

ബിജെപി ടിക്കറ്റിൽ കേരളത്തിൽ മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തന്നെ ക്ഷണിച്ചുവെന്ന, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ തുറന്നുപറച്ചിലിൽ വിവാദം കനക്കുന്നു. വെളിപ്പെടുത്തൽ ഏറ്റെടുത്ത പ്രതിപക്ഷം, ഗ്യാനേഷ് കുമാറിനെ ബിജെപി വോട്ടിനായി ഉപയോഗിക്കുകയാണെന്ന് വിമർശിച്ചു. ഗ്യാനേഷ് കുമാറിന് ഇനി നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്നായിരുന്നു കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ചോദ്യം.
ഇന്നലെയാണ് പ്രമുഖ മാധ്യമത്തിലൂടെ, ജിജി തോംസൺ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞെന്നുമാണ് ജിജി തോംസൺ പറയുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ എന്നത് കൊണ്ടു തന്നെ സംഭവം വലിയ രാഷ്ട്രീയ ശ്രദ്ധയും നേടി.
പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് മാച്ച് ഫിക്സിംഗ് നടത്താൻ മോദിയും അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കി എന്ന് രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ, സർവീസിലിരുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് ആരുടെ അധികാരത്തിലാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി ഓഫർ നൽകാൻ സാധിച്ചതെന്ന് കെ.പി.സി.സി ചോദ്യം ചെയ്തു. കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ച വാർത്ത റിപോസ്റ്റ് ചെയ്താണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്ന് സിപിഎം നേതാക്കളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആരോപിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്, ഗ്യാനേഷ് കുമാർ കേരളത്തിൽ പ്രവർത്തിച്ച കാലത്തെ പഴയ വിവാദങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണുണ്ടായത്.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള 'കോക്രോച്ച് ജനതാ പാർട്ടി' ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 2 മുതൽ മുംബൈ കേന്ദ്രീകരിച്ച് രാജ്യവ്യാപക പ്രതിഷേധ സമരം ആരംഭിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിലെ പേര് വെട്ടലുകളുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 'ഇലക്ഷൻ കമ്മീഷൻ ഠീക് കരോ' എന്ന ക്യാമ്പയിന് പാർട്ടി തുടക്കം കുറിച്ചിട്ടുണ്ട്. ശിവസേന (UBT) നേതാവ് ആദിത്യ താക്കറെ ഉൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണയുമറിയിച്ചു.
ഇതിനിടെ, വിവാദങ്ങൾക്ക് പിന്നാലെ, ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി യോഗം ചേർന്നിരുന്നു. ആരോപണങ്ങളിൽ ഗ്യാനേഷ് കുമാർ മറുപടി നൽകിയില്ലെങ്കിലും, വിയോജിപ്പുകൾ പരിഹരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി.
അതേസമയം ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന്റെസ്ഥിരം രീതിയായേ കാണാനാകൂ എന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ജനവിധി തിരിച്ചടിയാകുമ്പോഴൊക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും (EVM) തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും സ്ഥിരം രീതിയാണെന്ന് ബി.ജെ.പി വിമർശിക്കുന്നു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും വ്യാജ വോട്ടർമാരെ ഒഴിവാക്കാനുമുള്ള നടപടിയാണ് 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്നും അതിനെ രാഷ്ട്രീയവൽക്കരിച്ച് വോട്ടർമാരിൽ തെറ്റിദ്ധാരണ പരത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ബിജെപി വക്താവ് സമ്പത് പത്ര വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. എന്നാൽ ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകളിൽ കേരളത്തിലെ ബിജെപിയോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Controversy intensifies over former Chief Secretary G.G. Thomson’s revelation that Chief Election Commissioner Gyanesh Kumar had invited him to contest in Kerala on a BJP ticket. The Opposition seized on the revelation, alleging that Gyanesh Kumar is being used to garner votes for the BJP. Cockroach Party founder Abhijeet Dipke questioned whether Gyanesh Kumar can now conduct elections impartially.