സംസ്ഥാനത്ത് സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പിലൂടെ 420 കോടി രൂപ നഷ്ടമായതായാണ് കണ്ടെത്തല്‍. തട്ടിപ്പുകള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ചൈനീസ് സംഘങ്ങളുടെ പങ്കുണ്ടെന്നും തട്ടിയെടുക്കുന്ന പണം ഹവാല ഇടപാടുകളിലൂടെയും ക്രിപ്റ്റോകറന്‍സി വഴിയും രാജ്യത്തിന് പുറത്തേക്ക് കടത്തുകയാണെന്നും സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി. പ്രകാശ് വെളിപ്പെടുത്തി.
'പരിവാഹന്‍' ലിങ്കുകളും ഡേറ്റാ ചോര്‍ച്ചയും
സമീപകാലത്ത് 'പരിവാഹന്‍' (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ വാഹന-ലൈസന്‍സ് സേവന പോര്‍ട്ടല്‍) വെബ്സൈറ്റുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകള്‍ അയച്ചാണ് വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നത്. പരിവാഹന്‍ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോരുന്നുണ്ടെന്ന സംശയവും പൊലീസ് പങ്കുവെക്കുന്നുണ്ട്. ഇത്തരം വ്യാജ മെസേജുകളിലൂടെ എത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് പലര്‍ക്കും പണം നഷ്ടമാകുന്നത്.
വിദ്യാര്‍ഥികളെ വലയിലാക്കി 'മ്യൂള്‍ അക്കൗണ്ടുകള്‍'
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി 'മ്യൂള്‍ അക്കൗണ്ടുകള്‍' വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പോക്കറ്റ് മണിക്കും ചെറിയ കമ്മീഷനും വേണ്ടി കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ വഴി പണം കൈമാറുന്നത് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് വലിയ വെല്ലുവിളിയാകുന്നു. കേരളത്തിലും ചൈനീസ് സംഘങ്ങള്‍ക്ക് സഹായം നല്കുന്ന കണ്ണികളുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആരും പങ്കാളികളാകരുതെന്നും ഐജി മുന്നറിയിപ്പ് നല്കി.
കേരളത്തിലെ ഞെട്ടിക്കുന്ന കണക്കുകള്‍
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സൈബര്‍ തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമാണ്. 2025-ല്‍ സംസ്ഥാനത്ത് 42,500 പേര്‍ക്ക് ആകെ നഷ്ടമായത് 814 കോടി രൂപയാണ്. ഇതില്‍ 413 കോടി രൂപയും നിക്ഷേപ, ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകളിലൂടെയാണ് നഷ്ടമായത്. 2024-ല്‍ 41,430 പേരില്‍ നിന്നായി 764 കോടി രൂപ തട്ടിയെടുത്തിരുന്നു. 2025 ജൂണ്‍ മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ 44,653 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 'വെര്‍ച്വല്‍ അറസ്റ്റ്' വഴി മാത്രം 44 കോടി രൂപ നഷ്ടമായി. രാജ്യത്ത് ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നഷ്ടമായ സംഭവവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കുകളും പൊലീസ് ഇടപെടലും
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ് (6,862 കേസുകള്‍, 182.51 കോടി നഷ്ടം). സാമ്പത്തിക നഷ്ടം ഏറ്റവും കൂടുതലുള്ളത് എറണാകുളം സിറ്റിയിലാണ് (3,409 കേസുകള്‍, 118.41 കോടി നഷ്ടം). കോഴിക്കോട് റൂറല്‍ മേഖലയില്‍ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 20.42 കോടി രൂപ കവര്‍ന്നു. ഇക്കാലയളവില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 2,714 പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ വയനാട് ജില്ലയിലും (1,114 എണ്ണം), ഏറ്റവും കുറവ് സാമ്പത്തിക നഷ്ടം ഇടുക്കി ജില്ലയിലുമാണ് (1,166 കേസുകള്‍, 11.07 കോടി നഷ്ടം). അതേസമയം, പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ സംസ്ഥാനത്ത് നഷ്ടമായ 801 കോടി രൂപയില്‍ 185.85 കോടി രൂപ മരവിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എറണാകുളം സിറ്റിയില്‍ മാത്രം 25.05 കോടി രൂപയാണ് ഇത്തരത്തില്‍ തിരിച്ചുപിടിച്ചത്.
ദേശീയ തലത്തിലെ ചിത്രം
2025-ല്‍ രാജ്യത്താകമാനം 20,000 കോടി രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 77 ശതമാനവും നിക്ഷേപ തട്ടിപ്പുകളിലൂടെയാണ് നഷ്ടമായത്. വെര്‍ച്വല്‍ അറസ്റ്റിലൂടെ മാത്രം 3,000 കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. ക്രിപ്റ്റോ കറന്‍സി വഴി ചൈനയിലേക്കാണ് ഭൂരിഭാഗം പണവും ഒഴുകുന്നത്. മഹാരാഷ്ട്ര (3,200 കോടി), കര്‍ണാടക (2,400 കോടി), തമിഴ്നാട് (1,900 കോടി), തെലങ്കാന (1,300 കോടി) എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പണം നഷ്ടമായ സംസ്ഥാനങ്ങള്‍.
വ്യാജ പരസ്യങ്ങളിലൂടെയാണ് ഭൂരിഭാഗം പേരും വഞ്ചിക്കപ്പെടുന്നത്. കേന്ദ്ര ധനമന്ത്രി, സെബി മേധാവി, പ്രമുഖ വ്യവസായികള്‍ എന്നിവരുടെ എഐ ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് കോടികള്‍ തട്ടുന്നത്. ഇതിനുപുറമെ ഡിജിറ്റല്‍ അറസ്റ്റ്, വ്യാജ ജോലി വാഗ്ദാനങ്ങള്‍, ഓണ്‍ലൈന്‍ ട്രേഡിങ്, ലോണ്‍ ആപ്പുകള്‍, സമ്മാന വാഗ്ദാനങ്ങള്‍ എന്നിവയും തട്ടിപ്പിനായി ഉപയോഗിക്കുന്നു.
ജാഗ്രത നിര്‍ദേശങ്ങള്‍
അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ, ഒടിപി, പിന് നമ്പറുകള്‍ എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കുകയോ ചെയ്യരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്കുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കണം. അല്ലാത്തപക്ഷം പണം പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
Cyber financial fraud is reaching alarming levels in Kerala, with residents losing an estimated ₹420 crore to online scams this year, according to official police figures. Cyber Operations IG P. Prakash revealed that international Chinese networks are allegedly involved in several scams, with stolen money transferred abroad through hawala channels and cryptocurrency. Fake links impersonating the Parivahan vehicle and driving licence services portal have emerged as a major method of fraud. Police also suspect possible data leaks associated with the portal. Victims often lose money after clicking fraudulent links received through messages.