ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തയച്ചു. കോടതിയിൽ നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകില്ലെന്ന കടുത്ത തീരുമാനമാണ് മുൻ ഡൽഹി മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ശർമ്മയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും, മഹാത്മാഗാന്ധിയുടെ 'സത്യാഗ്രഹ' പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കത്തിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നിഷ്പക്ഷതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയ കെജ്‌രിവാൾ, ജഡ്ജിക്ക് ബിജെപി, ആർഎസ്എസ്, കേന്ദ്ര സർക്കാർ എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. നീതി നടപ്പിലാക്കുക മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും വേണം എന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും മനസാക്ഷിയുടെ വിളി കേട്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്നതും തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായുള്ള അവരുടെ പ്രൊഫഷണൽ ബന്ധവും കെജ്‌രിവാൾ ആരോപണങ്ങളായി ഉന്നയിക്കുന്നു. നേരത്തെ ആർഎസ്എസ് അനുബന്ധ സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജഡ്ജി പങ്കെടുത്ത വിവരങ്ങൾ എഎപി പുറത്തുവിട്ടിരുന്നു.
ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്നും തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായുള്ള അവരുടെ പ്രൊഫഷണൽ ബന്ധവും കെജ് രിവാൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ ആർഎസ്എസ് അനുബന്ധ സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്ത വിവരങ്ങളും എഎപി പുറത്തുവിട്ടിരുന്നു. ജഡ്ജിയെ മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.
ഇനിയെന്താണ് കേസിൽ സംഭവിക്കാൻ പോകുന്നത്?
കെജ്‌രിവാളോ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനോ കോടതിയിൽ ഹാജരായില്ലെങ്കിൽ കേസ് മുന്നോട്ടുപോകാതിരിക്കില്ല. തുടർച്ചയായി കേസിൽ പ്രതി വാദങ്ങൾക്കായി കോടതിയിൽ ഹാജരായില്ലെങ്കിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കോടതിക്ക് സാധിക്കും. വീണ്ടും സമാനരീതിയിൽ കോടതിയിലെത്താതിരുന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കോടതിക്ക് അധികാരമുണ്ട്.
കോടതിയിൽ പ്രതിക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ലെങ്കിൽ അമിക്കസ് ക്യൂരിയെ നിയമിച്ച് പ്രതിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കോടതിക്ക് സാധിക്കും. കോടതിയുടെ സുഹൃത്ത് എന്ന് പരിഭാഷപ്പെടുത്താവുന്ന പദവിയാണ് അമിക്കസ് ക്യൂരിയുടേത്. ശരിയായ തലത്തിൽ പ്രതിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അമിക്കസ് ക്യൂരിയുടെ ചുമതല. ഇത്തരം സ്വതന്ത്ര അഭിഭാഷക നിയമനം വളരെ അപൂർവ്വം സാഹചര്യങ്ങളിൽ മാത്രമാണ് നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. നീതിയുക്തമായ വാദങ്ങളും കോടതിനടപടിക്രമങ്ങളുമാണ് നടക്കുന്നതെന്ന് അമിക്കസ് ക്യൂരി നിരീക്ഷിക്കുന്നതോടെ നിയമപരമായിട്ടാണ് വിചാരണ പൂർത്തിയാക്കിയതെന്ന് കോടതിക്ക് ഉറപ്പിക്കാം.
എന്താണ് കോടതി മുൻപ് പറഞ്ഞത്?
സിബിഐ നൽകിയ അപ്പീലിന്മേൽ വാദം കേൾക്കുന്നതിൽ യാതൊരു കാരണവശാലും പിന്മാറില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ നിലപാട്. കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ശർമ്മ നിലപാട് പ്രഖ്യാപിച്ചത്. കെട്ടിച്ചമച്ച ചില കഥകൾക്ക് മുന്നിൽ നീതിന്യായ വ്യവസ്ഥ കീഴടങ്ങില്ല. പിന്മാറ്റമുണ്ടാവേണ്ടത് നിയമത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഈ ഘട്ടത്തിൽ പിന്മാറുന്നത് നീതിന്യായ വ്യവസ്ഥയുടെ കീഴടങ്ങലായിട്ടാണ് വിലയിരുത്തപ്പെടുക. ജഡ്ജിമാരെയും കോടതിയെയും സ്വാധീനിക്കാനും മാറ്റാനും കഴിയുമെന്ന സന്ദേശമായിരിക്കും പിന്മാറ്റം പൊതുസമൂഹത്തിന് നൽകുക. അതൊരു തെറ്റായ സന്ദേശമാണ്. ഹർജി തള്ളിയ ശേഷം സ്വർണ കാന്ത ശർമ പറഞ്ഞു. കൂടാതെ വ്യക്തിപരമായ ആശങ്കകൾ പക്ഷപാതപരമായ നിലപാടായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
English Summary: Arvind Kejriwal has taken a strong stand against the Delhi High Court, refusing to appear in the liquor policy case proceedings, citing lack of trust in the judge. His move raises legal concerns, including the possibility of arrest warrants and imprisonment if he continues to stay away from court.