

കേരളത്തിൽ വീണ്ടുമൊരു നിപ ഭീതി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ക്ലീനിംഗ് തൊഴിലാളിയായ ഇദ്ദേഹം അടുത്തിടെ ഫറോക്കിലെ ഒരു ഗോഡൗൺ വൃത്തിയാക്കാൻ പോയിരുന്നെന്നും അവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് കരുതപ്പെടുന്നത്.
ഈ ഗോഡൗൺ ശുചീകരിച്ച ശേഷം വീട്ടിലെത്തിയ യുവാവിനു കടുത്ത പനി ഉണ്ടായിരുന്നു. രണ്ടു ദിവസം ഫറോക്ക് ഭാഗത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം ഓർമക്കുറവ് ഉൾപ്പെടെ മസ്തിഷ്കജ്വര സമാനമായ ലക്ഷണങ്ങൾ ഉണ്ടായി. പനി മൂർച്ഛിക്കുന്ന സ്ഥിതിയിലായതോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് നിപ പരിശോധന നടത്തി രോഗബാധ സ്ഥിരീകരിച്ചു.
കേരളത്തിലെ നിപയുടെ കഥ തുടങ്ങുന്നത് 2018 മേയ് മാസത്തിലാണ്. കോഴിക്കോട്ടെ ഒരു കുടുംബത്തിലെ ചിലർക്ക് പെട്ടെന്ന് കടുത്ത പനിയും തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആദ്യം സാധാരണ വൈറൽ പനിയെന്നാണ് കരുതിയത്. എന്നാൽ ദിവസങ്ങൾക്കകം രോഗികളുടെ നില ഗുരുതരമാകുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കും നിലവിൽ രോഗലക്ഷണമില്ല. മുൻകരുതലിന്റെ ഭാഗമായി വീട്ടിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റി. രോഗബാധിതന്റെ രണ്ടു മക്കളോടും സ്കൂളിൽ പോകേണ്ട എന്ന നിർദേശവും നൽകിയിട്ടുണ്ട്.
രോഗിയുടെ ആരോഗ്യസ്ഥിതിയും സമ്പർക്കപ്പട്ടികയും കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായി നിരോധിച്ചു. രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്നലെ വ്യക്തമാക്കിയത്. രോഗിയുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ ചികിത്സയിലുള്ള വ്യക്തി തന്നെയാണോ ആദ്യ രോഗബാധിതൻ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്.
രോഗലക്ഷണങ്ങളും ജാഗ്രതാനിർദേശവും
വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള മാരകമായ ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളിലൂടെയോ അവ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. കടുത്ത പനി, ശരീരവേദന, ശക്തമായ തലവേദന, കടുത്ത ക്ഷീണം, ചുമ, തൊണ്ടവേദന, ശ്വാസതടസം, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഛർദി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം, മസ്തിഷ്ക വീക്കം മൂലമുണ്ടാകുന്ന ബോധക്ഷയം എന്നിവ പ്രകടമാകും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം. രോഗികളുമായി അടുത്തിടപഴകുന്നവർ പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണം. മെയ്, ജൂൺ മാസങ്ങളിൽ റംബൂട്ടാൻ ഉൾപ്പെടെയുള്ള പഴങ്ങൾ ധാരാളമായി കണ്ടുവരുന്നതിനാൽ വവ്വാലിൻ്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിപയും കേരളവും
കേരളത്തിലെ നിപയുടെ കഥ തുടങ്ങുന്നത് 2018 മേയ് മാസത്തിലാണ്. കോഴിക്കോട്ടെ ഒരു കുടുംബത്തിലെ ചിലർക്ക് പെട്ടെന്ന് കടുത്ത പനിയും തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആദ്യം സാധാരണ വൈറൽ പനിയെന്നാണ് കരുതിയത്. എന്നാൽ ദിവസങ്ങൾക്കകം രോഗികളുടെ നില ഗുരുതരമാകുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
ഡോക്ടർമാർക്ക് ഇതിന്തോ അത്ര സാധാരണമായി തോന്നിയില്ല. പരിശോധനകൾക്കൊടുവിൽ കണ്ടെത്തിയത് ഇന്ത്യയിൽ മുമ്പ് വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിരുന്ന നിപ വൈറസ് ആയിരുന്നു. പഴംതിന്നി വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലെത്തിയത്. കോഴിക്കോട്ടും മലപ്പുറത്തുമായി 17 പേരുടെ ജീവൻ കവർന്ന ഈ സംഭവം കേരളത്തെ നടുക്കി. എന്നാൽ ആരോഗ്യപ്രവർത്തകരുടെ കഠിന പരിശ്രമവും സമ്പർക്കപ്പട്ടിക തയ്യാറാക്കി രോഗബാധിതരെ കണ്ടെത്തിയ നടപടികളും രോഗവ്യാപനം നിയന്ത്രിച്ചു.
