ജനം വലഞ്ഞ നാളുകൾ, രാജ്യം ക്യൂവിലായ ഓർമകൾക്ക് പത്ത് ആണ്ട്; പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ എത്രത്തോളം നേടി? കണക്കുകൾ പറയുന്നത് മറ്റൊരു കഥ

പ്രഖ്യാപനം നടന്ന് പത്തുവർഷം പിന്നിടുമ്പോഴും നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് അവസാനമായിട്ടില്ല
ജനം വലഞ്ഞ നാളുകൾ, രാജ്യം ക്യൂവിലായ ഓർമകൾക്ക് പത്ത് ആണ്ട്; പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ എത്രത്തോളം നേടി? കണക്കുകൾ പറയുന്നത് മറ്റൊരു കഥ
Published on: 

2016 നവംബർ എട്ട്. ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്ന ദിവസം. അന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചു. കള്ളപ്പണം, അഴിമതി, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നടപടി, രാജ്യത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി. പ്രഖ്യാപനം നടന്ന് പത്തുവർഷം പിന്നിടുമ്പോഴും നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് അവസാനമായിട്ടില്ല.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടതോടെ രാജ്യത്തെ ജനങ്ങൾ മുഴുവന്‍ അക്ഷരാർഥത്തിൽ ഞെട്ടി. കൈവശമുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾക്ക് അർധരാത്രി മുതൽ മൂല്യമില്ലാതാകുമെന്ന വാർത്ത സാധാരണക്കാരെ കടുത്ത ആശങ്കയിലാക്കി. പണം മാറ്റിയെടുക്കാനും ആവശ്യത്തിന് ചെറിയ നോട്ടുകൾ ലഭിക്കാനുമായി ആളുകൾ എടിഎമ്മുകളിലേക്കും ബാങ്കുകളിലേക്കും ഒഴുകി. അർധരാത്രിയോടെ എടിഎമ്മുകൾ പ്രവർത്തനം നിർത്തി. പിറ്റേന്ന് രാവിലെ മുതൽ ബാങ്കുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടു.

മണിക്കൂറുകൾ കാത്തുനിന്നിട്ടും പണം ലഭിക്കാതെ മടങ്ങേണ്ടിവന്നവർ, ക്യൂവിൽ തളർന്നുവീണവർ, ആവശ്യത്തിന് പണമില്ലാത്തതിനാൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയാതെ പോയവർ... നോട്ടുനിരോധനം സാധാരണ ജീവിതത്തെ താളംതെറ്റിച്ചു. വിവാഹങ്ങൾക്കും ചികിത്സകൾക്കും വ്യാപാര ഇടപാടുകൾക്കും തടസ്സമുണ്ടായി. പണത്തെ ആശ്രയിച്ചിരുന്ന ചെറുകിട വ്യാപാരമേഖലയും അസംഘടിത തൊഴിൽ മേഖലയുമാണ് പ്രതിസന്ധിയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ടത്.

കള്ളപ്പണം പുറത്തുകൊണ്ടുവരിക, അഴിമതി തടയുക, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്നിവയായിരുന്നു കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ പത്തുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ പ്രഖ്യാപനങ്ങൾ എത്രത്തോളം ഫലപ്രാപ്തിയിലെത്തിയെന്ന ചോദ്യം ഉയരുകയാണ്.

ജനം വലഞ്ഞ നാളുകൾ, രാജ്യം ക്യൂവിലായ ഓർമകൾക്ക് പത്ത് ആണ്ട്; പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ എത്രത്തോളം നേടി? കണക്കുകൾ പറയുന്നത് മറ്റൊരു കഥ
എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്

നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. അതായത്, നോട്ടുനിരോധനത്തിലൂടെ ബാങ്കുകളിലേക്ക് തിരിച്ചെത്താതെ പോയ പണത്തിന്റെ അളവ് വളരെ കുറവായിരുന്നു. അഴിമതി നിയന്ത്രിക്കുന്നതിലും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ അഴിമതി ധാരണാ സൂചികയിൽ 2013ൽ 94ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2025ൽ 91ാം സ്ഥാനത്താണ്. പത്തുവർഷത്തിനിടെ ഉണ്ടായത് മൂന്ന് സ്ഥാനങ്ങളുടെ മാത്രം പുരോഗതി.

ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപനം നോട്ടുനിരോധനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുപിഐ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രാജ്യത്ത് വലിയ പ്രചാരം നേടി. എന്നാൽ ഇതോടൊപ്പം കറൻസി ഉപയോഗം കുറഞ്ഞില്ലെന്നതാണ് ശ്രദ്ധേയം. 2015–16 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം 16.42 ലക്ഷം കോടി രൂപയായിരുന്നു. 2025–26 ആയപ്പോഴേക്കും ഇത് 41.46 ലക്ഷം കോടി രൂപയായി ഉയർന്നു. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായിട്ടും പണത്തിന്റെ ഉപയോഗം വർധിച്ചുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നാണ് ലഭ്യമായ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. 2024ലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) വിലയിരുത്തലിൽ ഭീകരവാദ ധനസഹായം തടയാനുള്ള ഇന്ത്യയുടെ ശേഷി മിതമായ നിലവാരത്തിലാണെന്നാണ് രേഖപ്പെടുത്തിയത്. 2018 മുതൽ 2023 വരെ ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ട കേസുകളിൽ 1,530 പേരെ വിചാരണ ചെയ്തെങ്കിലും 89 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഏകദേശം ആറ് ശതമാനം മാത്രമാണ് ശിക്ഷാനിരക്ക്.

ജനം വലഞ്ഞ നാളുകൾ, രാജ്യം ക്യൂവിലായ ഓർമകൾക്ക് പത്ത് ആണ്ട്; പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ എത്രത്തോളം നേടി? കണക്കുകൾ പറയുന്നത് മറ്റൊരു കഥ
ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 50% പേരും ജെന്‍ സികള്‍; ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്ത്?

കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നിയന്ത്രിക്കുന്നതിലും സ്ഥിതി ആശാവഹമല്ല. ബേസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവേണൻസിന്റെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സൂചികയിൽ 2014ൽ 162 രാജ്യങ്ങളിൽ 88ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2025ൽ 177 രാജ്യങ്ങളിൽ 60ാം സ്ഥാനത്തേക്കെത്തി. ഈ സൂചികയിൽ ഉയർന്ന സ്ഥാനമെന്നത് കൂടുതൽ അപകടസാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഈ മാറ്റം നേട്ടമായി വിലയിരുത്താനാവില്ല.

ആയുധക്കടത്തുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യ സൂചികയിൽ 2021ൽ 5.5 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2023ലും 2025ലും ആറായി ഉയർന്നു. അതേസമയം, തെരഞ്ഞെടുപ്പ് രംഗത്തെ കള്ളപ്പണത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും സാധിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്.

പത്തുവർഷം മുമ്പ് വലിയ പ്രതീക്ഷകളോടെയാണ് നോട്ടുനിരോധനം നടപ്പാക്കിയത്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ മാറ്റം കൊണ്ടുവരാനും കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ നിർണായക പോരാട്ടം നടത്താനുമുള്ള നടപടിയെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ വിലയിരുത്തുമ്പോൾ നോട്ടുനിരോധനം എത്രത്തോളം വിജയിച്ചെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഡിജിറ്റൽ ഇടപാടുകളുടെ വളർച്ച ഒരു വശത്ത് നേട്ടമായി നിൽക്കുമ്പോൾ, കറൻസി ഉപയോഗം വർധിച്ചതും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും പൂർണമായി തടയാനാകാത്തതും പത്തുവർഷത്തെ കണക്കുകളിൽ ചോദ്യചിഹ്നങ്ങളായി തുടരുന്നു.

Summary

The demonetisation announced on November 8, 2016, aimed to curb black money, corruption and terrorist financing. However, a decade later, its stated objectives remain largely unfulfilled. While digital transactions have grown significantly, currency circulation has also increased. Little progress has been made in tackling money laundering and terrorist financing.