അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്. ക്ഷേത്ര നിർമാണത്തിനായി ലഭിച്ച 3,500 കോടി രൂപയുടെ പണമിടപാടുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളില്ലെന്നും (SOP), ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകളുണ്ടെന്നും ആറ് വർഷം മുൻപ് തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി 'ദി ഇന്ത്യൻ എക്സ്പ്രസ്സ്' റിപ്പോർട്ട് ചെയ്തു.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് മാസങ്ങൾക്കകം, 2020 നവംബറിൽ സമർപ്പിച്ച സ്വകാര്യ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നത്. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വളരെ അലക്ഷ്യമായ രീതിയാണ് ട്രസ്റ്റ് പിന്തുടരുന്നതെന്നും, സംഭാവനകളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഓഡിറ്റ് ഫേം അന്ന് നിർദേശിച്ച തിരുത്തൽ നടപടികൾ നടപ്പിലാക്കാൻ ട്രസ്റ്റ് തയ്യാറായില്ല.
2020 നവംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ, സംഭാവനകളും സാമ്പത്തിക ഇടപാടുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസസ് (SOP) തയ്യാറാക്കണമെന്ന് ഓഡിറ്റ് സ്ഥാപനം ശുപാർശ ചെയ്തിരുന്നു. ഇടപാടുകൾ, ഡാറ്റാ മാനേജ്മെന്റ്, ജീവനക്കാരുടെ ചുമതലകൾ, മറ്റ് വിഭവങ്ങളുടെ ഉപയോഗം എന്നിവയുടെ ഓരോ ഘട്ടത്തിലും വ്യക്തമായ നടപടിക്രമങ്ങൾ നിർവചിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചിരുന്നു. എന്നാൽ, ശുപാർശ വന്ന് ആറ് വർഷം പിന്നിട്ടിട്ടും അത് നടപ്പിലാക്കാൻ ക്ഷേത്ര കമ്മിറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഈ ഗുരുതരമായ വീഴ്ച തുടരുന്നതിനിടെയാണ് സംഭാവനകൾ വകമാറ്റിയെന്ന വൻ ആരോപണങ്ങളും കമ്മിറ്റി ഇപ്പോൾ നേരിടുന്നത്.
ക്ഷേത്ര നിർമാണ ഫണ്ടിലെ ഈ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം, കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശ് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക റിപ്പോർട്ടിംഗിനായി വ്യവസ്ഥാപിതമായ രേഖകൾ ലഭ്യമല്ലെന്ന ഗുരുതരമായ കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കാര്യങ്ങൾ നടപ്പിലാക്കുന്ന തലത്തിലുള്ള മാനേജ്മെന്റ് ഘടന കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെന്നും, അത് തീർത്തും പ്രൊഫഷണലല്ലാത്ത രീതിയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ വിവരങ്ങൾ കൃത്യമായി നിയന്ത്രിക്കാനും ന്യായവും സുതാര്യവുമായ പ്രവർത്തന രീതികൾ കൊണ്ടുവരാനും നിലവിലെ സാഹചര്യത്തിൽ പ്രയാസമായിരിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
സുതാര്യത ഉറപ്പാക്കണമെന്ന നിർദേശങ്ങൾ നിലനിൽക്കെ തന്നെ, ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ എസ്‌ഒപി സംബന്ധിച്ച യാതൊരു വിവരങ്ങളുമില്ല. ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളൊന്നും തന്നെ വെബ്സൈറ്റിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുമില്ല.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെത്തുടർന്ന് 2020 ഫെബ്രുവരി 5-നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. രൂപീകൃതമായത് മുതൽ നാളിതുവരെ, സ്വർണ്ണാഭരണങ്ങളും മറ്റും ഉൾപ്പെടെയുള്ളവയ്ക്ക് പുറമെ, പണമായി മാത്രം ഏകദേശം 3,500 കോടി രൂപ ട്രസ്റ്റിന് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
