

ഇറാനിലെ ഹിജാബ് നിയമങ്ങൾ ലോകം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മഹ്സ അമീനി ഉൾപ്പടെ, ഈ നിയമത്തിൽ കൊല ചെയ്യപ്പെട്ട നിരവധി പേരുകൾ പുറത്തെത്തിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ഇപ്പോഴിതാ, ഹിജാബ് ഇടാതെ പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഒരു ഗായികയെ ചാട്ടവാറടിക്ക് വിധേയയാക്കിയിരിക്കുകയാണ് ഇറാൻ- അതും 74 തവണ.
പരസ്തൂ അഹ്മദി എന്ന 29കാരിയാണ് ഏറ്റവുമൊടുവിൽ ഇറാന്റെ 'അച്ചടക്ക നടപടിക്ക്' ഇരയായിരിക്കുന്നത്. ഒരു ഓൺലൈൻ കൺസർട്ടിൽ ഹിജാബ് ധരിക്കാതെ പാട്ടുപാടി എന്ന 'ഗുരുതരമായ കുറ്റം' ചുമത്തി ആയിരുന്നു പരസ്തൂവിനും അവരുടെ പ്രൊഡക്ഷൻ ടീമിലുള്ള എട്ട് പേർക്കുമുള്ള ശിക്ഷ. സംഘത്തിന് രണ്ട് വർഷത്തേക്ക് രാജ്യം വിട്ടുപോകുന്നതിനും കലാപരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.
ആരാണ് പരസ്തു? എന്താണ് കേസ്?
2024ലായിരുന്നു കേസിനാസ്പദമായ സംഭവം. പരസ്തൂവിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ഒരു സംഗീതപരിപാടിയായിരുന്നു അത്. യൂട്യൂബ് ലൈവ് സ്ട്രീമിംഗിലൂടെ പരസ്തൂ ആലപിച്ച 'അസ് ഖൂനെ ജവാനാന്റെ വതൻ' (മാതൃരാജ്യത്തെ യുവാക്കളുടെ രക്തത്തിൽ നിന്ന്) എന്ന ദേശഭക്തി ഗാനം വൻ വൈറലായി. ലക്ഷക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തു.
തലമറയ്ക്കാതെ, തോളുകൾ കാണുന്ന രീതിയിൽ ഭംഗിയുള്ള ഒരു കറുത്ത ഗൌണിലായിരുന്നു പരസ്തൂവിന്റെ അവതരണം. പ്രേക്ഷകരില്ലാതെയായിരുന്നു സംഗീതപരിപാടി ചിത്രീകരിച്ചത്. ഇറാനിലെ ഒരു പരമ്പരാഗത കാരവൻസറായ് (യാത്രികരുടെ വിശ്രമകേന്ദ്രം) സമുച്ചയത്തിന്റെ പരിസരത്ത് ഒരുക്കിയ വേദിയിൽ, കീബോർഡ്, താളവാദ്യങ്ങൾ, ഗിറ്റാറുകൾ എന്നിവയുമായി ഒരു പുരുഷ ബാക്കിങ് ബാൻഡിനൊപ്പമാണ് പരസ്തൂ പ്രകടനം നടത്തിയത്. ഇത് പക്ഷേ യൂട്യൂബിൽ ലൈവ് ആയിരുന്നു.
തുടർന്ന് പൊതുവിടത്തിൽ ഹിജാബ് ധരിക്കാതെ പാട്ടുപാടിയതിന് ഗായികയെയും അണിയറപ്രവർത്തകരെയും അധികൃതർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും പാട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ അധികൃതർ ഔദ്യോഗികമായി കേസ് ഫയൽ ചെയ്തു. ഈ കേസിലാണ് പരസ്തൂവും സംഘവും കുറ്റക്കാരെന്ന കണ്ടെത്തി ഇറാൻ കോടതി ശിക്ഷ വിധിച്ചത്. ഇന്റര്‍നെറ്റിലൂടെ അശ്ലീലവും അധാര്‍മ്മികവുമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പൊതുജന മര്യാദകളെ ലംഘിച്ചു എന്ന കുറ്റത്തിനാണ് കോം പ്രവിശ്യയിലെ ക്രിമിനല്‍ കോടതിയുടെ ശിക്ഷ.
സൊറേ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലിം ഡയറക്ഷനിൽ ബിരുദം നേടിയ വ്യക്തിയാണ് പരസ്തൂ. 14-ാം വയസ്സിൽ തന്നെ സോൾഫേജ് (സംഗീതസ്വര പരിശീലനം) പഠിക്കാനും, നാടോടി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ശബ്ദപരിശീലനം നേടാനും ആരംഭിച്ചിരുന്നു.
