

കൊക്കെയ്ൻ ലഹരിയടിമത്തത്തിന് മരുന്നായി 'മാജിക് മഷ്റൂം'. മെഡിക്കൽ ലോകത്ത് വിപ്ലവകരമായ കണ്ടെത്തലുമായി പുതിയ ക്ലിനിക്കൽ ട്രയൽ റിപ്പോർട്ട്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ ബിഹേവിയറൽ ഹെൽത്ത് വിഭാഗ ഗവേഷകരാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ജാമ നെറ്റ്‌വർക്ക് ഓപ്പണിൽ' ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മാരക ലഹരിമരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുന്നവരിൽ അതുണ്ടാക്കുന്ന കടുത്ത ആസക്തി ഇല്ലാതാക്കാൻ മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന 'സൈലോസിബിൻ' (Psilocybin) എന്ന ഘടകത്തിന് സാധിക്കുമെന്നാണ് ഈ ക്ലിനിക്കൽ ട്രയലിലൂടെ തെളിയിച്ചിരിക്കുന്നത്. നിലവിൽ കൊക്കെയ്ൻ പോലുള്ള ഉത്തേജക ലഹരിമരുന്നുകളുടെ അടിമത്തം മാറ്റാൻ എഫ്.ഡി.എ അംഗീകരിച്ച കൃത്യമായ മരുന്നുകളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയ്ക്ക് പ്രത്യാശ നൽകുന്ന ഈ പുതിയ കണ്ടെത്തൽ പുറത്തുവരുന്നത്. ലഹരിമുക്തിക്ക് നിലവിലുള്ള മറ്റു മരുന്നുകളിൽ നിന്നും തികച്ചും വ്യത്യസ്തവും വിപ്ലവകരവുമായ രീതിയിലാണ് സൈലോസിബിൻ മനുഷ്യന്റെ മസ്തിഷ്കത്തിൽ പ്രവർത്തിക്കുന്നതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നു
മനുഷ്യന്റെ തലച്ചോറിലെ ചിന്തകളെയും ശീലങ്ങളെയും പുനഃക്രമീകരിക്കാനുള്ള കഴിവിനെ (Neuroplasticity) ഉണർത്താൻ ഇതിന്റെ ഒറ്റ ഡോസിന് സാധിക്കുമെന്ന് ലണ്ടനിലെ പ്രമുഖ ന്യൂറോ സയന്റിസ്റ്റുകൾ പറയുന്നു. ലഹരിയുടെ കഠിനമായ അച്ചുകളിൽ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനും, സ്വയം അനുകമ്പയും പുതിയ കാഴ്ചപ്പാടുകളും ഉണ്ടാക്കാനും ഈ തെറാപ്പിയിലൂടെ രോഗികൾക്ക് സാധിക്കുന്നുണ്ട്.
കടുത്ത നിരീക്ഷണങ്ങൾക്കും ശാസ്ത്രീയമായ മാനദണ്ഡങ്ങൾക്കും വിധേയമായാണ് ഗവേഷകർ ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. കൊക്കെയ്ൻ ആസക്തിയുള്ള 36 പേരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഇതിൽ 19 പേർക്ക് സൈലോസിബിന്റെ ഒരു നിശ്ചിത ഡോസും ബാക്കി 17 പേർക്ക് സാധാരണ ആന്റിഹിസ്റ്റാമിൻ അടങ്ങിയ പ്ലേസിബോയുമാണ് (വ്യാജ മരുന്ന്) നൽകിയത്. മരുന്ന് നൽകിയ ശേഷം ഇരുകൂട്ടരെയും മികച്ച സൈക്കോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ കൗൺസിലിങ്ങിനും കൃത്യമായ നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയുണ്ടായി. പരീക്ഷണത്തിനൊടുവിൽ പ്ലേസിബോ കഴിച്ചവരേക്കാൾ വളരെ വേഗത്തിലും ദീർഘകാലത്തേക്കും കൊക്കെയ്ൻ പൂർണ്ണമായി ഉപേക്ഷിക്കാൻ സൈലോസിബിൻ സ്വീകരിച്ചവർക്ക് സാധിച്ചതായി ഗവേഷകർ കണ്ടെത്തി. കൊക്കെയ്ൻ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വിഷാദം, കടുത്ത ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ മാനസികമായ പിൻവാങ്ങൽ ലക്ഷണങ്ങളെ മറികടക്കാൻ സൈലോസിബിൻ തെറാപ്പി വലിയ രീതിയിൽ സഹായിച്ചതായി രോഗികൾ തന്നെ വെളിപ്പെടുത്തി.
അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്കിടയിലെ കുറ്റകൃത്യങ്ങളും ജയിൽവാസവും വർദ്ധിക്കാൻ പ്രധാന കാരണം കൊക്കെയ്ൻ ഉപയോഗമാണെന്ന മുൻകാല ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വെറുമൊരു കൗതുകത്തിനോ പരസ്യങ്ങൾ കണ്ടോ വന്നവരെയല്ല, മറിച്ച് ഈ ലഹരിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ബർമിങ്ഹാമിലെ പ്രാദേശിക ജനങ്ങളെയാണ് ഈ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
ചില പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, ഈ പഠനം ലഹരിവിരുദ്ധ ചികിത്സാ രംഗത്ത് വലിയൊരു നാഴികക്കല്ലാകുമെന്നാണ് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ പറയുന്നത്. കടുത്ത ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളുമുള്ളവരെ ഈ പ്രാഥമിക ഘട്ട പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിരുന്നു എന്നത് ഈ പഠനത്തിന്റെ ഒരു പോരായ്മയായി ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ സൈലോസിബിൻ എന്ന ഘടകം മനുഷ്യരിലെ വിഷാദരോഗവും ആകുലതകളും മാറ്റാൻ ഫലപ്രദമാണെന്ന് മുൻപ് തന്നെ തെളിഞ്ഞിട്ടുള്ളതാണെന്ന് ശാസ്ത്രജ്ഞർ ഇതിന് മറുപടിയായി വ്യക്തമാക്കുന്നു. മനുഷ്യൻ ഒരേ ചിന്തകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥകളെ തകർക്കാൻ ഈ 'മാജിക് മഷ്റൂം' തെറാപ്പിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ പരീക്ഷണത്തിന്റെ ഗംഭീര വിജയത്തെ തുടർന്ന്, വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിലുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗവേഷകർ.
English Summary: A new clinical trial led by Dr. Peter Hendricks suggests that psilocybin, the active compound found in “magic mushrooms,” may help people overcome cocaine addiction. The findings were published in