വിധവകളുടെയും അനാഥരുടെയും പേരിൽ ഇന്ധനവില വർധനവ്; ഹിമാചൽ സർക്കാരിന്റെ പുതിയ സെസിനെതിരെ പ്രതിഷേധം

നിലവിൽ വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 60 പൈസ വീതമാണ് ഈ സെസ് വഴി അധികമായി ഈടാക്കുന്നത്.
വിധവകളുടെയും അനാഥരുടെയും പേരിൽ ഇന്ധനവില വർധനവ്; ഹിമാചൽ സർക്കാരിന്റെ പുതിയ സെസിനെതിരെ പ്രതിഷേധം
Published on

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹിമാചൽ പ്രദേശ് സർക്കാർ, വരുമാനം വർധിപ്പിക്കുന്നതിനായി പെട്രോളിനും ഡീസലിനും പുതിയ സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. വിധവാ-അനാഥ സെസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പുതിയ നികുതി ഓ​ഗസ്റ്റ് 11 അർധരാത്രി മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുക എന്നതാണ് ഈ സെസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

എന്താണ് പുതിയ സെസ്?

ഹിമാചൽ പ്രദേശ് മൂല്യവ‍ധിത നികുതി നിയമം 2005ലെ സെക്ഷൻ 6-A പ്രകാരമാണ് പുതിയ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 60 പൈസ വീതമാണ് ഈ സെസ് വഴി അധികമായി ഈടാക്കുന്നത്. ഇന്ധനക്കമ്പനികൾ ഡീലർമാർക്ക് ഇന്ധനം വിൽക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ ഈ തുക ഈടാക്കും.

എന്നാൽ, ഭാവിയിൽ ഈ തുക ലിറ്ററിന് 5 രൂപ വരെയായി വർധിപ്പിക്കാൻ പുതിയ നിയമഭേദഗതി സർക്കാരിന് അധികാരം നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. അതായത്, നിലവിലെ 60 പൈസ എന്നത് ഒരു തുടക്കം മാത്രമാകാം. ഈ സെസ്സിലൂടെ ലഭിക്കുന്ന തുക 'ഓർഫൻ ആൻഡ് വിഡോ വെൽഫെയർ ഫണ്ട്' എന്ന പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും, അത് ഈ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി മാത്രം വിനിയോഗിക്കുകയും ചെയ്യുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വാർഷിക ബജറ്റ് വിഹിതത്തെ ആശ്രയിക്കുന്നതിന് പകരം ഈ ക്ഷേമപദ്ധതികൾക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിധവകളുടെയും അനാഥരുടെയും പേരിൽ ഇന്ധനവില വർധനവ്; ഹിമാചൽ സർക്കാരിന്റെ പുതിയ സെസിനെതിരെ പ്രതിഷേധം
ടാറ്റയിൽ വീണ്ടും അധികാരത്തർക്കമോ? ചന്ദ്രശേഖരന്റെ പടിയിറക്കത്തിന് പിന്നിൽ ഐപിഒ വിവാദങ്ങളും ബോർഡിലെ ഭിന്നതയും

എന്തുകൊണ്ടാണ് ഹിമാചൽ പ്രദേശ് ഈ തീരുമാനമെടുത്തത്?

സംസ്ഥാനം നേരിടുന്ന അതീവ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിച്ചത്. ഹിമാചൽ പ്രദേശിന്റെ ആകെ കടബാധ്യത 1,04,000 കോടി രൂപ കടന്നിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ (2026-27) 13,000 കോടി രൂപയുടെ തിരിച്ചടവ് ബാധ്യത സംസ്ഥാനത്തിനുണ്ട്. എന്നാൽ, ഈ വർഷം കേവലം 10,000 കോടി രൂപ മാത്രമേ സർക്കാരിന് വായ്പയെടുക്കാൻ കഴിയൂ. ഇത് 3,000 കോടി രൂപയുടെ വൻ സാമ്പത്തിക കമ്മിയുണ്ടാക്കുന്നു.

ഇതിനുപുറമെ, 16-ാം ധനകാര്യ കമ്മീഷന്റെ പുതിയ നിർദ്ദേശവും സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. 2026 മുതൽ 2031 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങൾക്കുള്ള റവന്യൂ കമ്മി ഗ്രാന്റ് പൂർണ്ണമായി നിർത്തലാക്കാനാണ് കമ്മീഷന്റെ ശുപാർശ. ഇത് വഴി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹിമാചൽ പ്രദേശിന് 35,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തിൽ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.

വിമർശനങ്ങളും ആശങ്കകളും

സ‍ർക്കാരിന്റെ തീരുമാനത്തിന് എതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ജനവിരുദ്ധമായ തീരുമാനമാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്. സംസ്ഥാനത്ത് ഡീസലിന് മേൽ മുൻപ് രണ്ട് തവണയായി മൂന്ന് രൂപ വീതം വാറ്റ് വർധിപ്പിച്ചിരുന്നതായും പുതിയ സെസ് കൂടി വരുന്നതോടെ ജനങ്ങളുടെ മേലുള്ള ഭാരം വളരെ ഉയർന്നതായും ബിജെപി ചൂണ്ടിക്കാട്ടുന്നു.

ഈ നികുതി വർധനവ് ഗതാഗത ചെലവുകൾ കുത്തനെ ഉയർത്തുമെന്ന ആശങ്കയുമുണ്ട്. സിമന്റ്, ഇരുമ്പ്, മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെയും പഴങ്ങൾ, പച്ചക്കറികൾ, റേഷൻ തുടങ്ങിയ അവശ്യസാധനങ്ങളുടെയും വില വർധിക്കാൻ ഇത് കാരണമാകും. ഇന്ധനവില വർധനവ് ടാക്സി ഡ്രൈവർമാരെയും കാർഷിക ആവശ്യങ്ങൾക്കായി ട്രാക്ടറുകളും പമ്പുകളും ഉപയോഗിക്കുന്ന കർഷകരെയും വലിയ തോതിൽ ബാധിക്കും.

വിധവകളുടെയും അനാഥരുടെയും പേരിൽ ഇന്ധനവില വർധനവ്; ഹിമാചൽ സർക്കാരിന്റെ പുതിയ സെസിനെതിരെ പ്രതിഷേധം
ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം

പെട്രോളിയം ഡീലർമാരും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില വർധിക്കുന്നത് അതിർത്തി പ്രദേശങ്ങളിലുള്ളവർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ കാരണമാകുമെന്നും, ഇത് സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, സംസ്ഥാനത്ത് എത്ര വിധവകളും അനാഥരുമുണ്ടെന്നും, ഈ ഫണ്ട് കൃത്യമായി എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ചും സർക്കാർ ഇതുവരെ വ്യക്തമായ കണക്കുകളോ പദ്ധതികളോ പുറത്തുവിട്ടിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Summary

To tackle its mounting financial crisis and create a dedicated revenue stream for welfare initiatives, the Himachal Pradesh government has levied an additional 60 paise per litre "Widow and Orphan Cess" on petrol and diesel, effective from midnight on August 11. Notified under Section 6-A of the Himachal Pradesh VAT Act, 2005, the collected revenue will be credited to a dedicated 'Orphan and Widow Welfare Fund.' Under the amended law, the government holds the authority to hike this levy up to ₹5 per litre in the future.

Madism Digital
madismdigital.com