

ഡൽഹി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ.സി വേണുഗോപാൽ. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ സന്തോഷപൂർവ്വം സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഡൽഹിയിൽ പറഞ്ഞു. വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് നാമനിർദ്ദേശം ചെയ്തതിനെ സർവാത്മനാ സ്വാഗതം ചെയ്യുകയാണെന്നും പാർട്ടിയും ജനവുമാണ് തനിക്ക് വലുതെന്നും മറ്റു ചർച്ചകൾക്ക് ഇനി സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സിയുടെ വാക്കുകൾ;
കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ വളരെ പ്രതീക്ഷയോടെയും വൻഭൂരിപക്ഷത്തോടെയുമാണ് അധികാരത്തിലെത്തിച്ചത്. 102 അംഗ ഭൂരിപക്ഷം സമകാലിക ചരിത്രത്തിലില്ലാത്തതാണ്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചു യുഡിഫ് സർക്കാർ ഉണ്ടാകുന്നു. ആ സർക്കാർ നയിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ച വി ഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പാർട്ടി ഹൈക്കമാൻഡ് തീരുമാനം എന്തായാലും ഞാൻ അതിനെ ശിരസ്സാൽ വഹിക്കുന്നു. അടിയുറച്ച കോൺഗ്രസുകാരനാണ് ഞാൻ. ത്രിവർണ്ണ പതാക പുതപ്പിച്ചു മരിക്കാനാണ് എന്റെ ആഗ്രഹം. ആയതുകൊണ്ട് തന്നെ ഇപ്പോളത്തെ കോൺഗ്രസ് സർക്കാരിന്റെ മുന്നോട്ടുള്ള കാര്യങ്ങൾക്കും എല്ലാ സഹായങ്ങളും പിന്തുണയും നൽകും.
പല സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നയാളാണ് ഞാൻ. കർണ്ണാടകയിലും ഹിമാചൽ ആയാലും തെലങ്കാനയിലും പ്രഖ്യാപനങ്ങൾ അവതരിപ്പിക്കാറുണ്ട്, എന്നാൽ കേരളമായതുകൊണ്ട് പ്രഖ്യാപനത്തിൽ നിന്നും എനിക്ക് മാറി നിൽക്കേണ്ടി വന്നു. പാർട്ടിക്ക് ഉപരിയായി ഒരു ഇമേജും ഞാൻ ഉണ്ടാക്കാറില്ല. പാർട്ടി പ്രവർത്തകർക്ക് വേദനിക്കുമ്പോൾ എനിക്കും വേദനിക്കും. പാർട്ടിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തകനാണ് ഞാൻ. സൈബർ ഇടങ്ങളിൽ എന്നെ അക്രമിക്കുന്നവർ അക്രമിക്കട്ടെ. ആക്രമിക്കുന്നത് ഞാൻ സഹിച്ചോളാം. ഇന്നലെ പൊട്ടിമുളച്ചയാളല്ല, ഇതൊക്കെ കണ്ട് തന്നെയാണ് ഇവിടെയെത്തിയത്. ജനവും പാർട്ടിയുമാണ് എനിക്ക് വലുത്. നേതൃത്വം എല്ലാ വശങ്ങളും ചിന്തിച്ചിട്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നെ പിന്തുണച്ചവരും പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കണം.
നേരത്തെ കെ.സി വേണുഗോപാലും വി.ഡി സതീശനും തമ്മിൽ മുഖ്യമന്ത്രി തീരുമാനത്തിൽ ചേരിപ്പോര് വാർത്താ പ്രധാന്യം നേടിയിരുന്നു. സൈബറിടത്തിലെ പ്രചരണങ്ങളും ഫ്ളക്സ് ബോർഡ് യുദ്ധവും ഇരുവർക്കും വേണ്ടി സജീവമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇത്തരം പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് കെ.സി വേണുഗോപാൽ. അതേസമയം കെ.സി പക്ഷത്തെ പ്രമുഖ നേതാവായ പഴകുളം മധു കെ.സി വേണുഗോപാൽ പരസ്യമായി അപമാനിക്കപ്പെട്ടുവെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ വിഷയത്തിൽ ശക്തമായ നിലപാട് കെ.സി പക്ഷം സ്വീകരിക്കുമെന്ന സൂചന നൽകുന്നതാണ് പഴകുളം മധുവിന്റെ പ്രസ്താവന.
English Summary: AICC General Secretary K.C. Venugopal has fully backed the Congress high command’s decision to appoint V.D. Satheesan as Kerala’s Chief Minister. Stressing party discipline over personal ambition, Venugopal said he wholeheartedly accepts the leadership’s choice and promised complete support to the new UDF government