ഒരു വർഷത്തിന് ശേഷം, 2019-ൽ എറണാകുളത്ത് ഒരു വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചു. 2018-ലെ അനുഭവം കൈമുതലായതിനാൽ ആരോഗ്യവകുപ്പ് അതിവേഗം ഇടപെട്ടു. രോഗം മറ്റാരിലേക്കും പടരാതെ തടയാൻ സാധിച്ചു.
2021-ൽ വീണ്ടും കോഴിക്കോട്ടുനിന്ന് നിപയുടെ വാർത്തയെത്തി. 12 വയസ്സുകാരൻ രോഗബാധിതനായി മരിച്ചു. 2018-ലെ ഓർമ്മകൾ വീണ്ടും ജനങ്ങളെ ഭയപ്പെടുത്തി. പക്ഷേ ഇത്തവണയും വ്യാപക നിരീക്ഷണവും പരിശോധനകളും കാരണം രോഗവ്യാപനം നിയന്ത്രണത്തിലായി.
2023-ൽ നിപ വീണ്ടും കേരളത്തിന്റെ വാതിലിൽ മുട്ടി. കോഴിക്കോട്ടുണ്ടായ രോഗബാധയിൽ രണ്ട് പേർ മരിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതും സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ആളുകളെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷിച്ചതോടെ വലിയൊരു ദുരന്തം ഒഴിവാക്കാനായി.
2024-ലും മലപ്പുറത്ത് ഒരു നിപ കേസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യസംവിധാനം ഇതിനോടകം നിപയെ നേരിടുന്നതിൽ വലിയ പരിചയം നേടിയിരുന്നു. അതിനാൽ രോഗം കൂടുതൽ ആളുകളിലേക്ക് പടരാതെ തടയാൻ സാധിച്ചു.
ഇങ്ങനെ നോക്കുമ്പോൾ, കേരളത്തിലെ നിപയുടെ ചരിത്രം ഒരു വൈറസിന്റെ കഥ മാത്രമല്ല; അപ്രതീക്ഷിതമായ ഒരു ഭീഷണിയെ നേരിട്ട ആരോഗ്യപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും സാധാരണ ജനങ്ങളുടെയും ജാഗ്രതയുടെ കഥ കൂടിയാണ്. 2018-ൽ ഭയത്തോടെയാണ് കേരളം നിപയെ പരിചയപ്പെട്ടത്. പിന്നീട് ഓരോ തവണയും അതേ ഭീഷണി തിരിച്ചെത്തിയെങ്കിലും, കൂടുതൽ തയ്യാറെടുപ്പോടെയും അനുഭവപരിചയത്തോടെയും അതിനെ നേരിടാൻ കേരളത്തിന് കഴിഞ്ഞു.
English Summary: Kerala's Nipah history is not just the story of a virus; it is also a story of the vigilance and resilience of healthcare workers, scientists, and ordinary people who faced an unexpected threat. Kerala first encountered Nipah with fear in 2018. But each time the virus returned, the state was better prepared and more experienced in confronting the challenge.