

മനുഷ്യർ ചന്ദ്രനിൽ കാലുകുത്തിയിട്ട് 50 വർഷം കഴിഞ്ഞു. ഈ അമ്പത് വർഷത്തിനിപ്പുറം ഒരു സുപ്രധാന ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. ഇനി ചന്ദ്രനെ ഒന്ന് തൊടാനായി അങ്ങോട്ട് പോകുന്നില്ല, പോകുകയാണെങ്കിൽ സ്ഥിരതാമസത്തിന് മാത്രം.
അതെ, ചന്ദ്രനിൽ മനുഷ്യരെ താമസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നാസ. ചന്ദ്രനിലെ മനുഷ്യനിർമിതമായ ആദ്യത്തെ ഔട്ട്പോസ്റ്റ് നാസയുടെ വകയാവും. ആർട്ടെമിസ് പദ്ധതിക്ക് കീഴിൽ ഇതിനായി നാല് യു.എസ് കമ്പനികൾക്ക് നാസ കോൺട്രാക്ട് നൽകിക്കഴിഞ്ഞു. 2000 കോടി ഡോളറിന്റെ പദ്ധതിയാണിത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിനലാണ് കരാർ തുകയിൽ സിംഹഭാഗവും സ്വന്തമാക്കി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ താവളം നിർമിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പല ഘട്ടങ്ങളായി പൂർത്തിയാകുന്ന പദ്ധതിക്ക് പതിറ്റാണ്ടുകളുടെ കാലതാമസം നാസ കണക്കാക്കുന്നുണ്ട്. ഈ കാലയളവിൽ സാവകാശം അവിടെ ഒരു സെറ്റിൽമെന്റ് ഉണ്ടാക്കിയെടുക്കും.
റഷ്യയുമായി സഹകരിച്ച് ലൂണാർ ബേസ് പ്രോജക്ട് ഉണ്ടാക്കാൻ ചൈന പരിശ്രമിക്കുന്നതിനിടെയാണ് നാസയുടെ സുപ്രധാന മുന്നേറ്റം. സൈഫൈ സ്റ്റൈലിൽ ഒരു മൂൺ സിറ്റിയൊന്നുമല്ല നാസ പദ്ധതിയിടുന്നത്. എന്നുവച്ചാൽ തല്ക്കാലത്തേക്ക് അത്തരമൊരു പ്ലാനില്ല എന്ന്.
ബഹിരാകാശയാത്രികർക്ക് ഒരാഴ്ചയോ ഒരുമാസമോ താമസിക്കുന്നതിനായുള്ള ആവാസവ്യവസ്ഥ, വാഹനങ്ങൾ, ലാബുകൾ എന്നിവ ഒരുക്കാനാണ് നിലവിലെ ശ്രമം. പിന്നീടിത് വിപുലീകരിക്കും. ലൂണാർ ബേസിന്റെ പരിധികൾ ഡ്രോണുകളുപയോഗിച്ച് സ്ഥിരം നിരീക്ഷിക്കുന്നുണ്ടാവും. മറ്റ് രാജ്യങ്ങളുടെ വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനാണിത്.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂർണമായും നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ മൂന്ന് നിർണായക ദൗത്യങ്ങൾ ചന്ദ്രനിലേക്ക് പുറപ്പെടും. ബഹിരാകാശയാത്രികരെ സുരക്ഷിതമായി ചന്ദ്രനിൽ ലാൻഡ് ചെയ്യിക്കുകയാണ് ആദ്യഘട്ടം.
ആർട്ടെമിസ് iiiയിലൂടെ ബഹിരാകാശയാത്രികർ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ നാസയുടെ ഓറിയൺ ക്യാപ്സ്യൂൾ ഡോക്ക് ചെയ്യുന്നതിനുള്ള പരിശീലനം നടത്തും. മനുഷ്യരെ ചന്ദ്രനിലേക്കെത്തിക്കുന്ന ലൂണാർ ലാൻഡറുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് എന്നീ കമ്പനികളാണ്.
2032 മുതൽ കൃത്യമായ ഇടവേളകളിൽ ബഹിരാകാശയാത്രികരെ മാറ്റിക്കൊണ്ടും, തുടർച്ചയായ പരീക്ഷണങ്ങളിലൂടെയും മനുഷ്യന് ചന്ദ്രനിൽ സ്ഥിരമായി താമസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: NASA is preparing for a permanent human presence on the Moon, with plans to establish the first human-made outpost on the lunar surface. As part of the Artemis program, NASA has already awarded contracts to four U.S. companies for the project. The biggest winner is Blue Origin, the rocket company owned by Amazon founder Jeff Bezos, which secured the largest share of the contract value.