

വിവാദങ്ങളുടെ കൊടുമുടി കയറി, പശ്ചിമ ബംഗാൾ ടൂറിസം വകുപ്പിന്റെ പുതിയ പരസ്യം. ബംഗാളിനെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ പരസ്യത്തിൽ ബംഗാളിനെ കാണാനില്ല എന്നതാണ് വിമർശനം. 'എവിടെയാണ് ബംഗാൾ?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് പരസ്യത്തിനെതിരെ ഉയരുന്നത്.
സംസ്ഥാന ടൂറിസത്തിന് പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും മുഖ്യമന്ത്രി സുവേന്ദു അധികാരി അനാച്ഛാദനം ചെയ്ത വേളയിലാണ് പുതിയ പരസ്യവും പുറത്തുവിട്ടത്. മമത ബാനർജിയുടെ 'ബിശ്വ ബംഗ്ല' എന്ന മുൻ ബ്രാൻഡിംഗിന് പകരമായി ബി.ജെ.പി സർക്കാർ കൊണ്ടുവന്ന 'West Bengal: Where India feels different' എന്ന ടാഗ്‌ലൈനും പുതിയ ലോഗോയും വലിയ ആഘോഷത്തോടെയാണ് പുറത്തിറക്കിയതും.
എന്നാൽ പരസ്യം ജനങ്ങൾക്ക് ഒട്ടും ദഹിച്ചിട്ടില്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഹൗറ പാലത്തിന്റെ മനോഹരമായ ദൃശ്യങ്ങളോടെയാണ് പരസ്യം ആരംഭിക്കുന്നതെങ്കിലും ടൂറിസ്റ്റ് ഗ്രൂപ്പിൽ നിന്ന് വഴിതെറ്റിപ്പോകുന്ന യാത്രക്കാരനെ പോലെ, വീഡിയോ പതിയ ബംഗാളിൽ നിന്ന് പുറത്തുകടക്കും. പിന്നീട് മരുഭൂമികളിലൂടെയും പിരമിഡുകളിലൂടെയും ലോകപ്രസിദ്ധമായ മറ്റ് കേന്ദ്രങ്ങളിലൂടെയും കടന്നുപോകും.
ദിഘയുമായോ ഡാർജിലിംഗുമായോ യാതൊരു ബന്ധവുമില്ലാത്ത വിദേശ ചരിത്രസ്മാരകങ്ങളും വൻകിട കെട്ടിടങ്ങളും പരസ്യത്തിൽ വന്നുപോകുന്നു. എന്നാൽ വിക്ടോറിയ മെമ്മോറിയൽ, ബിഷ്ണുപൂരിലെ ടെറാക്കോട്ട ക്ഷേത്രങ്ങൾ, ഡാർജിലിംഗ് ടോയ് ട്രെയിൻ എന്നിവയൊന്നും എവിടെയും കാണാനില്ല.
ഒറ്റനോട്ടത്തിൽ തന്നെ, ഫ്രാൻസിലെ ഐഫൽ ടവർ, റഷ്യയിലെ സെന്റ് ബേസിൽസ് കത്തീഡ്രൽ, ഈജിപ്തിലെ പിരമിഡുകൾ, റിയോയിലെ ക്രൈസ്റ്റ് ദി റെഡീമർ എന്നിവയൊക്കെ ഉണ്ടെങ്കിലും ഹൗറ പാലമല്ലാതെ ബംഗാളിന്റേതായി വീഡിയോയിൽ ഒന്നുമില്ല.
തുടർന്ന് പരസ്യം പുറത്തെത്തിയതിന് തൊട്ടുപിന്നാലെ നാലുപാട് നിന്നും വിമർശനവും എത്തി. പരസ്യത്തിനെ ചവറ് എന്ന് വിളിക്കുന്നത് പോലും കുറഞ്ഞുപോകും എന്നാണ് തൃണമൂൽ എം.പി ഡെറക് ഓബ്രിയൺ ട്വീറ്റ് ചെയ്തത്. വിഡ്ഢിത്തവും അസംബന്ധവുമായ വീഡിയോ എന്ന് വിശേഷിപ്പിച്ച മുൻ ഗവർണർ തഥാഗത റോയ്, പരസ്യം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗാളിന്ർറെ ടൂറിസം വീഡിയോയിൽ എന്തിനാണ് മോസ്കോയിലെയും ഈജിപ്തിലെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ ഫിഷറീസ് വകുപ്പിലേക്കോ മറ്റോ സ്ഥലം മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു.
'എവിടെയാണ് ബംഗാൾ?' എന്ന് ഒരു എക്സിൽ ഒരു ഉപയോക്താവ് തുറന്നടിച്ചപ്പോൾ, 'ഇതിന്റെ കോൺട്രാക്ട് ഗുജറാത്തിലെ ഏതെങ്കിലും പരസ്യ ഏജൻസിക്ക് കൊടുത്തതാണോ?' എന്നാണ് മറ്റൊരാൾ ചോദിച്ചത്. പരസ്യത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർക്ക് ഓസ്കാർ നൽകണമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ മയൂഖ് രഞ്ചൻഘോഷിന്റെ പരിഹാസം. കാടും കടലും മലനിരകളും നഗരങ്ങളുമെല്ലാം ഉള്ള ബംഗാളിന് പകരം ഈഫൽ ടവറിനും സെന്റ് പീറ്റേഴ്‌സ്ബർഗിനും സൗജന്യ പരസ്യം നൽകിയതിന്റെ യുക്തി എന്താണെന്നും മയൂഖ് ചോദിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ മുൻ ടൂറിസം പ്രചാരണങ്ങളുമായി പരസ്യത്തെ താരതമ്യം ചെയ്തവരുമുണ്ട്. അതിൽ സംസ്‌കാരവും തനിമയും സൗന്ദര്യവുമുണ്ടായിരുന്നു എന്നാണ്
ഇവർ ചൂണ്ടിക്കാട്ടുന്നത്.
'Where India feels different' എന്ന പുതിയ ടാഗ്‌ലൈനും വിമർശനത്തിന് വിധേയമായിട്ടുണ്ട്. കേരള ടൂറിസത്തിന്റെ 'God’s own country' അല്ലെങ്കിൽ രാജസ്ഥാന്റെ 'Padharo Mhare Desh' എന്നീ ഊഷ്മളമായ ടാഗ്‌ലൈനുകളുമായി ഇതിനെ താരതമ്യം ചെയ്താണ് വിമർശനം.
'80 സെക്കൻഡിൽ ലോകം ചുറ്റാം' എന്ന സിനിമയുടെ ട്രെയിലർ പോലെ തോന്നിക്കുന്ന ഈ പരസ്യത്തിനെതിരെയുള്ള വിമർശനങ്ങളോട് ബി.ജെ.പി സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
West Bengal Tourism Department’s new advertisement has sparked a major controversy. Released with the aim of putting Bengal on the global tourism map, the ad is being criticised for not showing Bengal itself. Social media is now flooded with mockery, with people asking, “Where is Bengal?”
The new advertisement was released during the unveiling of a new logo and brand identity for state tourism by Chief Minister Suvendu Adhikari. Replacing Mamata Banerjee’s earlier “Biswa Bangla” branding, the new logo and the BJP government’s tagline, “West Bengal: Where India feels different,” were launched with much fanfare.