

കോതമംഗലം പൊലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ പൊലീസ് ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ഭീഷണി, അശ്ലീല പരാമർശം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ ഓഡിയോ സന്ദേശം പങ്കുവച്ചാണ് അർജുൻ ആയങ്കി പുതിയ ഭീഷണി മുഴക്കിയത്.
പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നല്ല ജീവിതം നയിക്കാൻ ശ്രമിച്ച തന്നെയും സുഹൃത്തുക്കളെയും ഒരു രാത്രികൊണ്ട് പൊലീസ് തകർത്തുവെന്നും ഇനി ഒന്നും പഴയപടിയാകില്ലെന്നും അർജുൻ കുറിച്ചു. കോതമംഗലം പൊലീസ് ഇൻസ്പെക്ടർക്കെതിരെ നേരത്തെ "പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല" എന്ന പരാമർശം പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനല്ലെന്നും ഇൻസ്പെക്ടറുടെ ജോലി നഷ്ടപ്പെടുത്തുമെന്ന അർഥത്തിലായിരുന്നെന്നും അർജുൻ ആയങ്കി വിശദീകരിച്ചു.
കോതമംഗലം പൊലീസ് ഉദ്യോഗസ്ഥനെ നിയമനടപടിയിലൂടെ ജയിലിലെത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും, കേസുകളൊന്നുമില്ലാതെ പുതിയ ജീവിതം ആരംഭിച്ച ആറുപേരെ ഒരു രാത്രികൊണ്ട് തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. താൻ പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലെന്നും, ഡാൻസ് കളിച്ചതാണ് കുറ്റമായി ചിത്രീകരിച്ചതെന്നും പോസ്റ്റിൽ പറയുന്നു. "ഇനി ഒരിക്കലും പഴയതുപോലെയാകില്ല. ആകെ മുങ്ങിയാൽ കുളിരില്ല. നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കേരള പൊലീസിനോട് ബഹുമാനമുണ്ട്. എന്നാൽ തന്നോട് അന്യായം ചെയ്ത വ്യക്തിയോടാണ് വൈരാഗ്യമുള്ളത്. പടച്ചോനെ മാത്രമേ പേടിയുള്ളൂ, മനുഷ്യരെ അല്ല," എന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
A fresh case has been registered against criminal case accused Arjun Ayanki for allegedly threatening and abusing the Oonnukal Police Inspector, who is investigating the case involving threats against the Kothamangalam Police Inspector.
Based on the inspector's complaint, police have booked Ayanki under charges including criminal intimidation and using obscene remarks. The latest threat was allegedly made through an audio message shared on Instagram.