ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?

പുരാണങ്ങളും അമാനുഷിക ലോകങ്ങളും ശക്തികളും അസുരന്മാരും മാന്ത്രിക ആയുധങ്ങളും ഡിജിറ്റൽ ആക്ഷൻ രംഗങ്ങളും ചൈനീസ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്
ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?
Published on

വീഡിയോ ഗെയിമുകളിലേതുപോലുള്ള കാടുകളും, അമിതമായി തിളങ്ങുന്ന അസുര രൂപങ്ങളും, സിജിഐയുമാണ് ‘രാമായണ’ ട്രെയ്‌ലറിലെ പ്രധാന പോരായ്മകളായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിനെ ലോകത്തിലെ ഏറ്റവും വലിയ തിയേറ്റർ വിപണികളിലൊന്നായ ചൈനയിൽ, ഇന്ത്യയുടെ പുരാണചിത്രം പരീക്ഷിക്കാനുള്ള അവസരമായാണ് എൻഡിടിവി വിലയിരുത്തുന്നത്.

ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?
'ബീഫ് കഴിക്കുന്ന രൺബീറിനെങ്ങനെ ശ്രീരാമനാകാൻ കഴിയും?': വിവാദങ്ങൾ പിടിമുറുക്കുന്ന 'രാമായണ'

ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ എത്തുന്നത്. നമിത് മൽഹോത്രയാണ് ചിത്രം നിർമിക്കുന്നത്. ദീപാവലി റിലീസായി ഇന്ത്യയിൽ ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. എന്നാൽ ഇന്ത്യയിലെ റിലീസിന് മുമ്പ് തന്നെ ചിത്രം നവംബർ 8ന് വിദേശത്ത് പ്രദർശനത്തിനെത്തുമെന്നാണ് നിർമാതാവ് അറിയിച്ചിരിക്കുന്നത്.

വിഷ്വൽ എഫക്റ്റ്സിനെ ചൊല്ലിയുള്ള ഓൺലൈൻ വിമർശനങ്ങൾക്കിടയിലും ‘രാമായണ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ വമ്പൻ സ്കെയിലിനെയും ദൃശ്യവിസ്മയത്തെയും ചിലർ പ്രശംസിച്ചപ്പോൾ, ഡിജിറ്റലായി സൃഷ്ടിച്ച പശ്ചാത്തലങ്ങൾ കൃത്രിമമായി തോന്നുന്നുവെന്നും അസുര കഥാപാത്രങ്ങളുടെ രൂപകൽപ്പന കൃത്യമമാണെന്നും സിജിഐയുടെ സാന്നിധ്യം ചിത്രത്തിൽ അമിതമാണെന്നും മറ്റുചിലർ വിമർശിച്ചു.

എന്നാൽ ‘രാമായണ’യുടെ വിഷ്വൽ എഫക്റ്റ്സിനെ ചൊല്ലിയുള്ള വിവാദത്തിന്റെ ഉത്തരം ഇന്ത്യയ്ക്ക് പുറത്ത്, ചൈനയിലാണുള്ളത്. 2025ൽ ചൈനീസ് ബോക്സ് ഓഫീസ് ഏകദേശം 7.4 ബില്യൺ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. വമ്പൻ പുരാണലോകങ്ങളും അമാനുഷിക ജീവികളും ദൈവിക പോരാട്ടങ്ങളും ദൃശ്യവിസ്മയം നിറഞ്ഞ ഫാന്റസി ചിത്രങ്ങളും ചൈനീസ് പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച വിപണിയാണ്. എന്നാൽ ചൈനീസ് പ്രേക്ഷകർ ‘രാമായണ’യെ സ്വാഭാവികമായി സ്വീകരിക്കുമെന്നതിൽ ഉറപ്പില്ല. എന്നാൽ ഇന്ത്യൻ പ്രേക്ഷകർ വിമർശിച്ച ദൃശ്യാവിഷ്കാരങ്ങൾക്ക് വിദേശത്ത് മറ്റൊരു തരത്തിലുള്ള സ്വീകാര്യത ലഭിക്കുമോ എന്നറിയാനുള്ള നിർണായക പരീക്ഷണമായി ചൈനീസ് വിപണി മാറിയേക്കാമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?
ചൈനയുടെ കടന്നുകയറ്റത്തിന് മറുപടി; അരുണാചലിലെ 27 പ്രദേശങ്ങള്‍ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

