പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള വാണിജ്യ മേഖലയെ ഉലയ്ക്കുമ്പോള്‍ പുതിയ കപ്പല്‍ച്ചാലുകള്‍ തിരയുകയാണ് ലോകം. ഇതിനിടെ ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള നോര്‍ത്തേണ്‍ സീ റൂട്ടിലൂടെ ചരക്കുനീക്കം ആരംഭിച്ചിരിക്കുകയാണ് ചൈന. ഏഷ്യക്കും യൂറോപ്പിനുമിടയിലെ 5,500 കിലോമീറ്റര്‍ നീളുന്ന ഈ മഞ്ഞുമൂടിയ കപ്പല്‍ച്ചാലിലൂടെ ചൈനീസ് ഷിപ്പിംഗ് കമ്പനിയായ 'സീ ലെജന്‍ഡ്' ആണ് സ്ഥിരമായ ചരക്ക് സര്‍വീസ് ആരംഭിച്ചത്. വര്‍ഷങ്ങളായി ചൈന സ്വപ്നം കാണുന്ന 'പോളാര്‍ സില്‍ക്ക് റോഡിന്റെ' സാക്ഷാത്കാരത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഈ നീക്കം. ജപ്പാന്‍, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ നോര്‍ത്തേണ്‍ സീ റൂട്ടിനോട് നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
യാത്രാസമയത്തില്‍ വന്‍ കുറവ്
റഷ്യയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാത വേനല്‍ക്കാലത്ത് മാത്രമാണ് ഉപയോഗപ്രദമാകുന്നത്. ചൈനയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കാന്‍ ഈ കപ്പല്‍പാതയ്ക്ക് കഴിയും. ചൈനയിലെ നിങ്‌ബോ-ഷൂഷാന്‍ തുറമുഖത്തുനിന്ന് യുകെയിലെ ഫെലിക്സ്സ്‌റ്റോവിലേക്ക് സൂയസ് കനാല്‍ വഴിയുള്ള യാത്രയ്ക്ക് 40-ലധികം ദിവസങ്ങള്‍ വേണമെന്നിരിക്കെ, ആര്‍ട്ടിക് പാതയിലൂടെ വെറും 18 ദിവസങ്ങള്‍ മതിയാകും. എന്നാല്‍, സാമ്പത്തിക നേട്ടങ്ങളെക്കാള്‍ ഗുരുതരമായ പാരിസ്ഥിക-രാഷ്ട്രീയ ഭീഷണികളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 2025-ലെ ട്രയല്‍ റണ്ണിന് ശേഷമാണ് സീ ലെജന്‍ഡ് ആര്‍ട്ടിക് പാതയിലൂടെയുള്ള പതിവ് കണ്ടെയ്‌നര്‍ സര്‍വീസ് ആരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍, ലിഥിയം ബാറ്ററികള്‍, സോളാര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ താപനില വ്യതിയാനങ്ങളോട് എളുപ്പത്തില്‍ പ്രതികരിക്കുന്ന ചരക്കുകളുടെ ഗതാഗതത്തിന് ഈ പാത വളരെ അനുയോജ്യമാണ്.
പോളാര്‍ സില്‍ക്ക് റോഡ്
2017-ലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആര്‍ട്ടിക് ഷിപ്പിംഗ് പാതകള്‍ വികസിപ്പിച്ച് 'പോളാര്‍ സില്‍ക്ക് റോഡ്' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ആര്‍ട്ടിക് മേഖലയിലെ ചൈനയുടെ വളര്‍ച്ചയില്‍ റഷ്യ തുടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ ഉപരോധങ്ങള്‍ ശക്തമായതോടെ റഷ്യയ്ക്ക് ചൈനയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയര്‍ കമ്പനിയായ റോസാറ്റോം ആണ് ഈ പാതയിലൂടെയുള്ള ഗതാഗത പെര്‍മിറ്റുകള്‍ നല്‍കുന്നത്. തടസ്സമില്ലാത്ത യാത്രയ്ക്കായി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ്‌ബ്രേക്കര്‍ കപ്പലുകള്‍ വിട്ടുനല്‍കുന്നതും ഗതാഗത പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും റഷ്യയാണ്.
