ഇസ്രായേലില്‍ നിര്‍ണ്ണായക നീക്കം; നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്

നെതന്യാഹു വിരുദ്ധ ചേരിയെ നയിക്കുന്ന ഐസന്‍കോട്ട് ലിക്കുഡിനെ ക്ഷണിച്ചത് പ്രതിപക്ഷ ക്യാമ്പിനുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്
ഇസ്രായേലില്‍ നിര്‍ണ്ണായക നീക്കം; നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്
Published on: 

കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇസ്രായേലില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെട്ട ഐസന്‍കോട്ട്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡിനെ സഖ്യകക്ഷി ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുകയാണ്. രാജ്യത്ത് വിശാലമായ ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കിയേക്കാവുന്ന സുപ്രധാന ചുവടുവെപ്പാണിത്. ലിക്കുഡ് പ്രതിനിധികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തങ്ങളുടെ ചര്‍ച്ചാ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഐസന്‍കോട്ടിന്റെ പാര്‍ട്ടിയായ 'യഷാര്‍' അറിയിച്ചു.

ഭൂരിപക്ഷം തേടിയുള്ള നെട്ടോട്ടം

ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗ പാര്‍ലമെന്റായ നെസെറ്റില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകള്‍ നേടാന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിനോ പ്രതിപക്ഷത്തിനോ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, സ്വന്തം രാഷ്ട്രീയ ചേരിയില്‍ നിന്നുള്ള 48 പേരും അറബ് പാര്‍ട്ടികളില്‍ നിന്നുള്ള 19 പേരും ഉള്‍പ്പെടെ 67 നിയമസഭാംഗങ്ങള്‍ ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണ് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചത്. ഡിസംബര്‍ ആറു വരെയാണ് അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി. ആവശ്യമെങ്കില്‍ ഇത് നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ നവംബര്‍ 15-ന് ഇരു പാര്‍ട്ടികളും പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പരസ്പരം ആരോപിച്ച് തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രതിപക്ഷ ചേരിയിലെ ഭിന്നതകളും ബെന്നറ്റിന്റെ നിലപാടും

നെതന്യാഹു വിരുദ്ധ ചേരിയെ നയിക്കുന്ന ഐസന്‍കോട്ട് ലിക്കുഡിനെ ക്ഷണിച്ചത് പ്രതിപക്ഷ ക്യാമ്പിനുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച നെതന്യാഹുവുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയത്, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കളംമാറുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇതൊരു സുരക്ഷാ വിശദീകരണ യോഗം മാത്രമായിരുന്നുവെന്നും ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനാണ് തന്റെ പിന്തുണയെന്നും ബെന്നറ്റ് ശനിയാഴ്ച വ്യക്തമാക്കി. നെതന്യാഹു പ്രധാനമന്ത്രിയാകാത്ത പക്ഷം ലിക്കുഡിനെ ഉള്‍പ്പെടുത്തിയുള്ള ഐക്യസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ബെന്നറ്റ് തയ്യാറാണ്.

ഇസ്രായേലില്‍ നിര്‍ണ്ണായക നീക്കം; നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്
ഇസ്രായേൽ ജയിലുകളിൽ 350 പലസ്തീൻ കുട്ടികൾ നേരിടുന്നത് ക്രൂരപീഡനവും പട്ടിണിയും; 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് 22,000 കുട്ടികള്‍

