

ഇസ്രായേൽ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിനോ പ്രതിപക്ഷത്തിനോ സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട സീറ്റ് നില പ്രകാരം നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും, ഗാഡി ഐസൻകോട്ട് സഖ്യത്തിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 സീറ്റുകൾ വേണം.
നവംബർ 4ന് മാത്രമേ വോട്ടുനിലയിൽ സ്ഥിരീകരണമുണ്ടാവുകയുള്ളൂ എങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് ആർക്കും അധികാരം പിടിക്കാനാവാത്ത സങ്കീർണ സാഹചര്യമാണുള്ളത്. ഇതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. അറബ് പാർട്ടികൾ വോട്ട് മോഷ്ടിച്ചെന്നാണ് പ്രധാന ആരോപണം. സാധാരണ രീതിയിൽ അറബ് വോട്ടർമാർ തെരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ പങ്കെടുക്കാറില്ലായിരുന്നെങ്കിലും, നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ പോളിങ് ശതമാനം വൻതോതിൽ ഉയരുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ റെക്കോർഡ് വോട്ടുവിഹിതം നേടിയ അറബ് പാർട്ടികൾ, സംയുക്തമായി 19 സീറ്റുകൾ വരെ കരസ്ഥമാക്കുമെന്നാണ് പ്രവചനം. നിലവിൽ ഇരു പാർട്ടികൾക്കുമുള്ള 10 സീറ്റുകളുടെ ഇരട്ടിയോളമാണിത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി അറബ് നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളായ റാആമും ജോയിന്റ് ലിസ്റ്റും തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയിട്ടുണ്ട്. ഇതോടെയാണ് നെതന്യാഹുവിന്റെ ലിക്വഡ് പാർട്ടി ആഞ്ഞടിച്ചത്.
ഇസ്രായേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അറബ് പാർട്ടികൾക്കുള്ളതെന്നും കുറ്റകൃത്യങ്ങളിലൂടെ അവരത് കൃത്യമായി നടപ്പാക്കുകയാണെന്നും ലിക്വഡ് പാർട്ടി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം സെൻട്രൽ ഇലക്ഷൻ കമ്മിഷൻ തള്ളിയതിന് പിന്നാലെയാണ് പാർട്ടി പ്രസ്താവനയിറക്കിയത്.
നെതന്യാഹുവിന്റെ മുഖ്യ എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന്റെ സഖ്യത്തിന് അറബ് പാർട്ടികളുടെ പിന്തുണയോടെ ഭരണം പിടിക്കാൻ സാധിച്ചേക്കുമെങ്കിലും ചില പ്രതിപക്ഷ കക്ഷികൾ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നെതന്യാഹുവും അദ്ദേഹത്തിന്റെ ലികുഡ് പാർട്ടിയും ഈ സാധ്യതയെ തീവ്രമായി എതിർക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിൽ സഖ്യരൂപീകരണ ചർച്ചകൾ ശക്തമാകുന്നതോടെ, ഇസ്രായേലിലെ അടുത്ത ഭരണാധികാരിയെ നിശ്ചയിക്കുന്നതിൽ അറബ് പാർട്ടികൾ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
2022-ല്‍ താന്‍ ഉണ്ടാക്കിയ 64 സീറ്റുകളുടെ സഖ്യത്തില്‍ നിന്ന് 10 സീറ്റുകളോളം നഷ്ടപ്പെട്ടിട്ടും നെതന്യാഹു തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ശരിവെയ്ക്കപ്പെട്ടു എന്നാണ് അവകാശപ്പെടുന്നത്. പാര്‍ലമെന്റും ഇസ്രായേലിലെ യുവജനങ്ങളും കൂടുതല്‍ വലതുപക്ഷത്തേക്ക് ചായുന്ന പശ്ചാത്തലത്തില്‍, പലസ്തീന്‍ വിരുദ്ധത മുന്‍നിര്‍ത്തി വീണ്ടും ഒരു വലതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
ഇസ്രായേല്‍ ഒരു ‘ജൂത-ജനാധിപത്യ’ രാജ്യമാണെന്നാണ് അവകാശവാദം. എന്നാല്‍ വംശീയതയുടെ പേരില്‍ പലസ്തീന്‍ പ്രതിനിധികളെ ഭരണത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുകയാണെങ്കില്‍, ഇസ്രായേലിന് മുന്നില്‍ ജനാധിപത്യപരമായ ഭാവിയോ അതോ ഒരു ജൂത രാഷ്ട്രമെന്ന നിലനില്‍പ്പോ ഏതാണ് വേണ്ടതെന്ന കടുത്ത ചോദ്യമായിരിക്കും നെതന്യാഹു ബാക്കിവെക്കുന്നത്.
ആഭ്യന്തരമായി കുറ്റകൃത്യങ്ങളും വീടുപൊളിക്കലും നേരിടുകയും, ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന പലസ്തീനികൾ ചരിത്രപരമായ പങ്കാളിത്തത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത് എന്നത് മറ്റൊരു വസ്തുത.
രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിൽക്കുമ്പോഴും, പ്രീപോൾ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലുള്ള കനത്ത തിരിച്ചടി നെതന്യാഹുവിന് നേരിടേണ്ടിവന്നിട്ടില്ല എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹമാസിനും ഹിസ്ബുല്ലയ്ക്കും ഇറാനുമെതിരെയുള്ള സൈനിക നീക്കങ്ങളിലൂടെ താനാണ് 'മിസ്റ്റർ സെക്യൂരിറ്റി' എന്ന പ്രതിഛായ ജനങ്ങളിലേക്കെത്തിക്കാൻ നെതന്യാഹുവിന് സാധിച്ചിട്ടുണ്ട്. ഇത് വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.
Uncertainty looms over Israel’s election, with neither Prime Minister Benjamin Netanyahu’s alliance nor the opposition securing a majority to form a government. According to the reported seat tally, Netanyahu’s alliance won 53 seats, Gadi Eisenkot’s alliance secured 48, and Arab parties won 19 seats. A minimum of 61 seats is required to form a government in the 120-member parliament.