പശ്ചിമബംഗാൾ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ, കേവലമൊരു രാഷ്ട്രീയ മത്സരത്തിനപ്പുറം വലിയൊരു അധികാര വടംവലിക്കാണ് കൊൽക്കത്ത സാക്ഷ്യം വഹിക്കുന്നത്. 2021-ലെ വമ്പിച്ച വിജയത്തിന് ശേഷം ഭരണത്തുടർച്ചയ്ക്കായി മമത ബാനർജി ഇറങ്ങുമ്പോൾ, പഴയ പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്താർജ്ജിച്ചാണ് ബിജെപിയുടെ വരവ്. ബംഗാളി വികാരവും ദേശീയ രാഷ്ട്രീയവും നേർക്കുനേർ നിൽക്കുന്ന ഈ പോരാട്ടത്തിൽ വിജയസാധ്യതകളെ നിർണ്ണയിക്കുന്നത് പുതിയ ചില ഘടകങ്ങളാണ്.
കണക്കിലെ കളികളും പ്രതീക്ഷയുടെ ഭാരവും
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അപഗ്രഥിച്ചാൽ തൃണമൂൽ കോൺഗ്രസ് 192 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്നുണ്ട്. ബിജെപി 90 മണ്ഡലങ്ങളിലും കോൺഗ്രസ് 11 ഇടത്തും സിപിഎം ഒരു മണ്ഡലത്തിലുമാണ് മുന്നിലെത്തിയത്. പ്രത്യക്ഷത്തിൽ തൃണമൂലിന് വലിയ മുൻതൂക്കം തോന്നാമെങ്കിലും വോട്ടുവിഹിതത്തിലെ അന്തരം കുറഞ്ഞുവരുന്നത് ഭരണകക്ഷിക്ക് ആശങ്ക നൽകുന്നതാണ്. തൃണമൂലിന് 45.8 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപി 38.7 ശതമാനം വോട്ട് വിഹിതവുമായി തൊട്ടുപിന്നിലുണ്ട്.
ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി ന്യൂനപക്ഷ വോട്ടുകളിലുണ്ടാകാൻ സാധ്യതയുള്ള വിള്ളലാണ്. ഇത്തവണ കോൺഗ്രസ്-ഇടത് സഖ്യം പരാജയപ്പെട്ടതും, മുൻ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീറിനെപ്പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ പുതിയ മുസ്ലിം രാഷ്ട്രീയ കൂട്ടായ്മകൾ രൂപംകൊണ്ടതും തൃണമൂലിന്റെ ഉറച്ച വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കിയേക്കാം. ന്യൂനപക്ഷ വോട്ടുകൾ ചിതറിപ്പോകുന്നത് പല മണ്ഡലങ്ങളിലും ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ സാധ്യതയുണ്ട്.
നിർണ്ണായകമായ 'ക്ലോസ് കോണ്ടസ്റ്റ്' മണ്ഡലങ്ങൾ
ബംഗാളിലെ 89 നിയമസഭാ മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2024-ൽ ലീഡ് നില നിശ്ചയിക്കപ്പെട്ടത്. ഈ 89 മണ്ഡലങ്ങളിലെ വോട്ടർമാരുടെ ചെറിയൊരു മാറ്റം പോലും സംസ്ഥാനത്തെ മൊത്തം ഭരണചിത്രത്തെ മാറ്റിമറിക്കാൻ പോന്നതാണ്. ഇതിൽ 50 സീറ്റുകളിൽ ലീഡുള്ള തൃണമൂലിന് ഭരണത്തുടർച്ചയ്ക്കായി ഈ മണ്ഡലങ്ങൾ നിലനിർത്തുക എന്നത് അത്യന്താപേക്ഷിതമാണ്. അതേസമയം, ബിജെപി 34 സീറ്റുകളിലും കോൺഗ്രസ് 4 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും ഇവിടെ മുന്നേറ്റമുണ്ടാക്കി. ചെറിയ വോട്ടുവ്യത്യാസത്തിൽ പിന്നിലായ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപിയും ഇത്തവണ സജീവമായി രംഗത്തുണ്ട്.
