യുദ്ധത്തിന്റെ മറവില്‍ ഇറാനില്‍ കൂട്ട വധശിക്ഷ; കുടുംബങ്ങളെ നിശബ്ദരാക്കുന്നു

ഭരണകൂട കൊലപാതകങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ വലിയ തോതിലുള്ള പീഡനങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
യുദ്ധത്തിന്റെ മറവില്‍ ഇറാനില്‍ കൂട്ട വധശിക്ഷ; കുടുംബങ്ങളെ നിശബ്ദരാക്കുന്നു
Published on

യുദ്ധത്തിനിടയിലും ഇറാന്‍ അതീവ രഹസ്യമായി തടവുകാരുടെ വധശിക്ഷകള്‍ നടപ്പാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിവസവും ഒരാളുടെ വധശിക്ഷയാണ് നടപ്പാക്കുന്നതെന്നും പലപ്പോഴും മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകളും വധശിക്ഷയ്ക്ക് വിധേയമായവരുടെ കുടുംബങ്ങളുടെ അടുത്ത വൃത്തങ്ങളും പറയുന്നു.

ശിക്ഷ നടപ്പാക്കിയ ശേഷമാണ് പല കുടുംബങ്ങളും വിവരമറിയുന്നത്. കൂടാതെ, ഭരണകൂട കൊലപാതകങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ വലിയ തോതിലുള്ള പീഡനങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (ഐഎച്ച്ആര്‍എന്‍ജിഒ) നല്‍കുന്ന വിവരമനുസരിച്ച് മാര്‍ച്ചില്‍ മാത്രം കുറഞ്ഞത് 24 പേരുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി. ഇതില്‍ ആറ് വധശിക്ഷകള്‍ വെറും രണ്ട് ദിവസത്തിനുള്ളിലാണ് നടന്നത്.

ജയിലില്‍ കിടക്കുന്നവരുടെ സുരക്ഷയില്‍ ആശങ്ക

ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് വധശിക്ഷ കാത്തുകിടക്കുന്ന നൂറുകണക്കിന് ആളുകളുടെയും അമേരിക്ക- ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തില്‍ ചാരവൃത്തി ആരോപിച്ച് തടവിലാക്കപ്പെട്ടവരുടെയും സുരക്ഷയെക്കുറിച്ച് ഈ പുതിയ നീക്കങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തില്‍ കൂടുതലായി ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തിനകത്തെ ആളുകളുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നിരുന്നാലും എന്‍ക്രിപ്റ്റഡ് ചാനലുകള്‍ വഴിയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വഴിയും ശബ്ദ സന്ദേശങ്ങള്‍ അയച്ചുള്ള ആശയവിനിമയം നടക്കുന്നുണ്ട്.

യുദ്ധത്തിന്റെ മറവില്‍ ഇറാനില്‍ കൂട്ട വധശിക്ഷ; കുടുംബങ്ങളെ നിശബ്ദരാക്കുന്നു
വാസ്‌നികിന്റെ ബിഗ് ഹിന്റ്... കെപിസിസി പ്രസിഡന്റിനും കെ.സി മതി; ലിസ്റ്റ് ചോർന്നതോ മനപ്പൂർവ്വം ചോർത്തിയതോ?

മാര്‍ച്ചില്‍ വധിക്കപ്പെട്ട കൗമാരക്കാരനും ദേശീയ ഗുസ്തി ചാമ്പ്യനുമായ സാലിഹ് മുഹമ്മദിയുടെ കുടുംബം തങ്ങള്‍ അനുഭവിക്കുന്ന കഠിനമായ മാനസികാഘാതത്തെക്കുറിച്ച് പ്രതികരിച്ചു. 'എന്റെ സഹോദരന്റെ വധശിക്ഷയ്ക്ക് ശേഷം സര്‍ക്കാര്‍ അനുകൂലികള്‍ ഞങ്ങളുടെ വീടിന് മുന്നില്‍ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയുമാണ്. ഇത് ഞങ്ങളെ മാനസികമായി തളര്‍ത്തുകയും ഞങ്ങളുടെ വേദന ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട്'. കുടുംബാംഗം വെളിപ്പെടുത്തി.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുടെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ മാത്രം ഇറാന്‍ കുറഞ്ഞത് 1,600 പേരെ വധിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിലും കൊലപാതക കേസുകളിലുമാണ് ഭൂരിഭാഗം പേരെയും വധിച്ചതെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും, യുദ്ധസാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍ വിമര്‍ശകരെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പ്രധാന വധശിക്ഷകള്‍

