ഡിജിറ്റല്‍ യുദ്ധവും സുരക്ഷാ ആശങ്കകളും; എഐ സുരക്ഷയില്‍ നിര്‍ണായക ചര്‍ച്ചയ്ക്ക് യുഎസും ചൈനയും

ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്, മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളായ സിഎക്‌സ്എംടി തുടങ്ങി നൂറിലധികം കമ്പനികളെ കറുത്ത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും യുഎസ് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്.
ഡിജിറ്റല്‍ യുദ്ധവും സുരക്ഷാ ആശങ്കകളും; എഐ സുരക്ഷയില്‍ നിര്‍ണായക ചര്‍ച്ചയ്ക്ക് യുഎസും ചൈനയും
Published on

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയിലെ സുരക്ഷാ ആശങ്കകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയും ചൈനയും തമ്മില്‍ സെപ്റ്റംബറില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലെയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ നേരിടുന്നതിനെ കുറിച്ചാണ് ചര്‍ച്ചയെന്നാണ് വിവരം. മേയില്‍ ചൈനയില്‍ നടന്ന ട്രംപ്-ഷി ജിന്‍പിങ് ഉച്ചകോടിയുടെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു എഐ സംബന്ധിച്ച ചര്‍ച്ചകള്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഈ കൂടിക്കാഴ്ച നടന്നേക്കും. എന്നാല്‍ ചര്‍ച്ചകളുടെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. സെപ്റ്റംബര്‍ 24-നാണ് ഇരു പ്രസിഡന്റുമാരുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളിലെ പ്രധാന എതിരാളികളായ ചൈനയും അമേരിക്കയും എഐ ശേഷിയില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും തൊഴില്‍ വിപണിയിലെ തിരിച്ചടികള്‍ക്കും എഐ സാങ്കേതികവിദ്യ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും നിരീക്ഷിച്ചു വരികയാണ്. അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റായിരിക്കും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക എന്നാണ് വിവരം. മറ്റു പ്രതിനിധികള്‍ ആരൊക്കെയാണെന്നതും എവിടെയാണ് ചര്‍ച്ച നടക്കുക എന്നും അജണ്ട എന്തായിരിക്കും എന്നും തീരുമാനമായി വരുന്നതേഉള്ളൂ.

അതേസമയം, വിഷയം സംബന്ധിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസോ, യുഎസ് ആഭ്യന്തര വകുപ്പോ, ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ചര്‍ച്ചയെക്കുറിച്ച് സ്‌കോട്ട് ബെസ്സെന്റ് സ്ഥിരീകരിച്ചില്ലെങ്കിലും ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചു. 'പല ചൈനീസ് എഐ മോഡലുകളിലും യുഎസ് ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ വാട്ടര്‍മാര്‍ക്കുകള്‍ കാണപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യം ഞങ്ങള്‍ പരിശോധിക്കും', ബെസ്സെന്റ് വ്യക്തമാക്കി.

ഡിജിറ്റല്‍ യുദ്ധവും സുരക്ഷാ ആശങ്കകളും; എഐ സുരക്ഷയില്‍ നിര്‍ണായക ചര്‍ച്ചയ്ക്ക് യുഎസും ചൈനയും
വ്യാവസായിക വിപ്ലവത്തേക്കാൾ വേഗത്തിൽ എഐ തൊഴിൽ മേഖലയെ കാർന്ന് തിന്നും; മുന്നറിയിപ്പുമായ് വിദ​ഗ്ധർ

ട്രംപിന്റെ ഭരണത്തിന്‍ കീഴിലെ ആദ്യ എഐ ചര്‍ച്ച

2024-ല്‍ ജനീവയില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളില്‍, ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതുപോലുള്ള നിര്‍ണായക തീരുമാനങ്ങള്‍ എ ഐ അല്ല, മറിച്ച് മനുഷ്യരാണ് കൈക്കൊള്ളേണ്ടതെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനും ഷി ജിന്‍പിംഗും തത്ത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ പുതിയ ഭരണത്തിന് കീഴില്‍ യുഎസും ചൈനയും തമ്മില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക എഐ ചര്‍ച്ചയായിരിക്കും ഇനി നടക്കാനിരിക്കുന്നത്. ചൈനയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകളുടെ കയറ്റുമതിയില്‍ അമേരിക്ക നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദേശീയ സുരക്ഷാ ഭീഷണിയായി ചൂണ്ടിക്കാണിച്ച ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്, മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളായ സിഎക്‌സ്എംടി തുടങ്ങി നൂറിലധികം കമ്പനികളെ കറുത്ത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും യുഎസ് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്.

അതേസമയം, തങ്ങള്‍ വികസിപ്പിച്ച കരുത്തുറ്റ എഐ മോഡലുകളിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം പരിമിതപ്പെടുത്താന്‍ ചൈനയും ആലോചിക്കുന്നുണ്ട്. ആന്ത്രോപിക് കമ്പനിയുടെ നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത 'മിത്തോസ്' എന്ന പുതിയ എഐ മോഡലിന്റെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള ആശങ്കകളാണ് ഇങ്ങനെയൊരു ആലോചനയ്ക്ക് അടിസ്ഥാനം.

രാഷ്ട്രീയത്തിനപ്പുറം സാങ്കേതിക പങ്കാളിത്തം ആഗ്രഹിക്കുന്ന ചൈന

യുഎസിന്റെ പുതിയ അത്യാധുനിക എഐ മോഡലുകളുടെ നിയന്ത്രണം, ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകള്‍ക്ക് മേല്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും ചൈനയുടെ പ്രധാന അജണ്ട എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അമേരിക്കയുമായുള്ള കൂടികാഴ്ചയില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥരെയും മന്ത്രാലയങ്ങളെയും കുറിച്ച് തീരുമാനിക്കുന്നതിന് മുന്നോടിയായി ചൈനീസ് അധികൃതര്‍ അടുത്ത മാസം ആഭ്യന്തര ചര്‍ച്ചകള്‍ നടത്തും. വെറും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ക്ക് പകരം എഐ വിഷയങ്ങളില്‍ അമേരിക്കയുമായി സാങ്കേതിക പങ്കാളിത്തവും കൃത്യമായ സംവാദങ്ങളുമാണ് ചൈന ആഗ്രഹിക്കുന്നത്.

Summary

The United States and China are reportedly set to hold high-level talks in September focused on artificial intelligence (AI) safety and security. The discussions will address concerns over AI's use in cyberattacks, military applications, critical infrastructure, and intellectual property, ahead of a scheduled meeting between President Donald Trump and Chinese President Xi Jinping. The talks are expected to mark the first official AI dialogue under the Trump administration and could shape future global AI governance.

Madism Digital
madismdigital.com