ടീസർ പുറത്തുവന്നത് മുതൽ തന്നെ ‘രാമായണ’യിലെ വിഷ്വൽ എഫക്റ്റ്സും കഥാപാത്രങ്ങളുടെ രൂപകൽപ്പനയും ഡിജിറ്റലായി സൃഷ്ടിച്ച പശ്ചാത്തലങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡിജിറ്റലായി നിർമിച്ച രം​ഗങ്ങളിൽ താരങ്ങളെ സ്വാഭാവികമായി സംയോജിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നും, ചിത്രത്തിലെ ലൈറ്റിങ്ങും കമ്പോസിറ്റിങ്ങും പലയിടത്തും കൃത്രിമമായി തോന്നുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?
'വാരണാസി' ഇനി IMAX ചരിത്രത്തിന്റെ ഭാഗം; നിർണായക പ്രഖ്യാപനവുമായി എസ് എസ് രാജമൗലി

കഥാപാത്രങ്ങളുടെയും ജീവികളുടെയും രൂപകൽപ്പനയും ധാരാളം വിമർശനങ്ങൾക്ക് കാരണമായി. പ്രത്യേകിച്ച് കുംഭകർണന്റെയും അസുരസൈന്യത്തിന്റെയും ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രഭാസ് നായകനായി 2023ൽ പുറത്തിറങ്ങിയ ‘ആദിപുരുഷ്’ എന്ന ചിത്രവുമായുള്ള താരതമ്യങ്ങളും ശക്തമായി. വമ്പൻ ബജറ്റും ഡിഎൻഇജി പോലുള്ള പ്രമുഖ വിഷ്വൽ എഫക്റ്റ്സ് സ്ഥാപനത്തിന്റെ പങ്കാളിത്തവുമുണ്ടെങ്കിലും, ഇത്തരം താരതമ്യങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല. എന്നാൽ, ചിത്രം ഇപ്പോഴും നിർമാണഘട്ടത്തിലാണെന്നും വിഷ്വൽ എഫക്റ്റ്സ് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറപ്രവർത്തകർ തുടരുമെന്നും പിന്നീട് യാഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് വിപണി ‘രാമായണ’യ്ക്ക് തികച്ചും വ്യത്യസ്തമായൊരു പരീക്ഷണവേദിയായേക്കാമെന്ന് എൻഡിടിവി അഭിപ്രായപ്പെട്ടു.

ഫാന്റസി ദൃശ്യവിസ്മയങ്ങളെ സ്വീകരിക്കുക മാത്രമല്ല, അവയെ കേന്ദ്രീകരിച്ച് വൻ വിജയചിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള വിപണിയാണ് ചൈനയുടേത്. പുരാണങ്ങളും അമാനുഷിക ലോകങ്ങളും ശക്തികളും അസുരന്മാരും മാന്ത്രിക ആയുധങ്ങളും ഡിജിറ്റൽ ആക്ഷൻ രംഗങ്ങളും ചൈനീസ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘ഷിയാൻഷ്യ’, ‘വുഷിയ’, തുടങ്ങിയ ചൈനീസ് പുരാണ ഫാന്റസികൾക്കും ചൈനയിൽ വലിയ സ്വീകാര്യതയാണുളളത്.

