

അമേരിക്കയുടെ എംക്യു-1 പ്രെഡേറ്റര്‍ (MQ-1 Predator) ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാന്റെ റഡാര്‍, ഡ്രോണ്‍ നിയന്ത്രണ കേന്ദ്രങ്ങളില്‍ ബോംബിട്ട് അമേരിക്കന്‍ സൈന്യം. ഇതിനുള്ള തിരിച്ചടിയായി ഇറാന്‍ കുവൈറ്റില്‍ ആക്രമണം നടത്തി. അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി കുവൈറ്റ് അറിയിച്ചു.
വെടിനിര്‍ത്തല്‍ ഉണ്ടായിട്ടും ഇരു രാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നത് ആ കരാര്‍ എത്രത്തോളം ദുര്‍ബലമാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇറാന്റെ ഗെരുക് നഗരത്തിന് സമീപവും ഖേഷം ദ്വീപിലുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
കപ്പലുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഒരു ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍, രണ്ട് വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ എന്നിവ യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു. കുവൈറ്റിലെ യുഎസിന്റെ പ്രധാന സൈനിക താവളത്തിനു നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു.
മിസൈലുകളെ പ്രതിരോധിച്ചെന്ന് കുവൈറ്റ്
തിങ്കളാഴ്ച പുലര്‍ച്ചെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിയുതിര്‍ത്തതായി കുവൈറ്റ് അറിയിച്ചു. യുഎസ് സൈന്യം ഇറാന്റെ ഒരു ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ത്തതായി റെവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരമായാണ് തങ്ങള്‍ ആക്രമണം നടത്തിയെന്നാണ് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചത്. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ല. അമേരിക്കന്‍ ആര്‍മി സെന്‍ട്രലിന്റെ മിഡില്‍ ഈസ്റ്റിലെ ഫോര്‍വേഡ് കമാന്‍ഡ് ആസ്ഥാനം കുവൈറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പങ്കുവെച്ചിരുന്നു. അവസാന അമേരിക്കന്‍ സൈനികനും ഈ മേഖല വിടുന്നതുവരെ ആക്രമണം തുടരും എന്നാണ് അടിക്കുറിപ്പായി നല്‍കിയത്. പരിക്കേറ്റ നിലയിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രവും അതിനു മുകളിലായി അടച്ചുപൂട്ടിയ ഹോര്‍മുസ് കടലിടുക്കിന്റെ ചിത്രവും ചേര്‍ത്തുവെച്ച സ്റ്റിക്കറും മിസൈലിന്റെ ബോഡിയില്‍ പതിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ബാധിക്കുന്ന ആക്രമണങ്ങള്‍
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഈ ആക്രമണങ്ങള്‍ യുഎസും ഇറാനും തമ്മില്‍ ശത്രുതയിലാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇറാന്‍ യുറേനിയം ഉപയോഗിച്ച് ആണവായുധം വികസിപ്പിക്കുന്നത് തടയുക എന്നതാണ് യുദ്ധത്തിലെ തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പദ്ധതിയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നുണ്ട്. ഇതിനിടെയിലാണ് യുറേനിയം ചര്‍ച്ചകളും തുടരുന്നത്.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ഇറാന്റെ ആവശ്യവും വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ എണ്ണയില്‍ നിന്നുള്ള കോടിക്കണക്കിന് ഡോളര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നുമുള്ള നിരവധി വിഷയങ്ങളില്‍ ഇരുപക്ഷവും ഇപ്പോഴും ഭിന്നതയിലാണ്. അതേസമയം, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഗാംബിയന്‍ പതാകയേന്തിയ ചരക്കുകപ്പലിന്റെ എഞ്ചിന്‍ റൂമിലേക്ക് കഴിഞ്ഞ വാരാന്ത്യത്തില്‍ യുഎസ് മിസൈല്‍ തൊടുത്തിരുന്നു. ചില കപ്പലുകള്‍ക്ക് മാത്രമാണ് കടലിടുക്കിലൂടെ പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് ആഗോള ഊര്‍ജ്ജ വിതരണത്തെ പോലെ കെമിക്കല്‍ വളങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന രാസവളങ്ങളുടെ 30 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഗള്‍ഫ് മേഖലയിലാണ്.
ഇതിനിടയില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഗോള ഊര്‍ജ്ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഈ ഇടുങ്ങിയ പാതയിലൂടെയാണ്. അതേസമയം, ഇസ്രായേല്‍ തങ്ങളുടെ അധിനിവേശം ലെബനനിലെ ലിതാനി നദിക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നതോടെ അവിടെയും യുദ്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
മാറിമറിയുന്ന ട്രംപിന്റെ തീരുമാനങ്ങള്‍
വെടിനിര്‍ത്തല്‍ നീട്ടുന്നതിനും കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരാറുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഉപദേശകരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ല. കരാറിന് അന്തിമരൂപമായിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ ട്രംപ് ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നിലവിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ തന്റെ വിമര്‍ശകരെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.
'ഇറാന് ഒരു കരാറിലെത്താന്‍ വലിയ ആഗ്രഹമുണ്ട്, അത് അമേരിക്കയ്ക്കും നമ്മോടൊപ്പമുള്ളവര്‍ക്കും അനുകൂലമായ ഒന്നായിരിക്കും. നിങ്ങള്‍ ശാന്തരായിരിക്കൂ, എല്ലാം ശുഭമായി അവസാനിക്കും. എപ്പോഴും അങ്ങനെയാണല്ലോ' എന്നായിരുന്നു ട്രംപ് കുറിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലെ കാലതാമസത്തെ കുറിച്ച് വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെയും ട്രംപ് രൂക്ഷമായി ശാസിച്ചു. ഇതില്‍ 'രാജ്യസ്‌നേഹമില്ലാത്തവരായി തോന്നുന്ന റിപ്പബ്ലിക്കന്‍മാരും' ഉള്‍പ്പെടുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
English Summary: The United States launched airstrikes on Iranian radar and drone control facilities after Iran reportedly shot down an American MQ-1 Predator drone. Tehran responded with attacks linked to US military interests in Kuwait, while Kuwaiti authorities said their air defense systems intercepted incoming drones and missiles