2022-ലെ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ മെഹ്റാബ് അബ്ദുള്ളസാദയുടെ വധശിക്ഷ ആഴ്ചകല്‍ക്കുള്ളില്‍ ഇറാന്‍ നടപ്പാക്കി. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് നാസര്‍ ബക്കര്‍സാദ, യാക്കൂബ് കരിംപൂര്‍ എന്നിവരെ വധിച്ചു. യാക്കൂബ് കരിംപൂര്‍ ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു. ഇവരെല്ലാം ഇറാനിലെ ന്യൂനപക്ഷവിഭാഗമായ കുര്‍ദിഷ് വംശജരുമാണ്.

യുദ്ധത്തിന്റെ മറവില്‍ ഇറാനില്‍ കൂട്ട വധശിക്ഷ; കുടുംബങ്ങളെ നിശബ്ദരാക്കുന്നു
ടീസ്ത നദിയില്‍ മലക്കം മറിഞ്ഞ് ബംഗ്ലാദേശ്; ചൈനയുടെ പിന്തുണതേടി, ഇന്ത്യക്ക് ആശങ്ക

കൊല്ലപ്പെടുന്നതിന് മുന്‍പ് ഇവര്‍ അയച്ച സന്ദേശങ്ങളില്‍ തങ്ങളെ അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയതായും നിര്‍ബന്ധിത കുറ്റസമ്മതം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പറയുന്നു. 38 ദിവസത്തോളം തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഉര്‍മിയ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മെഹ്റാബ് അബ്ദുള്ളസാദ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ പ്രതിഷേധം

മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്. കുടുംബങ്ങള്‍ ജയിലില്‍ എത്തുമ്പോള്‍ അവരെ തടയുകയും മൃതദേഹങ്ങള്‍ അജ്ഞാത സ്ഥലങ്ങളില്‍ കൊണ്ടുപോയി മറവു ചെയ്യുകയുമാണ് പതിവ്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ നിന്നും ജനുവരിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും അജ്ഞാത കേന്ദ്രത്തില്‍ തൂക്കിലേറ്റിയതായി 2005 മുതല്‍ ഇറാനിലെ വധശിക്ഷകള്‍ നിരീക്ഷിക്കുന്ന ഐഎച്ച്ആര്‍എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ വധശിക്ഷയ്ക്ക് മുന്‍പും ശേഷവും കുടുംബങ്ങള്‍ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇവരെ വെറുതെവിടുമെന്ന് കരുതിയാണ് വധശിക്ഷയ്ക്ക് മുന്‍പ് നിശബ്ദത പാലിച്ചതെന്ന് കുടുംബാംഗം പറഞ്ഞു. ഇപ്പോള്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനും മാന്യമായ രീതിയില്‍ അടക്കം ചെയ്യാനുമുള്ള പ്രതീക്ഷയില്‍ വീണ്ടും നിശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനിലെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോകശക്തികള്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎച്ച്ആര്‍എന്‍ജിഒ തലവന്‍ മഹ്‌മൂദ് അമീരി മൊഗദ്ദം ആവശ്യപ്പെട്ടു. പല തടവുകാരും കുറ്റസമ്മതം നടത്താനായി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെടുമെന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ യുദ്ധത്തിലേക്ക് തിരിഞ്ഞിരിക്കുന്ന സാഹചര്യം മുതലെടുത്ത് സ്വന്തം ജനതയെ അടിച്ചമര്‍ത്താനാണ് ഇറാന്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English Summary: Rights groups have raised alarms over a spike in near-daily, secretive executions carried out by the Iranian government. Reports indicate that at least 1,600 people have been executed in 2025 so far, with a significant surge of at least 24 executions reported since March alone.

Madism Digital
madismdigital.com