പരീക്ഷ ജയിച്ചപ്പോൾ കാമുകി ബന്ധത്തിൽനിന്ന് പിൻമാറി; ചോദ്യപേപ്പർ ചോർച്ച പുറത്തുവിട്ട് കാമുകൻ

സംഭവത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
പരീക്ഷ ജയിച്ചപ്പോൾ കാമുകി ബന്ധത്തിൽനിന്ന് പിൻമാറി; ചോദ്യപേപ്പർ ചോർച്ച പുറത്തുവിട്ട് കാമുകൻ
Published on

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ മുൻ കാമുകന്റെ പ്രതികാരമെന്ന് പൊലീസ്. ചോദ്യപേപ്പർ ചോർന്ന് ലഭിച്ചതിലൂടെ പരീക്ഷയിൽ വിജയിച്ച യുവതി പിന്നീട് ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നാണ് മുൻ കാമുകൻ ക്രമക്കേട് പുറത്തുകൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രമക്കേട് സ്ഥിരീകരിച്ചതിന് പിന്നാലെ ഡ്രഗ് ഇൻസ്പെക്ടർ (ഗ്രൂപ്പ്-ബി) തസ്തികയിലേക്കുള്ള മുഴുവൻ നിയമന നടപടികളും എംപിഎസ്‌സി റദ്ദാക്കി.

മാർച്ച് 22നാണ് മഹാരാഷ്ട്രയിൽ ഡ്രഗ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള സ്ക്രീനിങ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നതായും ഇതിലെ ചോദ്യങ്ങൾ ലഭിച്ച ഉദ്യോഗാർത്ഥികളിലൊരാളായ റുതുജ പാട്ടീൽ പരീക്ഷയിൽ വിജയിച്ച് അന്തിമ റാങ്ക് പട്ടികയിൽ ഇടം നേടിയതായുമാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ പരീക്ഷയ്ക്ക് പിന്നാലെ റുതുജയും കാമുകനായ ഗൗരവ് രാജേന്ദ്ര പാട്ടീലും തമ്മിലുള്ള ബന്ധം അവസാനിച്ചു. വിവാഹത്തിന് ഗൗരവിന്റെ കുടുംബം സമ്മതിക്കാത്തതിനെ തുടർന്നാണ് ഇരുവരും അകന്നതെന്നാണ് വിവരം.

പരീക്ഷ ജയിച്ചപ്പോൾ കാമുകി ബന്ധത്തിൽനിന്ന് പിൻമാറി; ചോദ്യപേപ്പർ ചോർച്ച പുറത്തുവിട്ട് കാമുകൻ
സിലിക്കൺ വാലിയെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തൽ: ആന്ത്രോപിക് സിഇഒയുടെ ഭാര്യ എപ്സ്റ്റീനെ സമീപിച്ചത് 'ലക്ഷ്വറി പോൺ' കമ്പനിക്ക് വേണ്ടി

ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ ഗൗരവ്, പരീക്ഷയിലെ ക്രമക്കേടിന്റെ വിവരങ്ങൾ എംപിഎസ്‌സിയെ അറിയിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി കമ്മീഷന് ഇമെയിൽ വഴിയാണ് ഇയാൾ പരാതി നൽകിയത്.

പിന്നീട് പരാതി പിൻവലിക്കാൻ ഗൗരവ് ശ്രമിച്ചെങ്കിലും അതിനകം എംപിഎസ്‌സി വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്.