സംഗീതപരിപാടിയെക്കുറിച്ച് സംസാരിക്കവെ അഹ്മദി സോഷ്യൽമീഡിയയിൽ പങ്കുവച്ചത് ഇങ്ങനെ ആയിരുന്നു:
“ഞാൻ, പരസ്തൂ... ഞാൻ സ്നേഹിക്കുന്ന ജനങ്ങൾക്കായി പാടാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ്. എന്റെ പ്രിയപ്പെട്ട മാതൃഭൂമിക്കായി പാടുക എന്നത് എനിക്ക് അവകാശമായിരുന്നു. ചരിത്രവും ഇതിഹാസങ്ങളും ഇഴചേരുന്ന നമ്മുടെ പ്രിയപ്പെട്ട ഇറാനിലെ ഈ സ്ഥലത്ത് നിന്ന്, ഈ സാങ്കൽപ്പിക സംഗീതപരിപാടിയിലൂടെ എന്റെ ശബ്ദം കേൾക്കൂ; ഈ മനോഹരമായ നാടിനെ മനസ്സിൽ കാണൂ...
2022-23 കാലഘട്ടത്തിൽ ഭരണകൂടത്തിനെതിരായ വൻ ജനകീയ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്, ഹിജാബ് ധരിക്കാതെ വീടിനുള്ളിൽ ആലപിച്ച ഗാനങ്ങളുടെ ഓഡിയോ ക്ലിപ്പുകളും വീഡിയോകളും ഉൾപ്പെടെ ഇൻസ്റ്റഗ്രാമിൽ പരസ്തൂ പങ്കുവച്ചിരുന്നു. ഈ പാട്ടുകളിലൂടെ അഹ്മദി ഇറാനിയർക്കിടയിൽ വലിയ ജനപ്രീതി നേടിയിട്ടുമുണ്ട്.
വിമർശനം വാനോളം...
പരസ്തൂവിനെതിരായ ശിക്ഷ മനുഷ്യാവകാശ പ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും വ്യാപക വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഇറാനിയൻ ആക്ടിവിസ്റ്റുകൾക്ക് നിയമസഹായം നൽകുന്ന ദാദ്ബാൻ എന്ന സംഘടനയിലെ മനുഷ്യാവകാശ അഭിഭാഷകനായ മോയിൻ ഖസായേലി, ഈ ശിക്ഷയ്ക്ക് നിയമപരമായ അടിത്തറയില്ലെന്ന് അഭിപ്രായപ്പെട്ടു.
“സ്ത്രീകൾ പാടുന്നതും സംഗീതം അവതരിപ്പിക്കുന്നതും സംഗീതസൃഷ്ടികൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ഇറാനിലെ ക്രിമിനൽ നിയമപ്രകാരം കുറ്റകരമല്ല. അതിനാൽ ഇത്തരം പ്രവർത്തനങ്ങളെ ‘അശ്ലീല ഉള്ളടക്കം നിർമ്മിക്കൽ, വിതരണം ചെയ്യൽ അല്ലെങ്കിൽ പ്രസിദ്ധീകരിക്കൽ’ എന്ന് ന്യായമായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ല,” ഖസായേലി പറയുന്നു.
യൂട്യൂബിലെ ഒരു പ്രകടനത്തിന്റെ പേരിൽ അഹ്മദിക്ക് ചാട്ടവാറടി ശിക്ഷ ലഭിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച്, മാധ്യമപ്രവർത്തകയായ മസിഹ് അലിനെജാദ് പറഞ്ഞത് ഇങ്ങനെ- സ്ത്രീകളുടെ ശബ്ദത്തെ എങ്ങനെ ഒരു ഭീഷണിയായി കാണുന്നുവെന്നതിന്റെ തെളിവാണ് ഈ നടപടി. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സ്ത്രീകൾക്കെതിരായ വിവേചനം തന്നെയാണ്.
അഹ്മദിക്കെതിരായ നടപടിയെ ഇറാനിയൻ-ബ്രിട്ടീഷ് നടിയായ നാസനിൻ ബോണിയാടിയും രൂക്ഷമായി തന്നെ വിമർശിച്ചു. രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴും ഇറാനിലെ അടിച്ചമർത്തൽ തുടരുകയാണെന്ന് തെളിയിക്കുകയാണ് നടപടിയെന്നായിരുന്നു അവരുടെ പ്രതികരണം.
ഓസ്‌കർ നോമിനേഷൻ നേടിയ 'ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്' എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട നടി സെതാറഹ് മലേകി അഹ്മദിയുടെ പ്രകടനം തന്നിലെ പ്രതിരോധത്തിന്റെ ആത്മാവിനെ വീണ്ടും ജ്വലിപ്പിച്ചു എന്നാണ് പ്രതികരിച്ചത്.
English Summary: Iran's hijab laws have been under global scrutiny for years. Despite the deaths of several women, including Mahsa Amini, linked to the enforcement of these laws, little has changed. Now, Iran has reportedly sentenced a singer to 74 lashes for appearing in public without a hijab.
The latest target of Iran's "disciplinary action" is 29-year-old singer Parastoo Ahmadi. She and eight members of her production team were punished for the "serious offense" of performing without a hijab during an online concert. In addition to the lashes, the group has been banned from leaving the country and participating in artistic performances for two years.