4 ദിവസത്തിനിടെ മൂന്ന് ആത്മഹത്യ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നു, സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം

മെയ് മൂന്ന് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 നീറ്റ് പരീക്ഷാര്‍ഥികളെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്.
4 ദിവസത്തിനിടെ മൂന്ന് ആത്മഹത്യ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നു, സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം
Published on

തമിഴ്നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നാല് ദിവസത്തിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. തുടര്‍ന്നാണ് നീറ്റ് പരീക്ഷക്കെതിരെ രാഷ്ട്രീയ പ്രതിഷേധം ശക്തമായാത്. സേലം, ധര്‍മ്മപുരി, കൃഷ്ണഗിരി ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സേലം ജില്ലയിലെ ഇടപ്പാടിക്ക് സമീപമുള്ള വെള്ളാളപുരം സ്വദേശി എസ് ഗോപിക (19), ധര്‍മ്മപുരി ജില്ലയിലെ പാലക്കോട് സ്വദേശി ആര്‍ രോശിനി (19), കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ബാഗലൂര്‍ റോഡ് സ്വദേശി സി വെട്രി ആനന്ദന്‍ (20) എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മെയ് മൂന്ന് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 നീറ്റ് പരീക്ഷാര്‍ഥികളെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരിന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യകള്‍ ഉണ്ടാകുന്നത്.

പുനഃപരീക്ഷയ്ക്ക് മുന്നോടിയായുള്ള കടുത്ത മാനസിക സമ്മര്‍ദ്ദം

2024-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗോപിക കഴിഞ്ഞ രണ്ട് വര്‍ഷമായി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ഒരു സലൂണില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ഗോപികയുടെ പിതാവെന്നും അമ്മ വീട്ടമ്മയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. കോച്ചിങ് ക്ലാസുകള്‍ക്കുള്ള സാമ്പത്തികശേഷി കുടുംബത്തിന് ഇല്ലാതിരുന്നതിനാല്‍ സ്വന്തം നിലയിലാണ് ഗോപിക പഠിച്ചിരുന്നത്. മെയ് മൂന്നിലേത് ഉള്‍പ്പെടെ മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതിയ ഗോപിക ഞായറാഴ്ചത്തെ പുനഃപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

4 ദിവസത്തിനിടെ മൂന്ന് ആത്മഹത്യ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നു, സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകുന്നതിനാല്‍ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും പുനഃപരീക്ഷ പ്രഖ്യാപിച്ചതോടെ തന്റെ ആശങ്ക വര്‍ദ്ധിച്ചുവെന്നും ഗോപിക നേരത്തെ പിതാവിനോട് പറഞ്ഞിരുന്നതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാതാപിതാക്കള്‍ ജോലിക്ക് പോയതിനു ശേഷം ഗോപികയെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇടപ്പാടിയിലെ ആശുപത്രിയിലും പിന്നീട് സേലം സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കൊങ്കണാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2025-ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ രോശിനി നാമക്കല്ലിലെ ഒരു നീറ്റ് കോച്ചിങ് സെന്ററില്‍ പഠിച്ചതിന് ശേഷം രണ്ട് മാസം മുമ്പാണ് സ്വന്തം വീട്ടില്‍ വന്ന് പഠനം തുടര്‍ന്നത്. ജൂണ്‍ 21-ലെ പരീക്ഷയ്ക്കായി ധര്‍മ്മപുരിയിലെ ഒരു പരീക്ഷാ കേന്ദ്രമാണ് രോശിനിക്ക് ലഭിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം പിതാവ് രാമകൃഷ്ണന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രോശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷാ സമ്മര്‍ദ്ദമാണോ മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പാലക്കോട് പൊലീസ് അറിയിച്ചു.

2023-ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ വെട്രി ആനന്ദന്‍ രണ്ട് വര്‍ഷമായി നാമക്കല്ലിലെ ഒരു നീറ്റ് കോച്ചിങ് സെന്ററില്‍ പഠിക്കുകയായിരുന്നു. മെയ് മൂന്നിന് പരീക്ഷ എഴുതിയിരുന്നു. പരീക്ഷ നന്നായി എഴുതിയെന്ന വിശ്വാസത്തിലായിരുന്ന വെട്രി ആനന്ദന്‍. എന്നാല്‍ പരീക്ഷ റദ്ദാക്കിയതിലും വീണ്ടും തയ്യാറെടുക്കേണ്ടി വന്നതിലും ഏറെ നിരാശനായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് അമ്മ കടയില്‍ പോയ സമയത്താണ് വെട്രി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്തത്. നീറ്റിനെക്കുറിച്ചുള്ള ഭയം കാരണം ഒരു മാസമായി കൃത്യമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും വീണ്ടും പരാജയപ്പെടുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നും വെട്രി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. തന്റെ തീരുമാനത്തിന് ആരും ഉത്തരവാദികളല്ലെന്നും മാതാപിതാക്കളോടും സഹോദരനോടും ക്ഷമ ചോദിക്കുന്നുവെന്നും കത്തില്‍ എഴുതിയിരുന്നു.

4 ദിവസത്തിനിടെ മൂന്ന് ആത്മഹത്യ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നു, സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം
'കാണിക്കവഞ്ചി തുറക്കുമ്പോൾ ക്യാമറകൾ ഓഫ് ചെയ്യും'; യോഗിക്ക് ചോരകൊണ്ട് കത്തെഴുതി പുരോഹിതൻ, മഥുരയിലും സാമ്പത്തിക ക്രമക്കേട് ആരോപണം

അതേസമയം, സേലത്തെ ഒരു സ്വകാര്യ കോച്ചിംഗ് സെന്ററില്‍ പരിശീലനം നേടിയിരുന്ന കൂനൂര്‍ സ്വദേശിയായ 18 വയസ്സുകാരി ഞായറാഴ്ച രാവിലെ നീറ്റ് പരീക്ഷയ്ക്ക് പോകുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയ പ്രതികരണങ്ങള്‍

നീറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്ക് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് ഡിഎംകെ വിദ്യാര്‍ഥി സംഘടന ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. നീറ്റ് പരീക്ഷ ഇന്ത്യയിലുടനീളം നിര്‍ത്തലാക്കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത് തമിഴ്നാടിനെയെങ്കിലും ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും പിഎംകെ നേതാവ് അന്‍പുമണി രാമദോസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നീറ്റില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിസികെ തലവന്‍ തോള്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു.

Summary

The demand to exempt Tamil Nadu from the NEET examination has resurfaced following the deaths of three students within four days, allegedly linked to stress surrounding the NEET re-examination. The incidents were reported from Salem, Dharmapuri, and Krishnagiri districts.

Madism Digital
madismdigital.com