

മന്ത്രി കെ ബി ഗണേഷ് കുമാറുമാറിനെതിരെ ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളിലെ സർക്കാർ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം ഗൗരവമേറിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും ആഗ്രഹിക്കുന്നത് കേവലം ഒത്തുതീർപ്പ് മാത്രമാണോ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ഇത്തരം വിഷയങ്ങളിൽ അംഗീകരിക്കാനാവാത്ത നടപടിയാണ് ഒത്തുതീര്‍പ്പെന്നും, ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെക്കുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ കാര്യമായി കുറച്ചു കാണാന്‍ സാധിക്കുന്ന വിഷയമല്ല ഗണേഷിനെതിരായ ആരോപണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഗാര്‍ഹിക പീഡനം, സ്ത്രീയെ ഉപദ്രവിക്കല്‍ അടക്കം നിരവധി ഗൗരവമേറിയ കാര്യങ്ങൾ ആരോപണത്തിൽ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒത്തുതീർപ്പാക്കാൻ കഴിയുന്ന പ്രശ്‌നമല്ലെന്നും കുറ്റം ചെയ്തിരിക്കുന്നത് കേരളത്തിലെ മന്ത്രിയല്ലേയെന്നും ചെന്നിത്തല ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ ധാര്‍മ്മികമായ നിലപാടും, നിയമനടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. വളരെ ഗൗരവത്തോടെ വേണം ഈ കാര്യത്തെ സമീപിക്കാൻ. സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ഇങ്ങനെ ചെയ്യുന്നത് തോന്നിവാസമാണെന്നും, ഇത്തരമൊരു വ്യക്തിയെയാണ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ എൽഡിഎഫ് മാന്യത കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇങ്ങനെയുള്ള മന്ത്രിമാരെ കേരളത്തിന് ആവശ്യമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
English Summary: The Congress party has strongly criticized the Kerala government over its handling of the complaint made by the wife of Transport Minister K. B. Ganesh Kumar.