ഇസ്രായേലിൽ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നു; നെതന്യാഹു പക്ഷത്തെ ഒപ്പം കൂട്ടാൻ ഐസൻകോട്ടിന്റെ ശ്രമം

പുതിയ സർക്കാരിൽ താൻ തന്നെ പ്രധാനമന്ത്രിയാകുമെന്ന ഉറച്ച വ്യവസ്ഥയിലാണ് ഈ ക്ഷണം.
ഇസ്രായേലിൽ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നു; നെതന്യാഹു പക്ഷത്തെ ഒപ്പം കൂട്ടാൻ ഐസൻകോട്ടിന്റെ ശ്രമം
Published on: 

ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തതിന് പിന്നാലെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സഖ്യകക്ഷികളുമായും നിർണായക ആശയവിനിമയം നടത്തി മുൻ സൈനിക മേധാവി ​ഗാഡി ഐസൻകോട്ട്. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും നെതന്യാഹുവിന്റെ പക്ഷത്തിന് 53 സീറ്റുകളുമാണ് ലഭിച്ചത്. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് യാഷാർ പാർട്ടി നേതാവായ ഐസൻകോട്ടിന് സഖ്യ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് 28 ദിവസത്തെ സമയം അനുവദിച്ചത്.

രാജ്യം വലിയൊരു പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഐസൻകോട്ട് പറഞ്ഞു. "നമ്മൾ ഒരു നയതന്ത്ര പ്രതിസന്ധിയുടെ നടുവിലാണ്. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും തന്ത്രപ്രധാന സഖ്യകക്ഷികളും പോലും ഇസ്രയേലുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് പറയുന്ന സാഹചര്യമാണുള്ളത്," ഐസൻകോട്ട് വ്യക്തമാക്കി. ഈ പ്രതിസന്ധി മറികടക്കാൻ ഒരു ദേശീയ അടിയന്തര സർക്കാർ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിൽ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നു; നെതന്യാഹു പക്ഷത്തെ ഒപ്പം കൂട്ടാൻ ഐസൻകോട്ടിന്റെ ശ്രമം
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണം

സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാ​ഗമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെയും ധനമന്ത്രി ബെസലേൽ സ്മോട്രിചിന്റെ തീവ്രവലതുപക്ഷ പാർട്ടിയെയും തനിക്കൊപ്പം ചേരാൻ ഐസൻകോട്ട് അഭ്യർത്ഥിച്ചു. എന്നാൽ പുതിയ സർക്കാരിൽ താൻ തന്നെ പ്രധാനമന്ത്രിയാകുമെന്ന ഉറച്ച വ്യവസ്ഥയിലാണ് ഈ ക്ഷണം. "ഈ നിമിഷത്തിന്റെ ഗൗരവം മനസ്സിലാക്കുന്ന ആർക്കും മുന്നിൽ എന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, പൂർണ്ണമനസ്സോടെ ഞാൻ എന്റെ കൈകൾ നീട്ടുന്നു," ഐസൻകോട്ട് വ്യക്തമാക്കി.

വിവിധ പാർട്ടി പ്രതിനിധികളുമായി പ്രസിഡന്റ് ഹെർസോ​ഗ് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐസൻകോട്ടിന് നറുക്കുവീണത്. തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ രണ്ട് പ്രധാന അറബ് പാർട്ടികളുടെ പിന്തുണ ഐസൻകോട്ടിന് ലഭിച്ചിരുന്നു. ഇസ്രായേൽ രാഷ്ട്രീയത്തിൽ ഇവരായിരിക്കും പുതിയ സർക്കാർ രൂപീകരണത്തിൽ കിങ്മേക്കർമാരായി മാറുക.

എന്നാൽ സഖ്യത്തിൽ ചേരുന്ന അറബ് പാർട്ടികൾക്ക് മുന്നിൽ ഐസൻകോട്ട് കർശനമായ നിബന്ധനകൾ വെച്ചിട്ടുണ്ട്. ഇസ്രായേലിനെ ഒരു ജൂത രാഷ്ട്രമായി അം​ഗീകരിക്കുക, പലസ്തീൻ സായുധ ​ഗ്രൂപ്പായ ഹമാസിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രമേ അറബ് പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുകയുള്ളൂ.

അതേസമയം, അറബ് പാ‍ർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിനോട് ഐസൻകോട്ടിന്റെ മുന്നണിയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. സഖ്യത്തിലെ യാഥാസ്ഥിതിക പാർട്ടിയായ യിസ്രായേൽ ബെയ്തേനു അറബ് പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറല്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, അറബ് പാർട്ടികൾ തങ്ങളുടെ അനുഭാവികളെ കൂട്ടത്തോടെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് തിരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. എങ്കിലും ഈ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല.

ഇസ്രായേലിൽ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നു; നെതന്യാഹു പക്ഷത്തെ ഒപ്പം കൂട്ടാൻ ഐസൻകോട്ടിന്റെ ശ്രമം
ഇസ്രായേലിൽ ​അടിപതറി നെതന്യാഹു; പ്രധാനമന്ത്രി പദവിയിലേക്ക് ഗാദി ഐസൻകോട്ടിനെ പിന്തുണച്ച് അറബ് പാർട്ടികൾ

അറബ് പാർട്ടികളെ മാറ്റിനിർത്തിയാൽ, നെതന്യാഹുവുമായി അധികാരം പങ്കിടുന്ന ഒരു കരാറിലെത്തുകയോ, സൈനിക സേവനത്തിൽ നിന്ന് ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന അൾട്രാ ഓർത്തഡോക്സ് പാർട്ടികളുമായി ഒത്തുതീർപ്പിലെത്തുകയോ ചെയ്യുക എന്ന വഴികളാണ് പിന്നീട് ഐസൻകോട്ടിന് മുന്നിലുള്ളത്.

ഈ രാഷ്ട്രീയ നീക്കങ്ങളിൽ ഐസൻകോട്ട് വിജയിക്കുകയാണെങ്കിൽ ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് തന്റെ പദവി ഒഴിയേണ്ടി വരും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം നേരിടുന്ന നെതന്യാഹുവിന്റെ ഭരണത്തിൽ ഇസ്രായേൽ ആഗോള തലത്തിൽ വലിയ ഒറ്റപ്പെടൽ നേരിടുകയാണെന്ന് പ്രസിഡന്റ് അടക്കമുള്ളവർ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. 2026-ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി വൻ വിജയം നേടിയതോടെ ഇസ്രായേലിന്റെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ഗാസയിലെ ദുരന്തങ്ങൾക്കും ജനപ്രീതിയില്ലാത്ത ഇറാൻ യുദ്ധത്തിനും ശേഷം ഇസ്രായേലിനെ കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഈ അധികാരമാറ്റം ലോകം ഉറ്റുനോക്കുന്നത്.

Summary

Former Israeli military chief Gadi Eisenkot has been granted 28 days to form a new emergency government, aiming to replace long-serving Prime Minister Benjamin Netanyahu. Facing a lack of a clear majority and a severe diplomatic crisis, Eisenkot is navigating a complex coalition process. His options include partnering with Netanyahu's allies, ultra-Orthodox groups, or Arab parties, though internal coalition divisions and Netanyahu's claims of a "stolen" election pose significant hurdles.