

ചൈനയില്‍ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ തായ്‌വാന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ രണ്ടുദിവസത്തെ ഉച്ചകോടിക്ക് ശേഷം വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ആരും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് ട്രംപ് പറഞ്ഞത്.
തായ്‌വാന്‍ ഒരു പരമാധികാര രാഷ്ട്രമാണെന്നും അതിനാല്‍ പ്രത്യേകമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും തായ്‌വാന്‍ പ്രസിഡന്റ് ലായ് ചിങ്-തേ നേരത്തെ വ്യക്തമാക്കിയിരുന്നു. തായ്‌വാന് സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ നല്‍കാന്‍ നിയമപരമായി അമേരിക്ക ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ യുഎസ് ദീര്‍ഘകാലമായി അവരെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ഈ സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ അമേരിക്കയ്ക്ക് പലപ്പോഴും കഠിനമായി പരിശ്രേമിക്കേണ്ടി വന്നിട്ടുണ്ട്.
1979-ല്‍ അമേരിക്ക പാസാക്കിയ തായ്‌വാന്‍ റിലേഷന്‍സ് ആക്റ്റ് എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തായ്‌വാന് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അമേരിക്ക നിയമപരമായി ബാധ്യസ്ഥരാകുന്നത്. അമേരിക്ക തായ്‌വാനുമായി ഔദ്യോഗിക നയതന്ത്രബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ നിയമം പാസാക്കിയത്. ഈ നിയമപ്രകാരം അമേരിക്ക തായ്‌വാന് പ്രതിരോധ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നല്‍കണം. കൂടാതെ തായ്‌വാന്റെ സുരക്ഷയ്ക്കും സാമൂഹ്യ-സാമ്പത്തിക സംവിധാനത്തിനും ഭീഷണിയാകുന്ന ബലപ്രയോഗങ്ങളെ ചെറുക്കാനുള്ള സൈനിക ശേഷി നിലനിര്‍ത്തുകയും വേണം. എന്നാല്‍ ചൈന തായ്വാനെ ആക്രമിച്ചാല്‍ അമേരിക്ക നേരിട്ട് സൈനികമായി ഇടപെടും എന്ന് ഈ നിയമം ഉറപ്പുനല്‍കുന്നില്ല. പകരം, തായ്‌വാന്റെ പ്രതിരോധ ശേഷിക്ക് പിന്തുണ നല്‍കാനുള്ള നിയമപരമായ അടിത്തറയാണ് ഇത് ഒരുക്കുന്നത്.
സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാന്റെ കാര്യത്തില്‍ താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ല എന്നും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തായ്‌വാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ആവശ്യമെങ്കില്‍ അത് പിടിച്ചെടുക്കാന്‍ ബലം പ്രയോഗിക്കുമെന്നും ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നില്ല എന്നതാണ് നിലവില്‍ അമേരിക്കയുടെ പ്രഖ്യാപിത നിലപാട്. ചൈനയില്‍ ഒരൊറ്റ സര്‍ക്കാര്‍ മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചൈനയുമായുള്ള യുഎസിന്റെ ബന്ധം മുന്നോട്ട് പോകുന്നത്.
'ഒരു യുദ്ധം ചെയ്യാന്‍ നമ്മള്‍ 9,500 മൈല്‍ (15,289 കി.മീ) ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ഞാന്‍ അതിന് താല്‍പ്പര്യപ്പെടുന്നില്ല. അവരും (തായ്‌വാന്‍) ചൈനയും ശാന്തരാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. വാഷിംഗ്ടണിലേക്കുള്ള മടക്കയാത്രയില്‍, താനും ഷി ജിന്‍പിങ്ങും തായ്‌വാനെക്കുറിച്ച് വളരെയധികം സംസാരിച്ചതായി ട്രംപ് വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ തായ്‌വാനെ യുഎസ് സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തായ്‌വാന്റെ കാര്യത്തില്‍ ഷി ജിന്‍പിങ്ങിന് വളരെ ശക്തമായ നിലപാടാണുള്ളതെന്നും അവിടെ ഒരു സ്വാതന്ത്ര്യരാജ്യ പ്രഖ്യാപനം ഉണ്ടാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തായ്‌വാന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാമെന്ന് കൂടിക്കാഴ്ചക്കിടെ ചൈനീസ് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത കാലത്തായി ദ്വീപിന് ചുറ്റും ചൈന സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. ഇത് അമേരിക്കയുടെ നയതന്ത്ര നിലപാടുകളെ വിമര്‍ശന വിധേയമാക്കുകയും മേഖലയില്‍ വലിയ രീതിയില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
അത്യാധുനിക റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ തായ്‌വാന് 11 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള പാക്കേജ് കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ചൈന ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഈ ആയുധ വില്‍പ്പനയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഷി ജിന്‍പിങ്ങുമായി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഈ വിഷയത്തില്‍ ഇപ്പോള്‍ തായ്‌വാന്‍ ഭരിക്കുന്ന വ്യക്തിയോട് സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായ്‌വാനുമായി ശക്തമായ അനൗദ്യോഗിക ബന്ധമാണ് 1979-ന് ശേഷം അമേരിക്ക നിലനിര്‍ത്തുന്നത്. യുഎസ് പ്രസിഡന്റുമാര്‍ സാധാരണയായി തായ്വാന്‍ നേതാക്കളുമായി നേരിട്ട് സംസാരിക്കാറില്ല. അങ്ങനെ ചെയ്താല്‍ ചൈനയുമായി വലിയ നയതന്ത്ര പ്രശ്‌നങ്ങള്‍ ഉണ്ടാകും. കാരണം തായ്‌വാന്‍ പ്രസിഡന്റ് ലായ് ചിങ്-തേയെ ഒരു വിഘടനവാദിയായാണ് ചൈന കണക്കാക്കുന്നത്.
ട്രംപിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് തായ്‌വാന്‍ വിദേശകാര്യ ഉപമന്ത്രി ചെന്‍ മിങ്-ചി ശനിയാഴ്ച പറഞ്ഞു. യുഎസ് നിയമപ്രകാരം തായ്വാനുള്ള ആയുധ വില്‍പ്പന സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും തായ്‌വാന്‍-യുഎസ് ആയുധ വില്‍പ്പന എപ്പോഴും പ്രാദേശിക സമാധാനത്തിന്റെയും സ്ഥിരതയുടെയും അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ്-ചൈന ഉച്ചകോടി തങ്ങളുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും തായ്‌വാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും യുഎസ്-തായ്‌വാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും യുഎസുമായും മറ്റ് രാജ്യങ്ങളുമായും നല്ല ആശയവിനിമയം നിലനിര്‍ത്തുന്നുണ്ടെന്നും തായ്‌വാന്‍ വിദേശകാര്യ മന്ത്രി ലിന്‍ ചിയാ-ലുങ് പറഞ്ഞു.
അതേസമയം, ഭൂരിപക്ഷം തായ്വാന്‍ പൗരന്മാരും തങ്ങളുടേത് ഒരു പ്രത്യേക രാജ്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അതായത് തായ്‌വാന്‍ ചൈനയില്‍ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ ചൈനയുമായി ലയിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഇവരുടെ അഭിപ്രായം.
English Summary: US President Donald Trump warned Taiwan against formally declaring independence from China after a two-day summit with Chinese President Xi Jinping. In an interview with Fox News, Trump said he wanted both China and Taiwan to remain peaceful and avoided giving any direct assurance that the US would militarily defend Taiwan in case of conflict.