പ്രണയബന്ധത്തിലെ തർക്കത്തിൽ നിന്നുണ്ടായ പ്രതികാരമാണ് വലിയൊരു പരീക്ഷാ ക്രമക്കേട് പുറത്തുവരാൻ കാരണമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

അന്വേഷണത്തിനൊടുവിൽ ചോദ്യപേപ്പർ ചോർന്നതിന്റെ വഴിയും പൊലീസ് കണ്ടെത്തി. പരീക്ഷാ തയ്യാറെടുപ്പിനായി റുതുജ പാട്ടീൽ ചേർന്നിരുന്ന കോച്ചിംഗ് സ്ഥാപനത്തിലൂടെയാണ് ചോദ്യങ്ങൾ ഇവർക്ക് ലഭിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

പരീക്ഷ ജയിച്ചപ്പോൾ കാമുകി ബന്ധത്തിൽനിന്ന് പിൻമാറി; ചോദ്യപേപ്പർ ചോർച്ച പുറത്തുവിട്ട് കാമുകൻ
ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്

എംപിഎസ്‌സി ഓഫീസിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ വിശ്വേശ്വർ ദത്താത്രയ നകാതെ ചോദ്യങ്ങൾ ശേഖരിച്ച് അണ്ടർ സെക്രട്ടറി അഭിജിത് ലെൻഡവേയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് ലെൻഡവേ ചോദ്യങ്ങൾ മറ്റൊരു അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗോപാൽ മറാഠെയ്ക്ക് കൈമാറി. മറാഠെയിൽ നിന്നാണ് ചോദ്യങ്ങൾ കോച്ചിംഗ് ക്ലാസ് ഡയറക്ടർ പ്രവീൺ പാട്ടീലിലെത്തിയത്.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രവീൺ പാട്ടീൽ ചോർന്ന ചോദ്യങ്ങൾ റുതുജയുടെ പിതാവ് അമൃത് നാംദിയോ പാട്ടീലിന് കൈമാറിയതായും ഇതിനായി അഞ്ച് ലക്ഷം രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ചോർന്ന ചോദ്യസെറ്റും യഥാർഥ പരീക്ഷാ പേപ്പറും പരിശോധിച്ച അന്വേഷണസംഘം ഞെട്ടിക്കുന്ന സാമ്യമാണ് കണ്ടെത്തിയത്. ചോർന്ന സെറ്റിലെ 77 ചോദ്യങ്ങളും മാർച്ച് 22ന് നടന്ന യഥാർഥ പരീക്ഷയിലെ ചോദ്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷാ ക്രമക്കേട് ആസൂത്രിതമായ രീതിയിലാണ് നടന്നതെന്ന സംശയം കൂടുതൽ ശക്തമാവുകയായിരുന്നു.

ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എംപിഎസ്‌സിയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രയ നകേറ്റ്, ഗോപാൽ ഭട്ടു മറാത്തെ, അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്‌റാവു ലെൻഡ്‌വെ, കോച്ചിംഗ് ക്ലാസ് ഡയറക്ടർ പ്രവീൺ ദിലീപ് പാട്ടീൽ, അമൃത് നാംദിയോ പാട്ടീൽ, ഗൗരവ് രാജേന്ദ്ര പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് സെപ്റ്റംബർ 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

സംഭവം പുറത്തുവന്നതിന് പിന്നാലെ ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ വകുപ്പിന് കീഴിലെ ഡ്രഗ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള മുഴുവൻ നിയമന നടപടികളും മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എംപിഎസ്‌സി) റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ലഭിച്ച പരാതികളും അന്വേഷണത്തിൽ പുറത്തുവന്ന തെളിവുകളും അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്.

എംപിഎസ്‌സിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ചോദ്യപേപ്പർ ചോർച്ച നടന്നതെന്ന ആരോപണം ഉയർന്നതോടെ, സംസ്ഥാനത്തെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയും നിയമന നടപടികളുടെ സുതാര്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ സംബന്ധിച്ചും സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം തുടരുകയാണ്.

Summary

The question paper leak in the Maharashtra Public Service Commission’s Drug Inspector examination, which came to light as an act of revenge following the breakup of a romantic relationship, has once again raised serious questions over the credibility of competitive examinations in the state. An investigation based on a complaint filed by the former boyfriend led to the arrest of six people, including MPSC officials, the director of a coaching centre, and the candidate’s father.

Madism Digital
madismdigital.com