

ശക്തമായ വ്യാപാര നികുതികളിലൂടെ അമേരിക്കയുടെ പ്രധാന സാമ്പത്തിക എതിരാളിയായ ചൈനയെ മുട്ടുകുത്തിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോടതി വിധികള്‍ തിരിച്ചടിയായതോടെ ആ വലിയ ലക്ഷ്യങ്ങള്‍ മങ്ങിയ അവസ്ഥയിലാണ് ട്രംപ് ഈ ആഴ്ച ചൈനയിലേക്ക് തിരിക്കുന്നത്. വ്യാപാര മേഖലയില്‍ ബീന്‍സ്, ബീഫ്, ബോയിംഗ് വിമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും ചെറിയ കരാറുകളിലും ഒപ്പം ജനപ്രീതി നഷ്ടപ്പെട്ട ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും ചൈനയുടെ സഹായം തേടിയാണ് ഈ സന്ദര്‍ശനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മെയ് 14, 15 തീയതികളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. ഒക്ടോബറില്‍ വ്യാപാര യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. 'ചൈനയ്ക്ക് ട്രംപിനെക്കാള്‍ കൂടുതല്‍ ട്രംപിന് ചൈനയെ ആവശ്യമാണ്', എന്ന് ഹോങ്കോംഗ് സര്‍വകലാശാലയിലെ ചൈനീസ് വിദേശനയ വിദഗ്ധനായ പ്രൊഫസര്‍ അലജാന്‍ഡ്രോ റെയ്‌സ് പറഞ്ഞു. 'ലോകത്ത് സ്ഥിരത ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വെറുതെ ആഗോള രാഷ്ട്രീയത്തെ തകിടം മറിക്കുകയല്ലെന്നും കാണിക്കാന്‍ ട്രംപിന് ഒരു വിദേശനയ വിജയം അത്യാവശ്യമാണ്,' റെയ്‌സ് കൂട്ടിച്ചേര്‍ത്തു.
വ്യാപാര നികുതികള്‍ വഴി അമേരിക്കയെ 'കൊള്ളയടിക്കുന്ന കാലം' അവസാനിച്ചുവെന്ന് 2025 ഏപ്രിലില്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ഈ നികുതി വര്‍ദ്ധനവിനെ തുടര്‍ന്ന് ചൈന 'റെയര്‍ എര്‍ത്ത്' ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചു. ഇലക്ട്രിക് കാറുകള്‍ മുതല്‍ ആയുധങ്ങള്‍ വരെയുള്ളവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമായ ഈ ലോഹങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ എത്രത്തോളം ചൈനയെ ആശ്രയിക്കുന്നുണ്ടെന്ന് ഈ നീക്കം തുറന്നുകാട്ടി.
അതിനുശേഷം, ദക്ഷിണ കൊറിയയിലെ ഒരു എയര്‍ബേസില്‍ വെച്ച് നടന്ന അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള കനത്ത നികുതികള്‍ ട്രംപ് താല്‍ക്കാലികമായി നീക്കുകയും 'റെയര്‍ എര്‍ത്ത്' ലോഹങ്ങളുടെ ആഗോള വിതരണം തടസ്സപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് ഷി ജിന്‍പിംഗ് പിന്മാറുകയും ചെയ്തിരുന്നു. അതിനുശേഷം അമേരിക്കക്കെതിരെ പ്രയോഗിക്കാനുള്ള സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചൈന നിശബ്ദമായി ശക്തമാക്കികൊണ്ടിരിക്കുകയായിരുന്നു എന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വ്യാപാര തീരുവകള്‍ക്കെതിരെയുള്ള കോടതി വിധികളോടും, ജനപ്രീതി കുറച്ച ഇറാന്‍ യുദ്ധത്തോടും പോരാടുന്ന തിരക്കിലായിരുന്നു ട്രംപ്.
ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ നടക്കുന്ന ഉച്ചകോടി, ടെമ്പിള്‍ ഓഫ് ഹെവന്‍ സന്ദര്‍ശനം, ഔദ്യോഗിക വിരുന്ന് എന്നിവയുള്‍പ്പെടെ കൂടിക്കാഴ്ചയുടെ ഭാഗമാകും. എന്നാല്‍, ഭാവിയിലെ വ്യാപാരം നിയന്ത്രിക്കാനുള്ള ചില കരാറുകള്‍ക്കും സംവിധാനങ്ങള്‍ക്കുമപ്പുറം വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിലെ വ്യാപാര വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇരു നേതാക്കളും സമ്മതിക്കുമോ എന്ന് പോലും വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ടെസ്ലയുടെ ഇലോണ്‍ മസ്‌ക്, ആപ്പിളിന്റെ ടിം കുക്ക് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ സിഇഒമാരും ട്രംപിനൊപ്പമുണ്ടാകും. വ്യാപാരത്തിന് പുറമെ തായ്വാനുമായുള്ള ആയുധ ഇടപാടുകളെക്കുറിച്ചും തടവിലാക്കപ്പെട്ട മാധ്യമ ഭീമന്‍ ജിമ്മി ലായിയെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ ചൈനയില്‍ പത്ത് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന രണ്ട് അമേരിക്കക്കാരുടെ കുടുംബങ്ങളും അവരുടെ മോചനത്തിനായി ഇടപെടണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വെനസ്വേലന്‍ നേതാവിനെ അന്യയമായി പിടികൂടല്‍, ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണി, മധ്യേഷ്യയെ അശാന്തിയിലാക്കിയ ഇറാന്‍ യുദ്ധം എന്നിങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഇതിനിടെയാണ് ചൈനയുടെ സഹായം ട്രംപ് തേടുന്നത്. അതേസമയം, ഇറാനുമായി ശക്തമായ ബന്ധം ചൈനക്കുണ്ട്. കൂടാതെ ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവും ചൈനയാണ്. അമേരിക്ക ചോദിക്കാന്‍ പോകുന്ന സഹായങ്ങള്‍ക്ക് പകരമായി ചൈന ആവശ്യപ്പെടുക തായ്വാന്‍ വിഷയത്തിലെ വിട്ടുവീഴ്ചയായിരിക്കും. തായ്വാന്റെ സ്വയംഭരണാധികാരത്തിന് വിള്ളലേല്‍പ്പിക്കുന്ന രീതിയിലുള്ള എന്ത് മാറ്റവും ഏഷ്യയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കും.
സാങ്കേതികവിദ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചൈന ഉന്നയിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ചൈന തങ്ങളുടെ സാമ്പത്തിക സ്വാധീനം വര്‍ദ്ധിപ്പിച്ചു വരികയാണ്. ചൈനയില്‍ നിന്ന് വിതരണ ശൃംഖലകള്‍ മാറ്റുന്ന വിദേശ സ്ഥാപനങ്ങളെ ശിക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കിയതും 'റെയര്‍ എര്‍ത്ത്' ലൈസന്‍സിംഗ് കര്‍ശനമാക്കിയതും ഇതിന്റെ ഭാഗമാണ്.
English Summary: US president Donald Trump is traveling to China this week for a high-stakes summit with Xi Jinping. The visit comes at a time when Trump’s international leverage has been significantly weakened by a protracted and unpopular war with Iran, as well as domestic court rulings that have blunted his aggressive trade tariff strategy.