ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയിൽ ഇപ്പോൾ സംഭവിക്കുന്ന നേതൃമാറ്റങ്ങളും ആഭ്യന്തരപ്രശ്നങ്ങളും കേവലമൊരു അധികാര മാറ്റം എന്നതിനപ്പുറം, കോർപ്പറേറ്റ് ലോകത്തിന് മുഴുവൻ പാഠമാകുന്ന വലിയൊരു സംഭവവികാസമാണ്. ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ ചന്ദ്രശേഖരൻ പടിയിറങ്ങാൻ തീരുമാനിച്ച വാർത്തയും ഇതിന്റെ പശ്ചാത്തലത്തിൽ മുൻ ഡയറക്ടർമാർ നൽകുന്ന മുന്നറിയിപ്പുകളും ചേർത്തുവായിക്കുമ്പോൾ ടാറ്റാ ഗ്രൂപ്പ് കടന്നുപോകുന്ന വലിയൊരു പ്രതിസന്ധിയുടെ പുർണ്ണരൂപം വ്യക്തമാകും.
ടാറ്റാ സൺസ് ഡയറക്ടർ ബോർഡിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് 2027 ഫെബ്രുവരിയിൽ തന്റെ കാലാവധി അവസാനിക്കുമ്പോൾ, പുതിയൊരു ടേമിലേക്ക് ഇല്ലെന്ന് ചന്ദ്രശേഖരൻ പ്രഖ്യാപിച്ചത്. ആറ് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി 24ന് നടന്ന ബോർഡ് യോഗത്തിലാണ് ഈ പ്രതിസന്ധികളുടെ തുടക്കം. ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി ചെയർമാനായി തുടരാൻ ടാറ്റാ ട്രസ്റ്റും നോമിനേഷൻ കമ്മിറ്റിയും ഐകകണ്ഠേന ശുപാർശ ചെയ്തിരുന്നെങ്കിലും, ബോർഡ് യോഗത്തിൽ ടാറ്റാ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റ ഇതിനെ എതിർക്കുകയായിരുന്നു.
ആറ് മാസമായിട്ടും ഈ തർക്കം പരിഹരിക്കപ്പെടാത്തതിനാലാണ് സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിനായി മുൻകൂട്ടിത്തന്നെ പടിയിറങ്ങാനുള്ള തീരുമാനത്തിലേക്ക് ചന്ദ്രശേഖരൻ എത്തിയത്.
നിരവധി തന്ത്രപ്രധാനമായ പദ്ധതികൾ അതിന്റെ നിർണായക ഘട്ടങ്ങളിലായതിനാൽ ടാറ്റാ സൺസിന്റെ ഭാവി നേതൃത്വത്തെക്കുറിച്ച് വ്യക്തത ആവശ്യമാണെന്ന് ചന്ദ്രശേഖരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി കമ്പനിക്ക് ആ വ്യക്തത ലഭിച്ചിരുന്നില്ല.
"ആ ബോർഡ് യോഗം കഴിഞ്ഞിട്ട് 6 മാസമായി, നാളിതുവരെ ഒരു തീരുമാനത്തിലും എത്തിയിട്ടില്ല," ചന്ദ്രശേഖരൻ പറഞ്ഞു.
ടാറ്റാ സൺസ് വളരെ വലിയൊരു സ്ഥാപനമാണെന്നും, നിർണായക ഘട്ടത്തിലുള്ള നിരവധി തന്ത്രപ്രദാന പദ്ധതികൾ അവിടെ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ജീവനക്കാർക്കും നിക്ഷേപകർക്കും പങ്കാളികൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും നേതൃത്വത്തെ കുറിച്ച് വ്യക്തതയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിലുണ്ടായ പ്രതിസന്ധി പിന്നീട് ചന്ദ്രശേഖരന്റെ ഭാവിയെക്കുറിച്ചുള്ള വലിയൊരു തർക്കമായി മാറി. ടാറ്റാ സൺസിന്റെ ഐപിഒ സാധ്യതകൾ, മൂലധന വിനിയോഗം, എയർ ഇന്ത്യ, ടാറ്റാ ഡിജിറ്റൽ തുടങ്ങിയ ബിസിനസുകളുടെ പ്രകടനം, ബോർഡിലെ പ്രാതിനിധ്യം, ഹോൾഡിംഗ് കമ്പനിയുടെ 66% ഓഹരികൾ കൈവശമുള്ള ടാറ്റാ ട്രസ്റ്റിന്റെ പങ്ക് എന്നിവയെച്ചൊല്ലിയുള്ള വ്യാപകമായ ഭിന്നതകളായി അത് വളർന്നു.
