രസഗുളയെന്ന് കരുതി കടിച്ചത് നാടൻ ബോംബ്; ഉഗ്രസ്ഫോടനത്തില്‍ യുവാവിന് ദാരുണാന്ത്യം

മധുരപലഹാരത്തിന്റെ രൂപത്തിൽ തയ്യാറാക്കിയ നാടൻ സ്ഫോടകവസ്തു വായിലിട്ട് കടിച്ചതോടെയാണ് ശക്തമായ സ്ഫോടനമുണ്ടായതും യുവാവ് കൊല്ലപ്പെട്ടതും
രസഗുളയെന്ന് കരുതി കടിച്ചത് നാടൻ ബോംബ്; ഉഗ്രസ്ഫോടനത്തില്‍ യുവാവിന് ദാരുണാന്ത്യം
Published on: 

ദീപാവലി ആഘോഷത്തിനിടെ സുഹൃത്ത് നൽകിയ വസ്തു രസഗുളയാണെന്ന് തെറ്റിദ്ധരിച്ച് കടിച്ച യുവാവിന് ദാരുണാന്ത്യം. മധുരപലഹാരത്തിന്റെ രൂപത്തിൽ തയ്യാറാക്കിയ നാടൻ സ്ഫോടകവസ്തു വായിലിട്ട് കടിച്ചതോടെയാണ് ശക്തമായ സ്ഫോടനമുണ്ടായതും യുവാവ് കൊല്ലപ്പെട്ടതും. മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലുള്ള ഛാന്ത ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഗ്രാമവാസിയായ രാജേന്ദ്ര ബറൗത്തിയ എന്ന 35കാരനാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ രാംഭഗത് ബറോട്ടിയക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജേന്ദ്രയും സുഹൃത്ത് രാംഭഗത് ബറോട്ടിയയും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ രസഗുളയുടെ രൂപത്തിലുള്ള ഒരു നാടൻ സ്ഫോടകവസ്തു രാംഭഗത് രാജേന്ദ്രയുടെ വായിൽ വെച്ചുകൊടുക്കുകയായിരുന്നു. ഇത് മധുരപലഹാരമാണെന്ന് കരുതിയ രാജേന്ദ്ര കടിച്ചതോടെ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായി. വായിൽവെച്ച വസ്തു പൊട്ടിത്തെറിച്ചതോടെ രാജേന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ യുവാവിന്റെ നില അതീവ ഗുരുതരമായി.

അപകടത്തിന് പിന്നാലെ രാജേന്ദ്രയെ ഉടൻതന്നെ ദിൻഡോറി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനകൾക്കൊടുവിൽ മരണം സ്ഥിരീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആഘോഷത്തിനിടെ നടന്ന അപകടം ഗ്രാമത്തിൽ വലിയ ഞെട്ടലും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം, പ്രദേശത്ത് കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ചില ഗ്രാമീണരും ഗോത്രവിഭാഗക്കാരും നാടൻ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ക്വാറികളിൽനിന്നും മറ്റും ശേഖരിക്കുന്ന വെടിമരുന്ന് മാവുകൊണ്ട് നിർമിച്ച ഉരുളകൾക്കുള്ളിൽ നിറച്ചാണ് ഇത്തരം സ്ഫോടകവസ്തുക്കൾ തയ്യാറാക്കുന്നത്. രസഗുളയുടെ ആകൃതിയിലുള്ള വസ്തുവും ഇത്തരത്തിൽ നിർമിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഭക്ഷണസാധനത്തിന്റെ രൂപത്തിലുള്ള ഇത്തരം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.

രസഗുളയെന്ന് കരുതി കടിച്ചത് നാടൻ ബോംബ്; ഉഗ്രസ്ഫോടനത്തില്‍ യുവാവിന് ദാരുണാന്ത്യം
ആരോഗ്യകേരളത്തിന്റെ 70 വർഷങ്ങൾ

സംഭവത്തിൽ രാംഭഗത് ബറോട്ടിയക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ്, സ്ഫോടകവസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാജേന്ദ്രയുടെ വായിൽ സ്ഫോടകവസ്തു വെച്ചുകൊടുത്തത് തമാശയ്ക്കായിരുന്നോ അതോ കൃത്യമായ കൊലപാതക ഉദ്ദേശ്യത്തോടെയായിരുന്നോ എന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. ഇരുവരും തമ്മിൽ നേരത്തെ എന്തെങ്കിലും തർക്കങ്ങളോ വൈരാഗ്യമോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Summary

A young man died tragically after mistaking a country-made explosive for a rasgulla given to him by a friend during Diwali celebrations and biting into it. The shocking incident took place in Madhya Pradesh's Dindori district, where 35-year-old Rajendra Barautiya lost his life. Police have registered a case against his friend, Rambhagat Barotiya, and launched an investigation into the incident.