പോളിങ് കുതിച്ചു; കേരളം ആരുടെ കൈകളിലേക്ക്? പെട്ടിയിലായ വിധി കാത്ത് മുന്നണികൾ
കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി വോട്ടിങ് യന്ത്രങ്ങളിൽ ഭദ്രമായിക്കഴിഞ്ഞു. ഇനി രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ മെയ് നാലിലേക്കാണ്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 78.27% ഇത്തവണ രേഖപ്പെടുത്തിയത് മുന്നണി ക്യാമ്പുകളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
കണക്കുകൾ കൂട്ടിയും കുറച്ചും മുന്നണികൾ
ഉയർന്ന പോളിങ് സാധാരണയായി ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയായി യുഡിഎഫ് വിലയിരുത്താറുണ്ടെങ്കിലും മുൻകാല ചരിത്രം വോട്ടിങ് ശതമാനവും വിജയവും തമ്മിൽ കൃത്യമായ ബന്ധം എപ്പോഴും പുലർത്തിയിട്ടില്ല. 1987-ൽ റെക്കോർഡ് വോട്ടിങ് നടന്നപ്പോൾ എൽഡിഎഫിനെയാണ് കേരളം തുണച്ചത്.
യുഡിഎഫ് പ്രതീക്ഷ: സംസ്ഥാനത്തുടനീളം നിശബ്ദ തരംഗമുണ്ടായെന്നും 80 മുതൽ 85 സീറ്റുകൾ വരെ നേടി അധികാരം തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു. തെക്കൻ കേരളത്തിലെ മുന്നേറ്റം തങ്ങളെ സഹായിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എൽഡിഎഫ് വിശ്വാസം: പ്രാഥമിക കണക്കുകൾ പ്രകാരം 75 മുതൽ 80 സീറ്റുകൾ വരെ നേടി ഭരണത്തുടർച്ച ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുന്നു. ഉയർന്ന പോളിങ് തങ്ങളെ ഒട്ടും ബാധിക്കില്ലെന്നും മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ അനുകൂലമാണെന്നുമാണ് ഇടത് നേതൃത്വത്തിന്റെ വാദം.
ബിജെപി പ്രവചനം: തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിൽ ഉൾപ്പെടെ അട്ടിമറി വിജയങ്ങൾ പർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
നിർണ്ണായകമായി മാറുന്ന ആ മണ്ഡലങ്ങൾ
സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ള പത്തിലേറെ മണ്ഡലങ്ങളിൽ ഇത്തവണ അതിശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ മണ്ഡലങ്ങൾ ആരെ തുണയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭരണാധികാരികൾ ആരെന്ന് നിശ്ചയിക്കപ്പെടുന്നത്. മുന്നണികൾക്കിടയിലുള്ള നേരിയ വോട്ട് വ്യത്യാസം പോലും ഇവിടെ വിജയപരാജയങ്ങളെ മാറ്റിമറിച്ചേക്കാം.
മലബാറിലെ പോളിങ് ചൂട്
വടക്കൻ കേരളത്തിലെ പല ജില്ലകളിലും സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന വോട്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടും പാലക്കാടും പോളിങ്ങിൽ ഏറെ മുന്നിലെത്തിയപ്പോൾ പത്തനംതിട്ടയിൽ താരതമ്യേന കുറഞ്ഞ പോളിങ്ങാണ് കണ്ടത്. എസ്ഐആറിന് (SIR) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ മലബാറിലെ വോട്ട് വിഹിതം ആർക്ക് അനുകൂലമാകുമെന്നത് നിർണ്ണായകമാണ്.
തുടർനടപടികളുമായി സിപിഎം
മണ്ഡലം-ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടൻ യോഗം ചേരും. ബൂത്ത് തലത്തിലുള്ള കണക്കുകൾ ശേഖരിച്ച ശേഷം കൃത്യമായ വിജയസാധ്യത വിലയിരുത്താനാണ് പാർട്ടി നീക്കം.
തിരഞ്ഞെടുപ്പ് ചൂട് ബൂത്തുകളിൽ നിന്ന് ചർച്ചകളിലേക്ക് മാറുമ്പോൾ, വോട്ടർമാരുടെ നിശബ്ദ വിധി ആർക്ക് അനുകൂലമാകുമെന്നറിയാൻ രാഷ്ട്രീയ കേരളം ശ്വാസമടക്കി കാത്തിരിക്കുകയാണ്.
English Summary: With a significant 78.27% voter turnout—the highest since 1987—Kerala is locked in a high-stakes waiting game until the counting on May 4. The surge in polling, particularly in the northern strongholds and critical battlegrounds, has left the major fronts in a flurry of strategic calculations.
While the LDF remains confident that their developmental push will secure a historic third term with 75–80 seats, the UDF anticipates a silent wave of anti-incumbency to propel them past the 85-seat mark. Meanwhile, the NDA eyes a breakthrough in key urban pockets. As both fronts claim the high turnout favors their cause, the outcome in ten fiercely contested swing constituencies will likely determine who leads the state for the next five years.