വോട്ടുബാങ്കിലെ മാറ്റങ്ങൾ
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമിടയിൽ 55 മണ്ഡലങ്ങളിലാണ് അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടായത്. ഇതിൽ തൃണമൂലിന്റെ കൈവശമിരുന്ന 38 മണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റമുണ്ടാക്കി. എന്നാൽ, ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന 15 മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ മമതയ്ക്കും സാധിച്ചു.
70 മണ്ഡലങ്ങളിൽ 50 ശതമാനത്തിലധികം വോട്ടുവിഹിതം നേടാൻ തൃണമൂലിന് കഴിഞ്ഞപ്പോൾ 36 മണ്ഡലങ്ങളിൽ ബിജെപിയും ഇതേ കരുത്ത് പ്രകടിപ്പിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ അഭാവത്തിൽ ഈ വോട്ടുവിഹിതം ചോരാതെ സൂക്ഷിക്കുക എന്നതാകും മമത നേരിടുന്ന പ്രധാന വെല്ലുവിളി. ചുരുക്കത്തിൽ, വ്യക്തമായ ഭൂരിപക്ഷം കൈവശമുണ്ടെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെ വിഭജനവും ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ അടിയൊഴുക്കുകളും ഇത്തവണ ബംഗാൾ പോരാട്ടത്തെ പ്രവചനാതീതമാക്കുന്നു.
തന്ത്രങ്ങളിലെ മാറ്റം
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ ശൈലിയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ മമത നേരിടുന്ന ആദ്യ വലിയ പരീക്ഷണമാണിത്. 2021-ൽ 'ദീദി കെ ബോലോ' പോലുള്ള കൃത്യമായ ഡാറ്റാ അധിഷ്ഠിത പദ്ധതികളിലൂടെ പാർട്ടി സംവിധാനത്തെ അടിമുടി പരിഷ്കരിക്കാൻ കിഷോറിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഐ-പാക് (I-PAC) എന്ന ഏജൻസി കൂടെയുണ്ടെങ്കിലും, കിഷോറിന്റെ അഭാവത്തിൽ തൃണമൂലിന്റെ വോട്ട് യന്ത്രം എത്രത്തോളം കൃത്യതയോടെ പ്രവർത്തിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്.
മമതയുടെ ഭൂരിപക്ഷ സ്വപ്നം
294 സീറ്റുകളിൽ 226-ലധികം നേടി വൻ ഭൂരിപക്ഷം ഉറപ്പാക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. ഇതിനായി തൃണമൂൽ പ്രധാനമായും ആശ്രയിക്കുന്നത് സ്ത്രീ വോട്ടർമാരെയും താഴെത്തട്ടിലുള്ള ക്ഷേമപദ്ധതികളെയുമാണ്. 'ലക്ഷ്മീർ ഭണ്ഡാർ' പോലുള്ള ആനുകൂല്യങ്ങൾ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദീദി. ഭവാനിപൂരിൽ സുുവേന്ദു അധികാരിയെ നേരിടുന്നതിലൂടെ തന്റെ രാഷ്ട്രീയ കരുത്ത് വീണ്ടും തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്.
ബിജെപിയുടെ 'മിഷൻ 170'
കഴിഞ്ഞ തവണത്തെ '200 പാർ' എന്ന മുദ്രാവാക്യത്തിലെ പാകപ്പിഴകൾ തിരുത്തിക്കൊണ്ട്, ഇത്തവണ 170 സീറ്റുകൾ എന്ന കൂടുതൽ പ്രായോഗികമായ ലക്ഷ്യമാണ് അമിത് ഷാ മുന്നോട്ടുവെക്കുന്നത്. അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും കേന്ദ്രപദ്ധതികളുടെ പ്രചാരണവുമാണ് ബിജെപിയുടെ പ്രധാന ആയുധങ്ങൾ. നന്ദിഗ്രാമിൽ സുുവേന്ദു അധികാരിക്ക് ലഭിക്കുന്ന പിന്തുണയും നഗരമേഖലകളിലെ സ്വാധീനവും തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
English Summary: Can Mamata overcome the stiff opposition from BJP to register yet another win in West Bengal? A political analysis of West Bengal Election 2026