2016-ൽ സൈറസ് മിസ്ത്രിയെ അപ്രതീക്ഷിതമായി പുറത്താക്കിയതുപോലെയുള്ള ഒരു കടുത്ത പ്രതിസന്ധിയിലേക്ക് കമ്പനിയെ തള്ളിവിടാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ഈ അഭിപ്രായ വ്യത്യാസങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ടാറ്റാ സൺസിന്റെ പ്രാരംഭ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം അപ്പർ ലെയർ എൻബിഎഫ്‍സി വിഭാഗത്തിൽപ്പെടുന്ന ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ടാറ്റാ സൺസ് എക്കാലവും ഒരു സ്വകാര്യ കമ്പനിയായി തുടരുമെന്ന ഉറപ്പ് നോയൽ ടാറ്റ ആവശ്യപ്പെട്ടു. നിയമപരമായ മാറ്റങ്ങൾ എന്തുമാകാം എന്നതിനാൽ അത്തരമൊരു സ്ഥിരമായ ഉറപ്പ് നൽകാൻ കഴിയില്ലെന്നായിരുന്നു ചന്ദ്രശേഖരന്റെ നിലപാട്.
ഇതിനുപുറമെ കമ്പനിയിൽ 18ശതമാനം ഓഹരിയുള്ള ഷപൂർജി പല്ലോൺജി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം വർധിപ്പിക്കുന്നതിനായി ഐപിഒയെ ശക്തമായി പിന്തുണച്ചു. ടാറ്റാ ട്രസ്റ്റിനുള്ളിലെ ചില അംഗങ്ങൾക്കും ഐപിഒയോട് താല്പര്യമുണ്ടായിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാത്രം തുടർന്നുപോകാൻ കഴിയാത്തവിധം ടാറ്റാ സൺസ് വളരെ വലുതായിരിക്കുന്നു എന്ന ചിന്താഗതിയും ബോർഡിലുണ്ടായിരുന്നു.
ഐപിഒയ്ക്ക് പുറമെ ടാറ്റ ഗ്രൂപ്പിന്റെ മൂലധന വിനിയോഗവും പുതിയ സംരംഭങ്ങലിലെ നഷ്ടവും വലിയ ചർച്ചകൾക്ക് വഴിവെച്ചു. എയർ ഇന്ത്യ, ടാറ്റാ ഡിജിറ്റൽ (ബിഗ് ബാസ്ക്കറ്റ്), ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ കമ്പിനകളുടെ തുടർച്ചയായ നഷ്ടം ബോർഡിൽ ആശങ്കയുണ്ടാക്കി. പ്രത്യേകിച്ചും 2025 ജൂണിൽ നടന്ന എയർ ഇന്ത്യ വിമാനാപകടവും അതിനെ തുടർന്നുള്ള വൻ സാമ്പത്തിക നഷ്ടവും വലിയ മൂലധനം ആവശ്യമുള്ള ഇത്തരം ബിസിനസുകളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാക്കി.
ഈയൊരു സങ്കീർണ്ണമായ സാഹചര്യത്തിലാണ് ടാറ്റാ സൺസിന്റെ മുൻ ഡയറക്ടർമാരായ ആർ ഗോപാലകൃഷ്ണനും നോഷിർ സൂനാവാലയും നൽകുന്ന മുന്നറിയിപ്പുകൾ പ്രസക്തമാകുന്നത്. ടാറ്റാ ഗ്രൂപ്പിൽ ഇപ്പോൾ നടക്കുന്ന ഈ അധികാരത്തർക്കങ്ങളിൽ കടുത്ത വേദന പ്രകടിപ്പിച്ച അവർ വ്യക്തികളേക്കാൾ വലുതാണ് സ്ഥാപനം എന്ന സുപ്രധാന പാഠമാണ് ഓർമിപ്പിക്കുന്നത്. വ്യവസായ സംരംഭങ്ങളായ ടാറ്റാ സൺസും ജീവകാരുണ്യ സ്ഥാപനമായ ടാറ്റാ ട്രസ്റ്റും പരസ്പരം മത്സരിക്കുന്നതിന് പകരം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കണം. ഒരു വ്യക്തിയിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന പഴയ രീതിക്ക് പകരം കൂട്ടായ തീരുമാനങ്ങൾക്കും അധികാര വികേന്ദ്രീകരണത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. വ്യക്തികളോടുള്ള അമിതമായ വിധേയത്വത്തേക്കാൾ സ്ഥാപനത്തോടുള്ള കൂറിനാണ് എക്കാലവും മുൻഗണന നൽകേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.
മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളെ ഉദ്ധരിച്ചുകൊണ്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങളും ഇവർ നിർദ്ദേശിക്കുന്നുണ്ട്. ഭരണാധികാരി 'രാജധർമ്മം' പാലിക്കുക, സംഘർഷങ്ങളിലേക്ക് പോകുന്നതിന് മുൻപ് പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവുക, സ്ഥാപനത്തെയും ദുർബ്ബലരെയും ഒരുപോലെ സംരക്ഷിക്കുക, വിവേകമുള്ള ഉപദേശകരുടെ സഹായം തേടുക എന്നിവയാണവ.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന കോർപ്പറേറ്റ് മേധാവികളിൽ ഒരാളാണ് ചന്ദ്രശേഖരൻ. 2026 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന് ലഭിച്ച ആകെ പ്രതിഫലം 158.66 കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗവും (ഏകദേശം 89ശതമാനം അതായത് 140.69 കോടി രൂപ) കമ്പനിയുടെ ലാഭവുമായി ബന്ധിപ്പിച്ചുള്ള കമ്മീഷനാണ്. മുൻ വർഷം ഇത് 155.81 കോടി രൂപയായിരുന്നു. കവിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങൾക്കിടയിൽ ആകെ 671.4 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. കമ്പനിയുടെ ലാഭം വർദ്ധിച്ചതിനനുസരിച്ചാണ് അദ്ദേഹത്തിന്റെ പ്രതിഫലവും ഉയർന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കൽ, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.
ടാറ്റയിൽ വീണ്ടുമൊരു ബോർഡ്‌റൂം പോരാട്ടമോ?
ടാറ്റാ ഗ്രൂപ്പ് ഇതിനുമുൻപും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എങ്കിലും അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. 2016-ൽ, രത്തൻ ടാറ്റയുമായും ഡയറക്ടർ ബോർഡുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സൈറസ് മിസ്ത്രിയെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്താക്കുകയായിരുന്നു. തുടർന്ന് പരസ്യമായ കടുത്ത ആരോപണപ്രത്യാരോപണങ്ങൾക്കും വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കുമാണ് കോർപ്പറേറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
എന്നാൽ ചന്ദ്രശേഖരന്റെ പടിയിറക്കം വ്യത്യസ്തമായ രീതിയിലാണ് സംഭവിക്കുന്നത്. അദ്ദേഹത്തെ പുറത്താക്കിയതല്ല, മറിച്ച് അടുത്ത ഒരു കാലാവധിയിലേക്ക് തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു. തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ അദ്ദേഹം ചെയർമാനായി തുടരുകയും ചെയ്യും. പുതിയൊരു പിൻഗാമിയെ കണ്ടെത്താൻ കമ്പനിക്ക് ആവശ്യമായ സമയം ഇത് നൽകുന്നുണ്ട്.
അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രസ്താവനയും തികച്ചും സംയമനം പാലിച്ചുകൊണ്ടുള്ളതാണ്. തന്റെ പുനർനിയമനത്തെ എതിർത്ത ബോർഡ് അംഗത്തിന്റെ പേര് അദ്ദേഹം പരാമർശിക്കുകയോ, ഐപിഒ, മൂലധന വിനിയോഗം, കമ്പനിയുടെ നയങ്ങൾ എന്നിവയിലുണ്ടായ ഭിന്നതകളെക്കുറിച്ച് എടുത്തുപറയുകയോ ചെയ്തിട്ടില്ല. പകരം, സുഗമമായ ഒരു അധികാര കൈമാറ്റത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും, പിന്തുണ നൽകിയ ബന്ധപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
എങ്കിലും, ഇതിനു പിന്നിലെ യഥാർത്ഥ തർക്കങ്ങൾക്ക് പഴയ സംഭവങ്ങളുമായി സാമ്യമുണ്ട്. ഹോൾഡിങ് കമ്പനിയെ നിയന്ത്രിക്കുന്ന ടാറ്റാ ട്രസ്റ്റും, ടാറ്റാ സൺസിന്റെ പ്രൊഫഷണൽ മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തിലെ ഭിന്നതകളാണ് വീണ്ടുമൊരു നേതൃമാറ്റത്തിന് വഴിവെച്ചിരിക്കുന്നത്.
2016-ൽ ഈ അഭിപ്രായവ്യത്യാസങ്ങൾ മിസ്ത്രിയെ പെട്ടെന്ന് പുറത്താക്കുന്നതിലാണ് അവസാനിച്ചതെങ്കിൽ, ഇത്തവണ ആറ് മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കും സ്തംഭനാവസ്ഥയ്ക്കും ഒടുവിലാണ് രാജി പ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തിയത്.
പുതിയ ചെയർമാനെ എങ്ങനെ തിരഞ്ഞെടുക്കും?
ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (Articles of Association) അനുസരിച്ച് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ ഔദ്യോഗിക ഭരണഘടനാ രീതികളുണ്ട്. അഞ്ച് അംഗങ്ങളുള്ള ഒരു പ്രത്യേക സെലക്ഷൻ കമ്മിറ്റിയാണ് (Selection Committee) പുതിയ പിൻഗാമിയെ കണ്ടെത്തുക.
ഈ കമ്മിറ്റിയുടെ ഘടന ഇങ്ങനെയാണ്:
മൂന്ന് അംഗങ്ങൾ: സർ ദോറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും സംയുക്തമായി നിർദ്ദേശിക്കുന്നത്.
ഒരംഗം: ടാറ്റാ സൺസ് ബോർഡിൽ നിന്ന് തിരഞ്ഞെടുക്കുന്നത്.
ഒരംഗം: ടാറ്റാ സൺസ് തിരഞ്ഞെടുക്കുന്ന ഒരു സ്വതന്ത്ര പുറത്തുള്ള വ്യക്തി.
ടാറ്റാ സൺസിന്റെ 66 ശതമാനത്തോളം ഓഹരികളും ടാറ്റാ ട്രസ്റ്റിന്റെ കൈവശമുള്ളതിനാൽ, ഈ സെലക്ഷൻ കമ്മിറ്റിയിലും പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും ട്രസ്റ്റിന് നിർണായകമായ സ്വാധീനമുണ്ട്. എന്നാലും, പുതിയ വിവരങ്ങൾ പ്രകാരം സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളെയോ പുതിയ ചെയർമാനെയോ ടാറ്റാ സൺസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2027 ഫെബ്രുവരിക്ക് ശേഷമുള്ള കാലയളവിലേക്ക് നേതൃത്വത്തെക്കുറിച്ച് വ്യക്തത വരുത്താനായി എത്രയും വേഗം പുതിയ പിൻഗാമിയെ കണ്ടെത്താൻ ചന്ദ്രശേഖരൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പെട്ടെന്നുള്ള ഒരു നിയമനത്തിന് പകരം ഇത്തരം കൃത്യമായ ഔദ്യോഗിക നടപടിക്രമങ്ങളിലൂടെയാകും പുതിയ ചെയർമാൻ പുറത്തുവരിക. അതായത് 2027 ഫെബ്രുവരിയിൽ നിലവിലെ കാലാവധി പൂർത്തിയാകുന്നത് വരെ ചന്ദ്രശേഖരൻ തന്നെ ചെയർമാൻ സ്ഥാനത്ത് തുടരും.
N. Chandrasekaran has announced his decision to step down as the Chairman of Tata Sons, Tata Steel, and Tata Motors when his current tenure ends in February 2027. This decision follows a six-month-long boardroom deadlock that began in February 2026, when a proposal to extend his term faced opposition from a board member, despite unanimous recommendations from Tata Trusts and the nomination committee.