അമേരിക്കയുടെ യുദ്ധക്കൊതി ലോക സമാധാനത്തെ തകർക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

കയ്യൂക്കുള്ളവർ കാര്യക്കാരാവുന്ന വന്യമൃഗ നീതിയാണ് ലോകത്ത് നടപ്പിലാക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു
അമേരിക്കയുടെ യുദ്ധക്കൊതി ലോക സമാധാനത്തെ തകർക്കും; മുഖ്യമന്ത്രി പിണറായി വിജയൻ
Published on

പാലക്കാട്: അമേരിക്ക-ഇസ്രായേൽ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു പ്രകോപനവുമില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്കു യോജിക്കുന്നതല്ലെന്നും കയ്യൂക്കുള്ളവർ കാര്യക്കാരാവുന്ന വന്യമൃഗ നീതിയാണ് ലോകത്ത് നടപ്പിലാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇറാന്റെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനുള്ള അമേരിക്കയുടെ ദുരാ​ഗ്രഹമാണ് ഒരു രാജ്യത്തിന്‍റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു

നിലവിലെ സാഹചര്യങ്ങൾ പശ്ചിമേഷ്യയിലെ പ്രവാസികളെയെല്ലാം വലിയ ആശങ്കയിലാണ് എത്തിച്ചിരിക്കുന്നത്. തീ തിന്നാണ് ഓരോ നിമിഷവും അവർ കഴിയുന്നത്. ചരിത്ര പ്രാധാന്യമുള്ള ഇറാനെ തകർക്കാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ കാരണമാകും. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി ഒരു ജനതയെ മുഴുവൻ ദുരിതത്തിലാക്കുന്ന നിലപാടാണ് അമേരിക്കയുടേത്. നയതന്ത്ര മര്യാദകളെ മുഴുവൻ ലംഘിച്ച് നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങൾ ജനാധിപത്യ ലോകത്തിന് അപമാനമാണ്, മുഖ്യമന്ത്രി പറഞ്ഞ‍ു.

ലോകത്ത് നടക്കുന്ന അധിനിവേശങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന അമേരിക്കയാണെന്നും, അമേരിക്കയുടെ യുദ്ധക്കൊതി ലോകസമാധാനം തകർക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനവികതയ്ക്ക് നിരക്കാത്ത ഇത്തരം നീക്കങ്ങൾക്ക് എതിരെ ലോകം ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എ കെ ബാലന്റെ 'പക്ഷം മറുപക്ഷം' എന്ന പുസ്തക പ്രകാശനവും നിർവഹിച്ച് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

English Summary: Kerala Chief Minister Pinarayi Vijayan strongly criticized the US-Israel alliance amid escalating tensions in West Asia, accusing the United States of imperialist aggression and undermining global peace. He warned that such actions could destabilize the region and severely impact expatriates, calling for global unity against war.

Related Stories

No stories found.
Madism Digital
madismdigital.com