

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തെച്ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനം വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്ക് മറ്റാരുടെയും പിന്തുണയില്ലെന്നുമാണ് അടൂർ പ്രകാശിന്റെ വിശദീകരണം. എന്നാൽ, വിമർശനത്തിന് പിന്നിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന സംശയത്തിലാണ് സതീശന്‍ അനുകൂല വിഭാഗം. വിഷയത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് ഇരുവിഭാഗങ്ങളും.
മുന്നണിയിലും സർക്കാരിലും നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നതാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. യുഡിഎഫ് കൺവീനറായി ചുമതലയേറ്റതു മുതൽ അവഗണന നേരിടുകയാണെന്നും പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്‍ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം പരസ്യമായത്. സ്ഥാനങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഇത്തരം തീരുമാനങ്ങൾ കൂട്ടായ ചർച്ചകളിലൂടെ കൈക്കൊള്ളണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തന്റെ പരാതികൾ എഐസിസിയെ അറിയിക്കുമെന്നും അത് ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ വിമർശനത്തിന്റെ പേരിൽ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയാലും വിഷമമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയുമായി വ്യക്തിപരമായ തർക്കമില്ലെന്നും മുന്നണിയിലും കോൺഗ്രസിലും പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ചില കാര്യങ്ങൾ പരസ്യമായി പറയേണ്ട സാഹചര്യമുണ്ടായെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിന്റെ നിലപാടുകൾ ഒറ്റപ്പെട്ടതാണെന്ന വാദം അംഗീകരിക്കാൻ സതീശൻ അനുകൂലികൾ തയ്യാറല്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള അതൃപ്തി പാർട്ടിക്കുള്ളിൽ വ്യാപകമാണെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തൽ. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം, വിവിധ അക്കാദമികളുടെ ഭാരവാഹി നിയമനം, സർക്കാർ-പാർട്ടി ഏകോപനത്തിലെ വീഴ്ചകൾ എന്നിവയും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നും ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രധാന നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നേതാക്കളുമായി ചർച്ച നടത്തണമെന്നുമാണ് സതീശൻ വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം. പുനഃസംഘടന നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലും ബോധപൂർവമായ നീക്കങ്ങളുണ്ടെന്ന സംശയവും ഈ വിഭാഗത്തിനുണ്ട്. ദീപ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാടുകളിലും ഇവർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അടൂർ പ്രകാശ് ഔദ്യോഗികമായി പരാതി നൽകിയാൽ വിഷയം അച്ചടക്ക ലംഘനമായി ഉയർത്തിക്കൊണ്ടുവരാനാണ് സതീശൻ അനുകൂലികളുടെ നീക്കമെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രിക്കെതിരായ പരാതികൾ നേരിട്ട് എഐസിസിയെ അറിയിക്കാനുള്ള നീക്കത്തിലാണ് അടൂർ പ്രകാശ്. ഇതിനായി തിങ്കളാഴ്ച അദ്ദേഹം ഡൽഹിയിലെത്തുമെന്നാണ് സൂചന.
പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയ സാഹചര്യത്തിൽ നേതാക്കൾ പ്രതികരണങ്ങളിൽ നിയന്ത്രണം പാലിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ, പാർട്ടിക്കുള്ളിലെ അതൃപ്തിയും നേതൃത്വത്തോടുള്ള വിയോജിപ്പുകളും തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ഹൈക്കമാൻഡിന്റെ നിലപാട് നിർണായകമാകും.
Adoor Prakash’s public criticism has intensified internal divisions within the Congress, with the Satheesan camp suspecting that the criticism has the backing of the party’s top leadership. Both factions are awaiting intervention from the high command.