‘ഷിയാൻഷ്യ’ വിഭാഗം പ്രധാനമായും അമരന്മാർ, ദൈവിക ശക്തിയുള്ള കഥാപാത്രങ്ങൾ, അസുരന്മാർ, പുനർജന്മങ്ങൾ, ആത്മീയത, പ്രപഞ്ചതലത്തിന്റെ പോരാട്ടങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. തിളങ്ങുന്ന നിറങ്ങളും സങ്കീർണമായ വസ്ത്രാലങ്കാരങ്ങളും ഫാന്റസി ജീവികളും കമ്പ്യൂട്ടർ ജനറേറ്റഡ് ദൃശ്യലോകങ്ങളും ഈ വിഭാഗത്തിന്റെ പ്രധാന സവിശേഷതകളാണ്. ‘മോൺസ്റ്റർ ഹണ്ട്’, ‘നെ ഷാ’ ഫ്രാഞ്ചൈസി തുടങ്ങിയ ചൈനീസ് ചിത്രങ്ങൾ പുരാണങ്ങളെ വൻ വാണിജ്യ ദൃശ്യവിസ്മയങ്ങളാക്കി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ‘നെ ഷാ 2’ ആഗോളതലത്തിൽ 2.2 ബില്യൺ ഡോളറിലധികം നേടുകയും, ആധുനിക ചൈനീസ് സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ, ‘രാമായണ’യിലെ ഡിജിറ്റൽ കാടുകളും ദിവ്യായുധങ്ങളും ഭീമാകാര ജീവികളും അസുരസൈന്യവുമെല്ലാം അമിതമായ ദൃശ്യവിസ്മയമായി ചൈനീസ് പ്രേക്ഷകർക്ക് തോന്നണമെന്നില്ല. മറിച്ച്, അവർക്ക് പരിചിതമായ ഒരു ദൃശ്യഭാഷയായി മാറാനാണ് സാധ്യത. അതുകൊണ്ട് തന്നെ ‘രാമായണ’യുടെ വമ്പൻ ഫാന്റസി ലോകവും സിജിഐ ദൃശ്യാവിഷ്കാരവും ചൈനീസ് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നത് ഏറെ കൗതുകകരമായ കാര്യമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇന്ത്യ വിമർശിച്ച ‘രാമായണ’യുടെ ദൃശ്യങ്ങൾ ചൈന ഏറ്റെടുക്കുമോ?
'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?

‘രാമായണ’ ചൈനീസ് വിപണിയിലും എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ലോകമെമ്പാടുമുള്ള റിലീസിൽ ചൈനയും ഉൾപ്പെടുന്നുണ്ടെന്നും, ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും, നമിത് മൽഹോത്ര എൻഡിടിവിയോട് പറഞ്ഞു. നിതേഷ് തിവാരി സംവിധാനം ചെയ്ത ‘ദംഗൽ’ ചൈനയിൽ ചരിത്രവിജയം നേടിയിരുന്നു. ചിത്രത്തിന് ചൈനയിൽ നിന്ന് മാത്രം ഏകദേശം 1,300 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചു. മിക്ക ഇന്ത്യൻ സിനിമകളും ആഗോളതലത്തിൽ നേടിയിട്ടുള്ള ആകെ കളക്ഷനേക്കാൾ ഉയർന്ന തുകയായിരുന്നു ഇത്. അതുകൊണ്ട് ചൈനയിൽ ചിത്രം റിലീസ് ചെയ്യുന്നത് ഏറെ പ്രധാനപ്പെട്ട നീക്കമാണെന്നാണ് എൻഡിടിവിയുടെ നിരീക്ഷണം.

മറ്റ് നിരവധി ഇന്ത്യൻ സിനിമകൾക്കും ചൈനയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’, ‘അന്ധാധുൻ’, ‘ബജ്‌റംഗി ഭായിജാൻ’, ‘ഹിന്ദി മീഡിയം’ തുടങ്ങിയ ചിത്രങ്ങളെല്ലാം ചൈനീസ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അടുത്തിടെ വിജയ് സേതുപതി നായകനായ തമിഴ് ത്രില്ലർ ‘മഹാരാജ’യും ചൈനീസ് വിപണിയിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. 2024 അവസാനത്തോടെ ചൈനയിൽ റിലീസ് ചെയ്ത ചിത്രം ഏകദേശം 92 കോടി രൂപയാണ് നേടിയത്.

റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 100 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ‘രാമായണ’യുടെ ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. വമ്പൻ താരനിരയും ദൃശ്യവിസ്മയവും കൊണ്ട് ശ്രദ്ധ നേടിയ ട്രെയ്‌ലറിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യാഷും എത്തുന്നു. സണ്ണി ഡിയോൾ, ശോഭന, അരുൺ ഗോവിൽ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

Summary

‘Ramayana’ faces mixed reactions over its VFX, CGI-heavy visuals and character designs. While some Indian viewers criticised the artificial-looking environments, China could offer a different test. With a strong appetite for mythology and fantasy spectacle, the Chinese market may become crucial for the film’s global box-office prospects and international appeal.

Madism Digital
madismdigital.com