

നവംബർ 20ന് ലോകം ശിശുദിനം, ലോകം ആഘോഷിക്കുമ്പോൾ തങ്ങൾക്ക് നഷ്ടമായ ബാല്യത്തെ കുറിച്ച് ആഗോള ജനതയെ ഓർമിപ്പിക്കുകയാണ് പലസ്തീലെ കുട്ടികൾ. യുദ്ധം തകർത്ത തങ്ങളുടെ ജീവിതവും പഠനവും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഗസ സിറ്റിയിലെ തുർക്കിഷ് സ്കൂളിൽ നൂറോളം കുട്ടികളാണ് ഒത്തുചേർന്നത്. തങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ലോകം മറക്കരുതെന്ന ഓർമപ്പെടുത്തലുമായാണ് ഒത്തുചേരലുണ്ടായത്.
ഇസ്രായേലിന്റെ ആക്രമണങ്ങളും വംശഹത്യയും ഗസയിലെ കുട്ടികളുടെ ജീവിതത്തിലും മാനസികാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വരുത്തിയ ഗുരുതര ആഘാതങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരികയായിരുന്നു വ്യാഴാഴ്ച നടന്ന പരിപാടിയുടെ ലക്ഷ്യം. സ്കൂളുകൾക്ക് സമീപത്ത് താൽക്കാലികമായി തയ്യാറാക്കിയ ടെന്റുകളിലാണ് പാലായനം ചെയ്ത നിരവധി കുടുംബങ്ങൾ താമസിക്കുന്നത്.
പലസ്തീൻ പതാകയുമായി സ്കൂൾ യൂണിഫോമും ധരിച്ച് പരിപാടിയുടെ ഭാഗമായ കുട്ടികൾ വിദ്യാഭ്യാസവും സുരക്ഷയും തങ്ങളുടെ അവകാശമാണെന്ന് ബാനറുകളിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞു. പ്രസംഗത്തിലൂടെയും പാട്ടുകളിലൂടെയും തങ്ങളെ മറക്കരുതെന്ന അഭ്യർഥനയാണ് ഗസയിലെ കുട്ടികൾ ലോകത്തിനോട് അഭർഥിച്ചത്.
ബോംബ് ആക്രമണത്തിന്റെയും വിശപ്പിന്റെയും ഇരകൾ
കഴിഞ്ഞ മൂന്ന് വർഷമായി ഗസയിലെ കുട്ടികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപിക നഹ്‌ല ഷെഹാബ് പറഞ്ഞു. ബോംബ് ആക്രമണങ്ങൾ, പട്ടിണി, ഭയം, ബാലാവകാശങ്ങളുടെ നിഷേധം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കുട്ടികൾ നേരിടുന്നതെന്നും ലോകം ഇതെല്ലാം കാണുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ജീവിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. മികച്ച വിദ്യാഭ്യാസം നേടി ആരോഗ്യത്തോടെ നാളത്തെ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നവരായി വളരാൻ അവർക്ക് കഴിയണമെന്നും നഹ്‌ല ഷെഹാബ് പറഞ്ഞു.
ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 22,000ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടതായും 71,000ത്തിലധികം കുട്ടികൾ അനാഥരായതായെന്നുമാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. മൂന്ന് വർഷം കൊണ്ട് 74,000ത്തിലേറെ പലസ്തീനികൾ കൊല്ലപ്പെടുകയും 1,75,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യഥാർഥ മരണസംഖ്യ 2,00,000 വരെ എത്തിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതിനിടെ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആഗോളതലത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുണിസെഫ് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും കാലാവസ്ഥാ പ്രതിസന്ധികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നെടുക്കുന്ന തീരുമാനങ്ങളാണ് കുട്ടികളുടെ നാളത്തെ ജീവിതം നിർണയിക്കുകയെന്നും യുണിസെഫ് പ്രസ്താവനയിൽ പറഞ്ഞു.
എഐയുടെ കാലത്ത് കുട്ടികളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നതിനാണ് 2026ൽ യുണിസെഫ് മുൻഗണ നൽകുന്നതെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. കുട്ടികളുടെ സ്വകാര്യത, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് യുണിസെഫിന്റെ നിലപാട്. ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കുട്ടികളുടെ അഭിപ്രായങ്ങൽ തേടുമെന്നും യുണിസെഫിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
On World Children's Day, hundreds of displaced Palestinian children gathered in Gaza City to demand their basic rights to education, healthcare, safety and a dignified life. Through messages, songs and performances, they urged the international community not to forget their suffering amid the ongoing humanitarian crisis.