‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി

ഇന്നത്തെ വർധനവോടെ ഇന്ത്യയിൽ ആശ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം!
‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ  പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി
Published on

പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉണ്ടാക്കിയ ആശ സമരം. കേരളം ഒന്നടങ്കം പിന്തുണ നല്‍കിയ ആ ജനകീയ സമരത്തിന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ നല്‍കിയ വാഗ്ദാനം അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പരിഗണന നല്‍കിയിരിക്കുന്നു. ആശമാരുടെ ഓണറേറിയത്തില്‍ 3000 രൂപയുടെ വര്‍ധനയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ നടപടി ആശ വര്‍ക്കര്‍മാരുടെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ (KAHWA) സംസ്ഥാന വൈസ് പ്രസിഡന്റായ എസ്. മിനി മാഡിസം ഡിജിറ്റലിനോട് പ്രതികരിച്ചു. 266 ദിവസങ്ങള്‍ നീണ്ടുനിന്ന ജനകീയ സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പോലെ ആദ്യ ക്യാബിനറ്റില്‍ തന്നെ പരിഗണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എസ് മിനി പറയുന്നു.

ഈ വർധന സ്ത്രീകൾ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ വിജയം

ഓണറേറിയം വർധിപ്പിച്ച തീരുമാനത്തെ ഞങ്ങൾ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. അടിസ്ഥാന വേതനം 21,000 രൂപയാക്കണമെന്ന ആവശ്യമാണ് ഞങ്ങൾ ഉയർത്തിയിരുന്നത്. മുൻ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഫലമായി ആദ്യം 1000 രൂപ വർധന ലഭിച്ചു. തുടർന്ന് മാർച്ചിലെ ബജറ്റിൽ വീണ്ടും 1000 രൂപ കൂടി വർധിപ്പിച്ചു. അതോടെ 7000 രൂപയായിരുന്ന വേതനം 9000 രൂപയായി ഉയർന്നു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച 3000 രൂപ വർധനയോടെ വേതനം 12,000 രൂപയായി. സമരത്തിന് മുമ്പുണ്ടായിരുന്ന 7000 രൂപയിൽ നിന്ന് 12,000 രൂപയിലേക്കുള്ള ഈ വർധന സ്ത്രീകൾ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ വിജയമാണ്.

മുൻ സർക്കാരുമായുള്ള ചർച്ചകളിൽ നേരിട്ട വെല്ലുവിളികൾ

കഴിഞ്ഞ സർക്കാർ ഗത്യന്തരമില്ലാതെയാണ് ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥരുമായും അന്നത്തെ ആരോഗ്യമന്ത്രി വീണ ജോർജുമായും ചർച്ചകൾ നടന്നു. എന്നാൽ എൻഎച്ച്എം ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾ വെറും പ്രഹസനമായിരുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. വേതനം വർധിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അന്ന് ആരോഗ്യമന്ത്രി ഖജനാവിൽ പണമില്ലെന്നും വേതനം കൂട്ടാൻ കഴിയില്ലെന്നും വ്യക്തമാക്കി. സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ  പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി
ആശമാര്‍ക്ക് 3000, ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ജനപ്രിയം ആദ്യ ദിനം

അതേസമയം, ഞങ്ങൾ സമരത്തിലിരിക്കെ തന്നെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും പി.എസ്.സി ഉദ്യോഗസ്ഥരുടെയും ശമ്പളം വർധിപ്പിച്ചു. അതിന് യാതൊരു പഠന സമിതിയുടെയും റിപ്പോർട്ടും കാത്തിരുന്നില്ല. പക്ഷേ ആശാ വർക്കർമാരുടെ വേതന പരിഷ്കരണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മറ്റു ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അഞ്ച് മാസം എടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ അതിൽ വേതന വർധനയോ കാര്യമായ ശുപാർശകളോ ഉണ്ടായിരുന്നില്ല. മന്ത്രിയുടെ പി.എ തയ്യാറാക്കുന്ന തരത്തിലുള്ള കുറിപ്പാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പേരിൽ പുറത്തുവന്നതെന്ന് തോന്നിപ്പോയി.

‘സമരം ചെയ്ത് ഒന്നും നേടാനാകില്ല’ എന്ന നിലപാടാണ് മുഖ്യമന്ത്രി പോലും എടുത്തത്. എന്നാൽ കേരളത്തിന്റെ പൊതുസമൂഹം നൽകിയ വലിയ പിന്തുണയിലൂടെയാണ് ഞങ്ങൾ ഈ നേട്ടം സ്വന്തമാക്കിയത്.

വേതന വർധനവിൽ കേന്ദ്ര ഇടപെടൽ

ഇതിൽ കേന്ദ്ര സർക്കാരിന് നേരിട്ടുള്ള ഉത്തരവാദിത്തമില്ല. ആശാ വർക്കർമാർക്ക് ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ഇൻസെന്റീവ് നൽകേണ്ടത് കേന്ദ്ര സർക്കാരും. നിലവിലുള്ള സംവിധാനമത് തന്നെയാണ്. 2021ൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആശാ വർക്കർമാരുടെ ഓണറേറിയം 700 രൂപയിൽ നിന്നും വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകേണ്ടി വന്നത്. അന്ന് സർക്കാർ പ്രതികരിച്ചത് ‘കേന്ദ്രത്തോട് ചോദിക്കൂ’ എന്നായിരുന്നു. അത് ശരിയായ സമീപനമായിരുന്നില്ല. ആ നിലപാടിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിൽ സർക്കാർ നേരിട്ട തിരിച്ചടി.

‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ  പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി
തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക'; വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം

സമരത്തെ സർക്കാർ അടിമുടി തെറ്റായി ചിത്രീകരിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായി. എന്നാൽ ഞങ്ങൾ ഉന്നയിച്ചത് അടിസ്ഥാന അവകാശങ്ങളായിരുന്നു. ഇൻസെന്റീവ് വർധനയും ആശാ വർക്കർമാർക്ക് ഔദ്യോഗിക തൊഴിലാളി പദവി നൽകുന്നതും കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള കാര്യങ്ങളാണ്. അതിനായി ഞങ്ങൾ തുടർച്ചയായി ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. 2018ലെ സമരത്തിന്റെ ഫലമായാണ് ഇന്ന് ലഭിക്കുന്ന 2000 രൂപ ഇൻസെന്റീവ് ലഭിച്ചത്. ഇപ്പോഴും ‘വോളണ്ടിയർ’ എന്ന നിലയിൽ തുടരാതെ തൊഴിലാളികളായി അംഗീകരിക്കപ്പെടണം. വലിയ ഉത്തരവാദിത്തങ്ങളാണ് ഞങ്ങൾ നിർവഹിക്കുന്നത്. അതിനനുസരിച്ചുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണം.

എന്നാൽ കേന്ദ്ര സർക്കാർ ഈ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണ്. ഇത് ഒരു സംഘടനയുടെ മാത്രം പോരാട്ടമല്ല. എല്ലാ സംസ്ഥാന സർക്കാരുകളും ട്രേഡ് യൂണിയനുകളും ഒന്നിച്ചുയർത്തേണ്ട ആവശ്യമാണ്. എന്നാൽ കേരളത്തിലെ ആശാ വർക്കർമാരെ സ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. മുൻ സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ പോലും ‘കേന്ദ്രത്തോട് ചോദിക്കൂ’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഇതുവരെ കണ്ടത്.

‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ  പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി
'നെപ്പോക്കിഡുകളുടെ വി ഡി സര്‍ക്കാര്‍'; മരുമോനിസം കടത്തിവെട്ടിയെന്ന് സോഷ്യല്‍ മീഡിയ

9000 രൂപ കൂടി വർധിപ്പിച്ചാൽ ഞങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന വേതന നിലവാരത്തിലെത്തും

ഞങ്ങൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യം അടിസ്ഥാന വേതനം ഉറപ്പാക്കണമെന്നതായിരുന്നു. സമൂഹത്തിൽ അതീവ സുപ്രധാനമായ സേവനമാണ് ആശ പ്രവർത്തകർ നിർവഹിക്കുന്നത്. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വേതനവർധന സ്വാഗതാർഹമാണ്. ഇനി 9000 രൂപ കൂടി വർധിപ്പിച്ചാൽ ഞങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന വേതന നിലവാരത്തിലെത്താനാകും. ഈ വർധന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ സർക്കാർ ഈ തീരുമാനം എടുത്തത് സ്വാഗതം ചെയ്യുന്നതാണ്.

കൂടാതെ, വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച വിഷയവും സർക്കാർ അടുത്ത മാസം പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം സേവന രംഗത്ത് നേരിടുന്ന മറ്റ് ബുദ്ധിമുട്ടുകളും ഇനി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സേവന മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ അടിസ്ഥാനപരമായി ജീവിക്കാൻ ആവശ്യമായ വേതനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് സർക്കാർ സ്വമേധയാ ഉറപ്പാക്കേണ്ട കാര്യമായിരുന്നു; സമരം ചെയ്ത് നേടേണ്ട സാഹചര്യമാകരുതായിരുന്നു.

മൂന്ന് വർഷമായി 10,000 രൂപ ഓണറേറിയമായി നൽകുന്ന സംസ്ഥാനങ്ങളുണ്ട്

അത് വസ്തുതാപരമായ ശരിയായ പ്രസ്താവനയല്ല. മഹാരാഷ്ട്രയും സിക്കിമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷമായി ആശ പ്രവർത്തകർക്ക് 10,000 രൂപ ഓണറേറിയമായി നൽകുന്നുണ്ട്. സർക്കാർ തന്നെ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ വർധനയോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറും.

English Summary: Kerala ASHA workers have welcomed the state government’s decision to increase their honorarium by Rs 3,000 during the very first cabinet meeting of the new administration. Kerala ASHA Health Workers Association (KAHWA) state vice president S. Mini said the hike was the result of a 266-day-long public protest demanding fair wages, retirement benefits, and worker recognition. She criticised the previous government for avoiding responsibility and asking workers to “question the Centre” even on matters the state could implement directly. Mini also clarified that states like Maharashtra and Sikkim had already been paying Rs 10,000 honorarium for years, but with the latest hike, Kerala has now become the state offering the highest honorarium for ASHA workers in India.

Madism Digital
madismdigital.com