പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; പതിനായിരങ്ങള്‍ തെരുവിലേക്ക്, ഭക്ഷണവും മരുന്നും മുടക്കി ഭരണകൂടം

'ഞങ്ങള്‍ക്ക് തോക്കെടുക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍, നിരായുധരായ ഇത്രയധികം സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ക്ക് ചുമക്കേണ്ടി വരുമായിരുന്നില്ല'
പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; പതിനായിരങ്ങള്‍ തെരുവിലേക്ക്, ഭക്ഷണവും മരുന്നും മുടക്കി ഭരണകൂടം
Published on

പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തില്‍, പ്രതിഷേധക്കാരുടെ മാര്‍ച്ച് തടയാന്‍ അയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പാകിസ്താന്‍. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ എ എ സി) മുസാഫറാബാദിലേക്ക് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് തടയാന്‍ റേഞ്ചേഴ്‌സ്, പൊലീസ്, ഫ്രോണ്ടിയര്‍ കോര്‍പ്‌സ് എന്നിവരടങ്ങുന്ന 4,000 സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് പാക് മാധ്യമമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പൂഞ്ച് ഡിവിഷനിലുണ്ടായ കടുത്ത അക്രമസംഭവങ്ങളില്‍ 10 സാധാരണക്കാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാക് അധീന കശ്മീരിലെ പ്രധാന നഗരങ്ങളെല്ലാം അധികൃതര്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്.

പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ റാവലകോട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അപ്രഖ്യാപിത മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം റാവലകോട്ടില്‍ നിന്ന് മുസാഫറാബാദിലേക്ക് 40,000-ത്തോളം ആളുകള്‍ പങ്കെടുക്കുന്ന വന്‍ മാര്‍ച്ച് നടത്തുമെന്നാണ് ജെ എ എ സി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങളെക്കുറിച്ച് വ്യത്യസ്ത വാദങ്ങള്‍

പ്രദേശത്തുണ്ടായ സുരക്ഷാ പരിശോധനയ്ക്കിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഏഴ് ജെ എ എ സി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. നിരോധിത സംഘടനയായ ജെ എ എ സി പ്രവര്‍ത്തകര്‍ ന്യൂ ബസ് ടെര്‍മിനലിന് സമീപം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സുരക്ഷാ സേനയെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ പൊലീസിന്റെ ഈ വാദങ്ങളെ തള്ളിക്കൊണ്ട് ജെ എ എ സി എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രസ്താവനയിറക്കി.

പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; പതിനായിരങ്ങള്‍ തെരുവിലേക്ക്, ഭക്ഷണവും മരുന്നും മുടക്കി ഭരണകൂടം
പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ, കാണാതായത് മൂന്ന് പേരെ

തങ്ങള്‍ സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും സൈന്യം നുഴഞ്ഞുകയറ്റക്കാരെ വിട്ട് വെടിവെപ്പ് നടത്തി പ്രക്ഷോഭത്തെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും ജെ എ എ സി പറഞ്ഞു. 'ഞങ്ങള്‍ക്ക് തോക്കെടുക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍, നിരായുധരായ ഇത്രയധികം സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ക്ക് ചുമക്കേണ്ടി വരുമായിരുന്നില്ല,' എന്ന് അവര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് പിന്നില്‍ ഭരണകൂടത്തിന്റെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സമിതി ആരോപിച്ചു. ആക്ഷന്‍ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സുരക്ഷാ സേന തങ്ങളുടെ ആളുകളെ സിവിലിയന്‍ വസ്ത്രങ്ങളില്‍ വിന്യസിച്ചിരിക്കുകയാണെന്നും ജെ എ എ സി ആരോപിക്കുന്നു.

പ്രക്ഷോഭകരുടെ ആവശ്യങ്ങളും ഉപരോധവും

അന്യദേശക്കാര്‍ക്കായി മാറ്റിവെച്ച നിയമസഭാ സീറ്റുകള്‍ക്കെതിരെയും പ്രദേശവാസികളോടുള്ള വിവേചനത്തിനെതിരെയുമാണ് ആദ്യം പ്രതിഷേധം ആരംഭിച്ചതെങ്കിലും ഇത് പിന്നീട് വലിയൊരു ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ച അസംബ്ലി സീറ്റുകള്‍ റദ്ദാക്കുക, നികുതി ഇളവുകള്‍ അനുവദിക്കുക, കുറഞ്ഞ പ്രതിമാസ വേതനം 50,000 പാകിസ്താന്‍ രൂപയാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

പാകിസ്താനിലെ ഭരണകൂടം ആഴ്ചകളായി പ്രദേശത്തേക്കുള്ള ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം തടഞ്ഞിരിക്കുകയാണെന്നും ഇത് കടുത്ത മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ജെ എ എ സി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രക്ഷോഭ നേതാവായ സര്‍ദാര്‍ അമന്‍ ഖാന്‍ ഇന്ത്യയോട് മാനുഷിക സഹായം അഭ്യര്‍ത്ഥിക്കുകയും നിയന്ത്രണരേഖയിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം തങ്ങളുടെ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; പതിനായിരങ്ങള്‍ തെരുവിലേക്ക്, ഭക്ഷണവും മരുന്നും മുടക്കി ഭരണകൂടം
കേന്ദ്രസര്‍ക്കാരിനെതിരായ സമരം: ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സ്, 1500 യാത്രക്കാര്‍; ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് സിപിഐ

പാകിസ്താന്റെ നടപടികളെ അപലപിച്ച് ഇന്ത്യ

പ്രതിഷേധക്കാര്‍ക്കെതിരെ പാകിസ്താന്‍ അതിക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് അധികൃതരുടെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇസ്ലാമാബാദിനെ ഇതിന് ഉത്തരവാദികളാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന 'വ്യവസ്ഥാപിതമായ ചൂഷണം, അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കല്‍, ഭരണപരമായ അടിച്ചമര്‍ത്തല്‍' എന്നിവയുടെ പ്രതിഫലനമാണ് നിലവില്‍ പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു. പാകിസ്താന്‍ അമിതമായ ബലപ്രയോഗം നടത്തുകയാണെന്നും ഇതിന് അന്താരാഷ്ട്ര സമൂഹം അവരെ ഉത്തരവാദികളാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

Pakistan has deployed around 4,000 security personnel to stop a planned protest march to Muzaffarabad amid escalating public unrest in Pakistan-occupied Kashmir (PoK). The Joint Awami Action Committee (JAAC), which is leading the protests, has called for a massive rally expected to draw nearly 40,000 participants. Conflicting accounts have emerged over recent violence, with Pakistani authorities accusing protesters of opening fire, while the JAAC claims security forces used excessive force against peaceful demonstrators. The protests, initially sparked by demands for political representation and economic relief, have expanded into a broader movement against alleged discrimination and governance issues.

Madism Digital
madismdigital.com