

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധി. പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും അറിയില്ല” എന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു വിമർശനം. കേന്ദ്ര ഏജൻസികൾ തനിക്കെതിരെ കേസെടുത്ത് ചോദ്യംചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടി ഉണ്ടായില്ലെന്നത് ‘അഡ്‌ജസ്റ്റ്മെന്റ്’ ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരണം.
അഖിലേന്ത്യാ നേതാവായിട്ടും അടിസ്ഥാന കാര്യങ്ങൾ പോലും മനസ്സിലാക്കാത്ത സമീപനമാണ് രാഹുൽ ഗാന്ധിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഇത് ഒരു രാഷ്ട്രീയ നേതാവിന് ചേരുന്ന ഗുണമല്ല. കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ‘ബി ടീം’ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി രാഷ്ട്രീയ സാഹചര്യവും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കോൺഗ്രസ് ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് നടന്നുവെങ്കിലും പിന്നീട് കോടതി കുറ്റവിമുക്തനാക്കിയതായി അദ്ദേഹം പറഞ്ഞു. “ആ അനുഭവത്തിൽ നിന്നെങ്കിലും പാഠം പഠിച്ചോ?” എന്ന് ചോദിച്ച മുഖ്യമന്ത്രി ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിക്ക് സഹായകരമായിരുന്നുവെന്നും ആരോപിച്ചു.
ജി. സുധാകരനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. പുതിയ ക്യാമ്പിന്റെ ഭാഗമായുള്ള വാദങ്ങളാണ് അദ്ദേഹം ഉയർത്തുന്നതെന്നും, മുൻകാല നിലപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക രേഖയിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ വരുന്നത് ഗുരുതരമായ പിശകാണെന്നും, അത് കൈപ്പിഴയായി മാത്രം കാണാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ബിജെപി സീൽ വന്നതുമായി ബന്ധപ്പെട്ട വിവാദത്തെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഉദ്യോഗസ്ഥർ പരിശോധിക്കേണ്ട കാര്യത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചതിനെതിരെ വിമർശനം സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിൽ ഇതിനെ വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയച്ച നടപടിയെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. വിമർശനങ്ങളെ അടിച്ചമർത്താനുള്ള സമീപനമാണ് ഇതെന്നും, ജനാധിപത്യ സംവിധാനത്തിൽ അത്തരമൊരു നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം തന്നെയാണോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് വ്യക്തമാക്കാൻ താൻ അധികാരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാൻ പോലീസിനെ നിയന്ത്രിക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്” എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, യു. പ്രതിഭയ്‌ക്കെതിരായ വ്യക്തിഹത്യാപരമായ വിമർശനങ്ങളെയും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. വ്യക്തികളുടെ അന്തസ്സ് പാലിച്ചുകൊണ്ടുള്ള വിമർശനങ്ങളായിരിക്കണം രാഷ്ട്രീയത്തിൽ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പൊതുരംഗത്തുള്ള സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും, ഇത്തരം പ്രവണതകൾ സമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary: Kerala Chief Minister strongly criticized Rahul Gandhi, calling him politically immature, while responding to allegations of a CPM-BJP nexus. The remarks also touched on Delhi politics, Election Commission controversies, and concerns over democratic rights.