ഇ ഡിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം തടയാന്‍ പോലീസ് നീക്കം, കുറ്റപത്രം ഉടന്‍

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ ആളുകള്‍ ഉടന്‍ തന്നെ അറസ്റ്റിലായേക്കും എന്നാണ് സൂചന
ഇ ഡിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം തടയാന്‍ പോലീസ് നീക്കം, കുറ്റപത്രം ഉടന്‍
Published on

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കുറ്റപത്രം എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ ആളുകള്‍ ഉടന്‍ തന്നെ അറസ്റ്റിലായേക്കും എന്നാണ് സൂചന. കേസില്‍ ഇതുവരെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ആദ്യം പിടികൂടിയ നിധിന്‍ രാജ്, മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹീന്‍ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരെ ചുമത്തിയ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

ഇ ഡിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം തടയാന്‍ പോലീസ് നീക്കം, കുറ്റപത്രം ഉടന്‍
കൈവിട്ടത് ഒരേയൊരു ഒബിസി മുഖ്യമന്ത്രിയെ, രാഹുലിന്റെ 'പിന്നാക്ക രാഷ്ട്രീയ' പ്രതിച്ഛായയ്ക്ക് തിരിച്ചടി; സിദ്ധരാമയ്യ പടിയിറങ്ങുമ്പോള്‍

സംഭവം നടക്കുമ്പോൾ ഇ ഡി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ പ്രധാനവാദം. ആക്രമിക്കപ്പെട്ട വാഹനം ഇ ഡിയുടെ ഔദ്യോഗിക വാഹനമല്ല. അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തുന്നത് വരെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ തന്നെയാണെന്നും അതിനാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കം നിലനിൽക്കുമെന്നും വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തുടർന്ന്, പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യഹർജി തള്ളിയത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതും ആക്രമണം നടന്നതും. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഎം പ്രവർത്തകർ എറിഞ്ഞു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

ഇ ഡിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം തടയാന്‍ പോലീസ് നീക്കം, കുറ്റപത്രം ഉടന്‍
കൊച്ചിയിൽ 'പാറ്റകൾ' ഒത്തുകൂടും? മറൈൻ ഡ്രൈവിൽ ഒത്തുചേരലിന് കോക്രോച്ച് പാർട്ടിയുടെ ആഹ്വാനം

English Summary: Police have intensified the investigation into the attack on Enforcement Directorate (ED) officials in Thiruvananthapuram and are preparing to submit the chargesheet at the earliest to prevent the accused from securing bail. More arrests are expected in the coming days, with 25 people already taken into custody.

Madism Digital
madismdigital.com