പട്ടിണിയും കണ്ണീരും മാത്രം, യുദ്ധക്കെടുതികളിൽ പൊലിഞ്ഞ് ഗാസയുടെ പെരുന്നാൾ

യുദ്ധക്കെടുതികളിൽ പൊലിഞ്ഞ പെരുന്നാൾ
പട്ടിണിയും കണ്ണീരും മാത്രം, യുദ്ധക്കെടുതികളിൽ പൊലിഞ്ഞ് ഗാസയുടെ പെരുന്നാൾ
Published on

യുദ്ധ വെറിയുടെ ഇരകള്‍, ഇസ്രയേലിന്റെ സൈനിക നടപടികളും മാനുഷിക പ്രതിസന്ധിയും ജീവിതം ദുസ്സഹമാക്കിയ ഗാസയില്‍ ഇത്തവണത്തെ ബലി പെരുന്നാളിനും നിറങ്ങളില്ല. തങ്ങളുടെ എല്ലാം തകര്‍ത്തുകളഞ്ഞ യുദ്ധം, ആഘോഷങ്ങളും സന്തോഷങ്ങളെയും കവര്‍ന്നു കഴിഞ്ഞെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഗാസ നിവാസികള്‍. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൂന്ന് വര്‍ഷം പിന്നിട്ട ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 73,000-ത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഉറ്റവരുടെ മരണങ്ങള്‍ക്കും, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന ഗാസ നിവാസികള്‍ പലരും പെരുന്നാള്‍ ദിനം പോലും മറന്നു പോയ അവസ്ഥയാണ്.

ഗസ്സയിലെ തെരുവോരങ്ങളിൽ തുണികൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കൂടാരങ്ങളിൽ, ഉടുതുണിക്ക് മറുതുണിയില്ലാതെ അഭയാർത്ഥികളായി കഴിയുന്ന ജനതയ്ക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും. മക്കയിലെ ഹജ്ജ് കർമ്മങ്ങളുടെ ദൃശ്യങ്ങൾ കണ്ട് വിതുമ്പുന്ന ഇവർ, ഭക്ഷണത്തിനായി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തുനിൽക്കുന്ന അവസ്ഥയിലേക്ക് മാറി.

പട്ടിണിയും കണ്ണീരും മാത്രം, യുദ്ധക്കെടുതികളിൽ പൊലിഞ്ഞ് ഗാസയുടെ പെരുന്നാൾ
തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക'; വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം

ഗസ്സയിലെ അതിർത്തികൾ ഇസ്രായേൽ അടച്ചുപൂട്ടിയതും കടുത്ത കന്നുകാലി ക്ഷാമവും കാരണം ഇത്തവണത്തെ പരമ്പരാഗതമായ പെരുന്നാൾ ബലികർമ്മങ്ങൾ പൂർണ്ണമായും നിലച്ചു. മുൻവർഷങ്ങളിൽ നൂറുകണക്കിന് മൃഗങ്ങളെ ബലിനൽകിയിരുന്ന സന്നദ്ധ സംഘടനകൾക്ക് പോലും ഇത്തവണ അതിന് സാധിച്ചിട്ടില്ല. യുദ്ധത്തിന് മുൻപ് വെറും 350 ഡോളർ വിലയുണ്ടായിരുന്ന ഒരു ആടിന് നിലവിൽ പ്രാദേശിക വിപണിയിൽ 4,500 മുതൽ 6,000 ഡോളർ വരെയാണ് വില. ഇത്രയും ഭീമമായ തുക സാധാരണക്കാർക്കോ ചാരിറ്റി സംഘടനകൾക്കോ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ബലിപെരുന്നാൾ ആചാരങ്ങൾ സംരക്ഷിക്കാൻ സംഘടനകൾ വിദേശത്ത് നിന്നും ഉയർന്ന ചെലവിൽ എത്തിച്ച ഫ്രോസൺ ഇറച്ചിയാണ് വിതരണം ചെയ്യുന്നത്. വിപണിയിലെ ഇറച്ചിയുടെ ഭൂരിഭാഗവും ഇസ്രായേൽ വഴി അർജന്റീന, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, ശേഷിക്കുന്നത് ഈജിപ്തിൽ നിന്നുമാണ് എത്തുന്നത്

പട്ടിണിയും കണ്ണീരും മാത്രം, യുദ്ധക്കെടുതികളിൽ പൊലിഞ്ഞ് ഗാസയുടെ പെരുന്നാൾ
ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ

പെരുന്നാൾ വിപണികളിൽ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നിരന്നിട്ടുണ്ടെങ്കിലും വാങ്ങാൻ ആളുകളില്ലാതെ ഗസ്സയിലെ കച്ചവടകേന്ദ്രങ്ങൾ പൂർണ്ണമായും നിശ്ചലമാണ്. ഉയർന്ന തൊഴിലില്ലായ്മയും പണക്ഷാമവും കാരണം ജനങ്ങൾ അത്യന്താപേക്ഷിതമായ ഭക്ഷണസാധനങ്ങൾ വാങ്ങാൻ മാത്രമാണ് മുൻഗണന നൽകുന്നത്. യുദ്ധത്തെത്തുടർന്ന് ഗസ്സയിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ഷിപ്പിങ് ചെലവ് എട്ട് മടങ്ങോളം വർധിച്ചതായി പ്രാദേശിക വ്യാപാരികൾ പറയുന്നു. മുൻപ് 250 ഷെക്കൽ ആയിരുന്ന ഒരു ബോക്സ് വസ്ത്രത്തിന്റെ ഗതാഗതച്ചെലവ് ഇപ്പോൾ 2000 ഷെക്കലോളമായി ഉയർന്നു. അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉയർന്നുകേൾക്കുന്ന തക്ബീർ ധ്വനികൾ മാറ്റിനിർത്തിയാൽ, ഇസ്രായേൽ തകർത്തുകളഞ്ഞ ജീവിതങ്ങൾക്കിടയിൽ ഗസ്സയിലെ ആദ്യത്തെ ബലിപെരുന്നാൾ കടുത്ത ദാരിദ്ര്യത്തിലും കണ്ണീരിലുമാണ് കടന്നുപോകുന്നത്.

English Summary:
The humanitarian crisis in Gaza has turned Eid al-Adha into a period of grief, hunger, and displacement for thousands of Palestinian families. Ongoing war, economic collapse, and shortages of food and livestock have devastated traditional celebrations across the region

Madism Digital
madismdigital.com