

താജ്‌മഹലിന്മേൽ തർക്കവിതർക്കങ്ങൾ ഇപ്പോൾ പുതിയ വാർത്തയല്ല. തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്‌മഹൽ എന്നും ഷാജഹാൻ ഈ ക്ഷേത്രത്തിന് മേൽ മിനാരം പണിയുകയായിരുന്നു എന്നുമൊക്കെ പല തവണ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
ഈ വിവാദങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് അലഹബാദ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നിപ്പോൾ ഉണ്ടായിരിക്കുന്നത്. താജ്‌മഹൽ 'തേജോമഹാലയ' ആയിരുന്നോ എന്നറിയാൻ സർവേ നടത്തണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി.
പ്രദേശത്ത് സർവേ നടത്തണമെന്ന ഹർജി റദ്ദാക്കണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി കോടതി പരിഗണിച്ചു എന്നത് തന്നെ അതിശയമായി തുടരുന്ന സാഹചര്യത്തിലാണ്, വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി തേടിയുള്ള കോടതിനീക്കവും.
താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമീഷണറെ നിയോഗിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഈ ഹർജി ആഗ്ര കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹർജിക്കാർ സമർപ്പിച്ച അപ്പീലിലാണിപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിനിന്റെ വാദം കേട്ട ശേഷം ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
2015ലാണ് താജ്‌മഹലിന്മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ രംഗത്തെത്തുന്നത്. ആഗ്ര കോടതിയിലെ ഒരു സിവിൽ കേസ് ആയിട്ടായിരുന്നു തുടക്കം. താജ്‌മഹൽ മുമ്പ് തേജോമഹാലയ എന്ന ക്ഷേത്രമായിരുന്നെന്നും ഇവിടെ പൂജ നടത്താൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹർജി. താജ്‌മഹലിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ 109 പ്രത്യേകതകളാണ് സ്മാരകം ക്ഷേത്രമാണെന്ന് വാദിക്കാൻ ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാൻ സൈറ്റിൽ ഒരു സർവേ നടത്തണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചു. ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു ആവശ്യം. ഈ ഹർജി ആഗ്രയിലെ അഡീഷണൽ സിവിൽ ജഡ്ജിയും റിവിഷൻ ഹർജി അഡീഷണൽ ജില്ലാ ജഡ്ജിയും തള്ളി.
ഈ ഉത്തരവുകളെ ചോദ്യം ചെയ്തുള്ള ഹർജിയാണ് ഇപ്പോൾ അലഹബാദ് ഹൈക്കോടതി പരിഗണിച്ചിരിക്കുന്നത്. തുടർനടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് എതിർസത്യവാങ്മൂലം സമർപ്പിക്കാനാണ് കേന്ദ്രത്തിനും എഎസ്ഐയ്ക്കും ഹൈക്കോടതി നിർദേശം.
താജ്മഹൽ മുഗൾ കാലഘട്ടത്തിൽ നിർമിച്ച ഒരു ശവകുടീരമാണെന്നും അത് ആദ്യം ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു പുരാവസ്തു തെളിവുകളും ഇല്ലെന്നുമുള്ള നിലപാടാണ് പുരാവസ്തു വകുപ്പ് സ്വീകരിച്ചു വരുന്നത്. സ്മാരകം ക്ഷേത്രമായിരുന്നതിന് ചരിത്രപരമായ രേഖകളില്ലെന്ന് കേന്ദ്രസർക്കാരും പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്
Disputes regarding the Taj Mahal are no longer new news. Arguments have been raised multiple times claiming that the Taj Mahal was originally a Shiva temple named 'Tejo Mahalaya' and that Shah Jahan merely built the minarets over this temple. The latest chapter in these controversies has now emerged from the Allahabad High Court. The court has issued notices to the Central Government and the Archaeological Survey of India (ASI) on a petition seeking a survey to determine whether the Taj Mahal was indeed 'Tejo Mahalaya'.