

ടോക്സിക് മാസ്കുലിനിറ്റിയെ കുറിച്ചുള്ള ചർച്ചകൾ ഇന്നത്തെ കാലത്ത് സർവസാധാരണമാണ്. പുരുഷാധിപത്യ മനോഭാവം എങ്ങനെ സ്ത്രീക്കും പുരുഷനും ഒരുപോലെ ദോഷം ചെയ്യുന്നു എന്നതിൽ തർക്കവിതർക്കങ്ങൾ ഏറെയുണ്ട്. ഈ ചർച്ചകൾ ചൂടുപിടിപ്പിക്കാനായി ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.
പുരുഷാധിപത്യ മനോഭാവം പ്രകൃതിക്ക് തന്നെ ദോഷകരമായി മാറുന്നു എന്ന ഗൗരവകരമായ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പുരുഷന്മാരുടെ ജീവിതശൈലി ഭൂമിയുടെ നാശത്തിന് ആക്കം കൂട്ടുന്നു എന്നാണ് ഇവരുടെ വാദം.
ഇന്‍റർനാഷണൽ ജേണൽ ഫോർ മാസ്കുലിനിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, സമൂഹത്തിലും പ്രകൃതിയിലും പുരുഷന്മാരുടെ ജീവിതരീതി കാര്യമായ പ്രതിഫലനമുണ്ടാക്കുന്നു എന്നാണ്. 13 രാജ്യങ്ങളിൽ നിന്നുള്ള 22 ഗവേഷകർ പങ്കാളികളായ പഠനങ്ങൾ ക്രോഡീകരിച്ചാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
ഗവേഷണറിപ്പോർട്ടിൽ പറയുന്നതനുസരിച്ച് പുരുഷന്മാരുടെ ചില രീതികളാണ് പ്രകൃതിക്ക് ഭാരമാകുന്നത്.
അവയിൽ ചിലത്
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ യാത്രയ്ക്കായി കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നു.
പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ മാംസം കഴിക്കുന്നവരായതിനാൽ ആനിമൽ ഇൻഡസ്ട്രിയൽ കോംപ്ലക്സ് വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് അവർ കാരണമാകുന്നു.
ചില വിഭാഗങ്ങളിൽ ആണത്തത്തിന്‍റെ ലക്ഷണമായി പോലും മാംസാഹാരം കഴിക്കുന്നത് കണക്കാക്കപ്പെടുന്നുണ്ട്.
പരിസ്ഥിത സൗഹൃദപരമായ പ്രവർത്തനങ്ങളോട് പുരുഷന്മാർ പൊതുവെ വിമുഖത പ്രകടിപ്പിക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന പല വൻകിട മേഖലകളുടെയും നിയന്ത്രണം പുരുഷൻമാർക്കാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ കാർബൺ ഉത്‌സർജനം നടത്തുന്ന അഞ്ച് രാജ്യങ്ങളെയും ഗവേഷകർ ചൂണ്ടിക്കാട്ടി. ഈ പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്തും, അമേരിക്ക രണ്ടാം സ്ഥാനത്തും, ഇന്ത്യ മൂന്നാം സ്ഥാനത്തുമാണെന്ന് Worldmeter റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യയും ജപ്പാനും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
ഗ്രീൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ, പുരുഷന്മാരുടെ പങ്കാളിത്തക്കുറവിനെയും ഗവേഷകർ വിമർശിച്ചു.
“ ചില പുരുഷാധിപത്യ രാഷ്ട്രീയ ചിന്താഗതികളിൽ, പ്രത്യേകിച്ച് അതിതീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കൾക്കിടയിൽ, കാലാവസ്ഥാ വ്യതിയാന നിഷേധം പലപ്പോഴും സ്ത്രീ വിരുദ്ധതയുമായി കൂടിച്ചേരുന്നുണ്ട്,” എന്നാണ് ഗവേഷകർ രേഖപ്പെടുത്തുന്നത്.
ആഗോള താപനത്തെക്കുറിച്ചുള്ള അതിരൂക്ഷമായ വിവരണങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പഠനം പുറത്തുവരുന്നത്.
പുരുഷന്മാരുടെ പെരുമാറ്റം പരിസ്ഥിതിയിലും കാലാവസ്ഥയിലും വ്യക്തമായ പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തമാക്കുന്ന ധാരാളം പഠനങ്ങൾ ലഭ്യമാണെന്നാണ് യുകെയിലെ University of Huddersfieldയിലെ സാമൂഹ്യശാസ്ത്ര പ്രൊഫസറായ ജെഫ് ഹേൺ പറയുന്നത്. സുസ്ഥിരമായ ലോകത്തെക്കുറിച്ചുള്ള ഭൂരിഭാഗം ചർച്ചകളിലും നയരൂപീകരണങ്ങളിലും ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: An international group of researchers has found that men are the superior sex when it comes to their impact on society and nature, per a politically skewed study in the International Journal for Masculinity Studies. They say, It is scientifically proven that men are 'bad' for the planet.