ചലച്ചിത്രസംവിധായകൻ രഞ്ജിത്തിനെതിരായ യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ [ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം എസ്ഐടിയെ ഏൽപ്പിച്ചത്. പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചതായാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം.
സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെത്തുടർന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരിന്നു.
ജനുവരി 30 നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. മാർച്ച് 28-നാണ് യുവതിയുടെ പരാതി ലഭിച്ചതും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതും. തുടർന്ന് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റം ചെയ്തതായി ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്ന രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
സിനിമയുടെ ഷൂട്ടിംഗിനിടെ കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടി നൽകിയ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവെക്കൽ, അശ്ലീല പ്രദർശനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിഷയത്തിന്റെ പൂർണമായ വിവരങ്ങൾ തനിക്ക് ഇപ്പോൾ ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതിയെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളില്ല, മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമാണുള്ളത്. നടപടികളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികൾ ഇല്ലാത്ത സാഹചര്യത്തിൽ നടപടിക്രമങ്ങൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് വിശ്വസിക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ ലൈംഗികാരോപണമാണിത്. 2024-ൽ ഒരു ബംഗാളി നടി ഉന്നയിച്ച പീഡന പരാതിയെത്തുടർന്ന് അദ്ദേഹത്തിന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. രാഷ്ട്രീയ മേഖലയ്ക്കു പുറമെ സിനിമാ ലോകത്തുനിന്നും അന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും രഞ്ജിത്ത് ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
സംഭവത്തിൽ അതിജീവിതയ്ക്ക് നന്ദി പറഞ്ഞ് ആദ്യം പരാതി ഉന്നയിച്ച ബംഗാളി നടി പ്രതികരിച്ചു. 'കർമ്മ ആരേയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, നല്ല മനുഷ്യനല്ല. തനിക്ക് പ്രതികരിക്കാൻ 15 വർഷം വേണ്ടിവന്നു. അന്ന് സമൂഹ മാധ്യമങ്ങൾ ഇത്രത്തോളം. പരാതിപ്പെടാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകൾ ആദരം അർഹിക്കുന്നുണ്ട്' ബംഗാളി നടി പ്രതികരിച്ചു.
English Summary: Ranjith Balakrishnan has been remanded for 14 days in a sexual assault case filed by a young actress, with a Special Investigation Team (SIT) appointed to probe the matter.