

പൂനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയില്‍ നിന്ന് വീണ് 26-കാരനായ കേതന്‍ അഗര്‍വാള്‍ മരിച്ച സംഭവം ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇത് പ്രതിശ്രുത വധു സിയ ഗോയലും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഒരു കൊലപാതകമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. നാലു ദിവസം മുന്‍പും സമാനമായ രീതിയില്‍ കേതനെ അപായപ്പെടുത്താന്‍ സിയ ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനും കുടുംബ ബിസിനസിന്റെ ഡയറക്ടറുമായ കേതന്‍, ജൂണ്‍ 18-നാണ് പൂനെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോഹഗഡ് കോട്ട സന്ദര്‍ശിച്ചത്. അന്ന് വൈകുന്നേരം, കോട്ടയില്‍ ട്രെക്കിങ് നടത്തുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കേതന്‍ കാല്‍ തെറ്റി 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായി സിയ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.
ജൂണ്‍ 14-ന് കോട്ട സന്ദര്‍ശിച്ചപ്പോള്‍ 20-കാരിയായ സിയ ഗോയല്‍ കേതലിനെ കോട്ടയുടെ അരികില്‍ നിന്ന് തള്ളിയിട്ടിരുന്നു. എന്നാല്‍ ഒരു മരം തടസ്സമായി നിന്നതിനാല്‍ വലിയൊരു അപകടത്തില്‍ നിന്ന് കേതന്‍ രക്ഷപ്പെടുകയായിരുന്നു. കോട്ടയുടെ അരികില്‍ പാമ്പിനെ കണ്ടെന്നും പാമ്പ് കടിക്കാതിരിക്കാന്‍ കേതനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം താഴേക്ക് വീണതെന്നുമാണ് സിയ പിന്നീട് കുടുംബത്തോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ജൂണ്‍ 18-ന് കേതന്‍ വീണ്ടും ലോഹഗഡിലെത്തി. ഇത്തവണ സിയയോടൊപ്പം അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവം, ഇപ്പോള്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതക ഗൂഢാലോചനയായി മാറിയിരിക്കുകയാണ്.
പ്രതികള്‍ അറസ്റ്റില്‍
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സിയയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ തങ്ങളുടെ ആദ്യ ശ്രമത്തെക്കുറിച്ച് സമ്മതിച്ചതായി കേതന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. 'സിയ പറഞ്ഞത് കേട്ട് ആദ്യം ഇതൊരു അപകടമാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ പിന്നീട് അവളുടെ പെരുമാറ്റത്തിലും സംസാരത്തിലും തോന്നിയ സംശയമാണ് ഇതൊരു സാധാരണ അപകടമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്,' അദ്ദേഹം പറഞ്ഞു. സിയയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും ഈ ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരിക്കാമെന്നും ഇതിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിശാല്‍ അഗര്‍വാള്‍ ആവശ്യപ്പെട്ടു.
കേസ് അന്വേഷണം വഴിതിരിഞ്ഞത് ഇങ്ങനെ
ആദ്യം പൊലീസ് ഇതൊരു സാധാരണ അപകടമരണമായി കണക്കാക്കിയെങ്കിലും പിന്നീട് സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് സംശയങ്ങള്‍ ഉയര്‍ന്നത്. കേതന്‍ നല്ലൊരു ട്രെക്കര്‍ ആയിരുന്നിട്ടും ഇങ്ങനെയൊരു അപകടം പെട്ടെന്ന് സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരങ്ങളുടെയും സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിയ ഗോയലും ചേതന്‍ ചൗധരിയും ചേര്‍ന്നുള്ള ഗൂഢാലോചന പുറത്തുവന്നത്.
കേതന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം സിയ കേതന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് കേതന്റെ സഹോദരി ചോദിച്ച ചോദ്യങ്ങള്‍ക്ക് സിയ നല്‍കിയ മറുപടികള്‍ അസ്വാഭാവികമായിരുന്നു. ഇതാണ് കുടുംബത്തിന് കൂടുതല്‍ സംശയങ്ങള്‍ നല്‍കിയതും അന്വേഷണം ശക്തമാക്കാന്‍ പ്രേരിപ്പിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിയയും ചേതനും തമ്മിലുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പൊലീസ് കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ ഇവര്‍ 2,004 തവണയായി 238 മണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്.
കൂടാതെ, ജൂണ്‍ 18-ന് രാവിലെ 7 മുതല്‍ വൈകുന്നേരം 5.40 വരെ ചേതന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫായിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ചേതന്‍ തന്റെ ഫോണ്‍ സ്വന്തം സ്ഥാപനത്തില്‍ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണുമായി ലോഹഗഡിലേക്ക് യാത്ര ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. അന്ന് ചേതന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ജീവനക്കാരാണ് എടുത്തതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഈ ഡിജിറ്റല്‍ തെളിവുകളാണ് പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ പൊലീസിനെ സഹായിച്ചത്.
ദുരന്തത്തില്‍ കലാശിച്ച വിവാഹ ഒരുക്കങ്ങള്‍
ഈ വര്‍ഷം അവസാനം നടക്കാനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് കേതന്റെ കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് ഈ കൊലപാതകം നടന്നിരിക്കുന്നത്. ഫെബ്രുവരി 11-നായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നവംബര്‍ 25-ന് വിവാഹം നടത്താനായിരുന്നു പദ്ധതി. വിവാഹത്തിനായി ജയ്പൂരിലെ ഒരു കൊട്ടാരവും അതിഥികളെ എത്തിക്കാനായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ ബുക്ക് ചെയ്തിരുന്നു.
What initially appeared to be a tragic trekking accident at Maharashtra's Lohagad Fort has now been uncovered as an alleged murder plot involving the victim's fiancée and her lover. Police say 26-year-old Ketan Agarwal, a director in his family's real estate business, was pushed off a 400-foot cliff by his fiancée Siya Goyal and her boyfriend Chetan Chaudhary during a visit to the fort on June 18