2020 നവംബറിൽ ട്രസ്റ്റിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെയാണ് 'ഇന്റേണൽ ഓഡിറ്റ്, റിസ്ക് മാനേജ്മെന്റ്' എന്നിവയെക്കുറിച്ച് ഉപദേശം നൽകാൻ ഈ സ്വകാര്യ ഓഡിറ്റ് സ്ഥാപനത്തോട് ആവശ്യപ്പെട്ടതെന്ന് ട്രസ്റ്റിലെ ചില വൃത്തങ്ങൾ 'ദി ഇന്ത്യൻ എക്സ്പ്രസ്സി'നോട് വെളിപ്പെടുത്തി. ഇതേത്തുടർന്ന് ക്ഷേത്രത്തിലെ ഫണ്ട് കൈകാര്യം ചെയ്യുന്ന രീതികളും ഡാറ്റാ മാനേജ്മെന്റ് സംവിധാനങ്ങളും സൂക്ഷ്മമായി പരിശോധിച്ച ഓഡിറ്റ് സ്ഥാപനം, ഇതിലെ നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്കും പാലിക്കാൻ കഴിയുന്ന തരത്തിൽ, ചിട്ടയായ ഒരു പ്രവർത്തനരീതിയും സുതാര്യമായ സംസ്കാരവും ഉറപ്പാക്കാൻ എസ്‌ഒപി വഴി സാധിക്കും. പ്രൊഫഷണലല്ലാത്ത ജീവനക്കാരും അശാസ്ത്രീയമായ ഡാറ്റാ മാനേജ്മെന്റും തെറ്റായ വിവരങ്ങൾ നൽകുന്നതിനും റിപ്പോർട്ടിംഗിനും കാരണമാകും. ഇത് മറ്റ് ജീവനക്കാരെയും മാനേജ്മെന്റിനെയും പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയിലേക്ക് നയിക്കുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ വീഴ്ചകൾ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകൾ വ്യക്തമാക്കിയ അവർ, ഇതിനുള്ള തിരുത്തൽ നടപടികളും അന്ന് തന്നെ നിർദ്ദേശിച്ചിരുന്നു. ഈ മുന്നറിയിപ്പുകൾ നൽകിയിട്ടും, ആറ് വർഷമായിട്ടും അത് പരിഹരിക്കാനുള്ള നടപടികൾ ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് നിലവിലെ ക്രമക്കേട് ആരോപണങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച സ്വർണ്ണാഭരണങ്ങളും കോടിക്കണക്കിന് രൂപയും വകമാറ്റിയെന്ന പുതിയ ആരോപണങ്ങൾ ഉയർന്നതോടെ ട്രസ്റ്റ് മാനേജ്മെന്റ് ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. ആറ് വർഷം മുൻപ് ഓഡിറ്റ് സ്ഥാപനം നൽകിയ മുന്നറിയിപ്പുകളും ശുപാർശകളും ട്രസ്റ്റ് മാനേജ്മെന്റ് മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന് ട്രസ്റ്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു. ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ അന്ന് തന്നെ ചൂണ്ടിക്കാട്ടിയ ഓഡിറ്റ് ഫേം, കൃത്യമായ സ്റ്റോക്ക് രജിസ്റ്ററിലൂടെ ഇത്തരം വസ്തുക്കളുടെ വരവ് രേഖപ്പെടുത്തണമെന്നും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ട്രസ്റ്റ് അട്ടിമറിച്ചത്.
As a Special Investigation Team (SIT) probe into alleged irregularities in the Ayodhya Ram Mandir construction fund continues, a significant revelation has emerged. According to a report by The Indian Express, an audit conducted in 2020 had already flagged serious concerns regarding the management of donations received for the temple.
The audit report, submitted just months after the formation of the Shri Ram Janmabhoomi Teerth Kshetra Trust, warned that there were no proper Standard Operating Procedures (SOPs) for handling the nearly ₹3,500 crore received in donations. It also pointed to lapses in fund management, describing the trust's functioning as highly unprofessional and noting the absence of systematic records of donations.