അതേസമയം, പ്രതിപക്ഷത്തെ മറ്റ് നേതാക്കൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ലിക്കുഡിന് പകരം തീവ്ര യാഥാസ്ഥിതിക പാർട്ടികളെ ഉൾപ്പെടുത്തിയുള്ള ബദൽ സംവിധാനത്തിനാണ് യിസ്രായേൽ ബെയ്‌റ്റെനു നേതാവ് അവിഗ്ഡോർ ലിബർമാൻ ശ്രമിക്കുന്നത്. എന്നാൽ, അറബ് ഭൂരിപക്ഷ പാർട്ടികളായ റാം, ജോയിന്റ് ലിസ്റ്റ് എന്നിവരുടെ പിന്തുണയോടെ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കണമെന്നാണ് ഡെമോക്രാറ്റ്സ് നേതാവ് യെയർ ഗോലാന്റെ വാദം. ലിക്കുഡിന് പുറമെ തീവ്ര യാഥാസ്ഥിതിക പാർട്ടിയായ യുണൈറ്റഡ് തോറ ജൂഡായിസവുമായും ഐസൻകോട്ട് സമാന്തര ചർച്ചകൾ നടത്തുന്നുണ്ട്. വിശാല സഖ്യത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ ന്യൂനപക്ഷ സർക്കാർ എന്ന സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.

വ്യവസ്ഥകൾ മുന്നോട്ടുവെച്ച് ലിക്കുഡ്

ചർച്ചകൾക്ക് സന്നദ്ധത അറിയിക്കുമ്പോഴും കർശനമായ വ്യവസ്ഥകളാണ് ലിക്കുഡ് പാർട്ടി മുന്നോട്ടുവെക്കുന്നത്. നെതന്യാഹുവിനും സർക്കാരിനുമെതിരായ രാഷ്ട്രീയ ബഹിഷ്കരണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും നിലവിലെ നിയമനിർമ്മാണ അജണ്ട താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ലിക്കുഡ് ആരോപിക്കുന്ന റാം, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികളുമായുള്ള സഹകരണം പൂർണ്ണമായും ഒഴിവാക്കണമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. എന്നാൽ, പ്രസിദ്ധീകരിച്ച വ്യവസ്ഥകളിൽ നെതന്യാഹു തന്നെ പ്രധാനമന്ത്രിയാകണമെന്ന് പാർട്ടി വ്യക്തമായി ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇതിന് പുറമെ നാല് അടിസ്ഥാന തത്വങ്ങളും ലിക്കുഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ രാഷ്ട്രമായി അംഗീകരിക്കുക, പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുക, ഗസ്സ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ ഇസ്രായേലി സുരക്ഷാ മേഖലകൾ നിലനിർത്തുക, യെശിവ (മതപഠനശാല) വിദ്യാർത്ഥികളുടെ സൈനിക സേവന ഇളവുകൾ സംബന്ധിച്ച് തീവ്ര യാഥാസ്ഥിതിക നേതാക്കളുമായി ധാരണയിലെത്തുക എന്നിവയാണവ.

ഇസ്രായേലില്‍ നിര്‍ണ്ണായക നീക്കം; നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്
'ഞങ്ങളെ മറക്കരുത്'; ആഗോള ശിശുദിനത്തിൽ അവകാശങ്ങൾക്കായി അഭ്യർഥിച്ച് ഗസയിലെ കുട്ടികൾ

പുതിയ രാഷ്ട്രീയ സമവാക്യത്തിന് സാധ്യത

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദവിയിലേക്ക് വരരുതെന്ന കർശന നിലപാടിലാണ് ഐസൻകോട്ട്. എന്നാൽ, താൻ പ്രധാനമന്ത്രിയാകുന്ന പക്ഷം ലിക്കുഡ് അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അദ്ദേഹം തയ്യാറാണ്. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, നെതന്യാഹുവിനെ തലപ്പത്ത് നിലനിർത്താതെ തന്നെ അദ്ദേഹത്തിന്റെ പാർട്ടിയെ ഭരണപങ്കാളികളാക്കുന്ന പുതിയൊരു രാഷ്ട്രീയ സമവാക്യത്തിനാകും ഇസ്രായേൽ സാക്ഷ്യം വഹിക്കുക.

Summary

Former military chief Gadi Eisenkot has invited Benjamin Netanyahu’s Likud party for coalition talks to break Israel’s political deadlock following an inconclusive election. Eisenkot is seeking to form a broad unity government but does not want Netanyahu to return as prime minister. The proposed arrangement could allow Likud to join the government without Netanyahu leading it.