പരിസ്ഥിതി ഭീഷണികളും ആശങ്കകളും
യാത്രാസമയം പകുതിയായി കുറയുന്നത് കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായി കുറയ്ക്കുമെന്നാണ് സീ ലെജന്‍ഡ് അവകാശപ്പെടുന്നത്. എന്നാല്‍, ആര്‍ട്ടിക് പോലുള്ള അതിസൂക്ഷ്മമായ ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ലാഭത്തെക്കാള്‍ വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുണ്ടാകുന്ന ഇന്ധന ചോര്‍ച്ചകള്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് ബെല്ലോണ എന്‍വയോണ്‍മെന്റല്‍ ഫൗണ്ടേഷന്റെ 2025 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ അതികഠിനമായ തണുപ്പില്‍ എണ്ണ എളുപ്പത്തില്‍ ജീര്‍ണ്ണിക്കുകയോ നീക്കം ചെയ്യാനോ കഴിയില്ല. യാത്രാബുദ്ധിമുട്ടുകള്‍ കാരണം അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ ആഴ്ചകളെടുക്കും. കൂടാതെ കപ്പലുകളില്‍ നിന്നുള്ള ബ്ലാക്ക് കാര്‍ബണ്‍ ഉദ്വമനം ആര്‍ട്ടിക് മേഖലയിലെ മഞ്ഞിന്റെ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനുള്ള ശേഷി കുറയ്ക്കുകയും ആഗോളതാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നിഴല്‍ കപ്പലുകളും ഉപരോധങ്ങളും
മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം സൂയസ് കനാലും ഹോര്‍മുസ് കടലിടുക്കും സുരക്ഷിതമല്ലാതായതാണ് പുതിയ പാതകള്‍ കണ്ടെത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്. എന്നാല്‍, ഉപരോധങ്ങള്‍ നിലനില്‍ക്കുന്ന റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര മറ്റ് ലോകരാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. നിലവില്‍, അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് റഷ്യന്‍ എണ്ണ കടത്തുന്ന സുരക്ഷയോ ഇന്‍ഷുറന്‍സോ ഇല്ലാത്ത 'ഷാഡോ ഫ്‌ലീറ്റ്' കപ്പലുകളാണ് ഈ പാതയില്‍ ഭൂരിഭാഗവും സര്‍വീസ് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം വടക്കന്‍ സമുദ്ര പാത കൂടുതല്‍ കാലം തുറന്നുകിട്ടുമെങ്കിലും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്, സുരക്ഷാ ആശങ്കകള്‍, ഉപരോധ ഭീഷണികള്‍ എന്നിവ കാരണം ഹോര്‍മുസ് കടലിടുക്കിനോ സൂയസ് കനാലിനോ പൂര്‍ണ്ണമായൊരു ബദലാകാന്‍ നിലവില്‍ ഈ പാതയ്ക്ക് കഴിയില്ലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
As disruptions in the Strait of Hormuz and instability in West Asia threaten global trade routes, China is expanding shipping through the Arctic’s Northern Sea Route (NSR) as part of its long-term “Polar Silk Road” strategy. Chinese shipping company Sea Legend has begun a regular container service along the roughly 5,500-kilometre Arctic route connecting Asia and Europe. The route could significantly reduce travel time compared with the Suez Canal, with a journey from China’s Ningbo-Zhoushan port to Felixstowe in the UK potentially taking around 18 days instead of more than 40 days. China first proposed the “Polar Silk Road” concept in 2017. Russia plays a crucial role in the route by issuing permits and providing nuclear-powered icebreakers to support navigation. The route is particularly suited to transporting temperature-sensitive cargo such as electric vehicles, lithium batteries and solar products.