും അമിതവണ്ണം തടയുന്നതില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ നയങ്ങളെ കേസുകളിലൂടെ അട്ടിമറിച്ച് വൻകിട കമ്പനികൾ; ജനങ്ങളുടെ ആരോഗ്യം അപകടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ
മണ്ണിടിച്ചിലിൽ മരണം ഏറ്റവും കൂടുതൽ കേരളത്തിൽ; ശക്തമായ മഴ കേരളത്തിൽ എങ്ങനെ വില്ലനാകുന്നു?

ഭീതിജനകമായ കണക്കുകള്‍

ഭക്ഷണത്തില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രമായി സംസ്‌കരിച്ച പദാര്‍ത്ഥങ്ങളുടെ അളവാണ് ഇന്നത്തെ പ്രധാന ആരോഗ്യ ഭീഷണി. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, അര്‍ബുദം എന്നിവ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതിയാണ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയോളവും അള്‍ട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങളാണ്. ലോകത്ത് ഇന്ന് വണ്ണക്കൂടുതല്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത് ഏകദേശം 100 കോടിയോളം ആളുകളാണ്, അതായത് ആഗോള ജനസംഖ്യയില്‍ ഏഴില്‍ ഒരാള്‍. കടകളില്‍ സംസ്‌കരിക്കാത്ത പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍, ഭക്ഷ്യക്കമ്പനികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുകെ സര്‍ക്കാര്‍ ഉപേക്ഷിച്ചതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

നിയമപോരാട്ടങ്ങളിലൂടെ ഉണ്ടാകുന്ന കാലതാമസം പാവപ്പെട്ട രാജ്യങ്ങളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതെന്ന് ഡോ. ടെഡ്രോസ് ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റുകളുടെ ഭീഷണിയും ഭീമമായ നിയമച്ചെലവും ഭയന്ന് പല സര്‍ക്കാരുകളും പൊതുജനാരോഗ്യ സംരക്ഷണ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്ന 'റെഗുലേറ്ററി ചില്ല്' അവസ്ഥയിലാണെന്നും എന്നാല്‍ ഇതിനെതിരെ രാജ്യങ്ങള്‍ ഒന്നിച്ച് മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, അമിതവണ്ണത്തിന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതങ്ങള്‍ തിരിച്ചറിഞ്ഞ സര്‍ക്കാരുകള്‍, ജങ്ക് ഫുഡിന്റെ ഉപയോഗം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാക്കറ്റുകളുടെ മുന്‍വശത്ത് മുന്നറിയിപ്പ് ലേബലുകള്‍ പതിപ്പിക്കല്‍, ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും വിപണനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തല്‍, ജങ്ക് ഫുഡിന് നികുതി ചുമത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Summary

The World Health Organization (WHO) has warned that major ultra-processed food (UPF) companies are using lengthy legal battles to delay or weaken public health policies aimed at tackling obesity. According to WHO Director-General Dr. Tedros Adhanom Ghebreyesus, these lawsuits have imposed significant financial and health costs on governments while slowing the implementation of healthier food regulations. Between 2010 and 2025, 235 legal cases challenging food-related public health policies were filed across Mexico, Colombia, Brazil, the United States and the United Kingdom. Although 75% of these cases failed, they delayed regulations by years. The WHO says companies frequently challenge front-of-pack warning labels, junk food taxes and advertising restrictions. It urged governments to stand together against corporate pressure and continue implementing evidence-based policies to combat the global obesity epidemic.

Madism Digital
madismdigital.com