

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമായി ബിജെപി. മൂന്നു സീറ്റ് നേടിയ പാർട്ടി, 2016ലെ ഒരു സീറ്റ് എന്ന നേട്ടത്തെയാണ് മറികടന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബിബി ഗോപകുമാറും തിരുവനന്തപുരം നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് അക്കൗണ്ട് തുറന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി ഭരണസംവിധാനത്തിൽ ഇടപെടാൻ ബിജെപിക്ക് കഴിയുമെന്ന് പാർട്ടി നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും നിയമസഭയിൽ മൂന്ന് സീറ്റ് എന്നത് വലിയ വിജയമായാണ് അവർ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിനേരിട്ട എൽഡിഎഫിന് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചപോലെയാണ് ബിജെപിയുടെ മൂന്ന് വിജയങ്ങളും. വിജയിച്ച 3 മണ്ഡലങ്ങളും ഇടത് കോട്ടകളാണ്. 2006 മുതൽ ഇടത് കോട്ടയായി തുടരുന്ന ചാത്തന്നൂരിൽ സിപിഐ സ്ഥാനാർഥി ആർ രാജേന്ദ്രനെതിരെ ബിജെപിയുടെ ബിബി ഗോപകുമാർ ജയിച്ചത് 4398 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 51923 വോട്ടാണ് ഗോപകുമാർ ആകെ നേടിയത്.
2021 ൽ സിപിഐയുടെ ജിഎസ് ജയലാൽ 59296 വോട്ട് നേടി 17206 ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗോപകുമാർ നേടിയത് 42090 വോട്ടുകളായിരുന്നു. 2016 ൽ ജയലാൽ 67606 വോട്ട് നേടി 34407 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. ആ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗോപകുമാർ നേടിയത് 33199 വോട്ട്
നേമത്തെ സംബന്ധിച്ചിടത്തോളം, 2011 മുതൽ മുൻ മന്ത്രി ശിവൻകുട്ടിയുടെ മണ്ഡലമാണെങ്കിലും 2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ പിടിച്ചെടുത്തിരുന്നു. എന്നാൽ 2021 ൽ ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. ഇവിടെ ഇത്തവണ രാജീവ് ചന്ദ്രശേഖർ ജയിച്ചത് 3572 വോട്ടിന്റെ ലീഡിന്റെ വോട്ടിനാണ്. 55183 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടി നേടിയത് 3949 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ആകെ നേടിയത് 55837 വോട്ട്. തൊട്ടുപുറകിലുണ്ടായിരുന്ന കുമ്മനം രാജശേഖരന് 51888 വോട്ട് ലഭിച്ചു. 2016 തിരഞ്ഞെടുപ്പിൽ 67813 വോട്ട് നേടിയ ബിജെപിയുടെ ഒ രാജഗോപാൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. പുറകിലായി 59142 വോട്ടോടെ വി ശിവൻകുട്ടിയുമുണ്ടായിരുന്നു.
ബിജെപിയുടെ വി മുരളീധരൻ വിജയിച്ച കഴക്കൂട്ടവും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു. 2016 മുതൽ കടകംപള്ളി സുരേന്ദ്രനായിരുന്നു എംഎൽഎ. വി മുരളീധരൻ ഇത്തവണ മണ്ഡലം പിടിച്ചെടുത്തത് 428 വോട്ടിന്റെ ലീഡിനാണ്. മുരളീധരൻ 46564 വോട്ടാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള കടകംപള്ളി സുരേന്ദ്രൻ നേടിയത് 46136 വോട്ടുകളാണ്.
2021 ലെ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രൻ നേടിയിരുന്നത് 23497 ലീഡായിരുന്നു. അന്ന് 63690 വോട്ടുകൾ അദ്ദേഹം ആകെ നേടിയിരുന്നു. ബിജെപിക്കുവേണ്ടി മത്സരിച്ച ശോഭാ സുരേന്ദ്രൻ 40193 വോട്ടുകളാണ് ലഭിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ 7347 വോട്ടുകളുടെ ലീഡിനായിരുന്നു കടകംപള്ളി സുരേന്ദ്രൻ ജയിച്ചത്. അന്ന് 50079 വോട്ടകളാണ് അദ്ദേഹം നേടിയത്. ബിജെപിയുടെ വി മുരളീധരൻ 42732 വോട്ടുകൾ നേടിയിരുന്നു.
English Summary: This was the election where the BJP secured three assembly seats in Kerala for the first time. B.B. Gopakumar in Chathannoor (Kollam district), BJP State President Rajeev Chandrasekhar in Nemom (Thiruvananthapuram), and V. Muraleedharan in Kazhakoottam opened the account for the NDA in Kerala. Notably, all three winning constituencies were traditional Left strongholds.